അല്ലു അർജുനും ഫഹദ് ഫാസിലും നിറഞ്ഞാടുന്ന ‘പുഷ്പ’ പ്രേക്ഷക ഹൃദയം കവർന്ന് കുതിക്കുന്നു
പാട്ടിന് പാട്ട്, അടിക്ക് അടി, സങ്കടത്തിന് സങ്കടം തുടങ്ങി എല്ലാ മസാലക്കൂട്ടുകളും യഥോചിതം സംയോജിപ്പിച്ചിരിക്കുന്ന ചിത്രമാണ് പുഷ്പ. നായകനായ അല്ലു അർജുൻ മുതൽ വില്ലനായെത്തിയ ഫഹദ് ഫാസിൽ വരെ സവിശേഷമായ രൂപ- ഭാവങ്ങളോടെയാണ് സ്ക്രീനിലെത്തുന്നത്
ആടും പുലിയും എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. മുന്നിൽ കുതിച്ചോടുന്ന ആട്, പിന്നാലെ വാശിയോടെ സർവശക്തിയും സംഭരിച്ച് അതിനെ പിടിക്കാൻ ശ്രമിക്കുന്ന പുലി.
കീഴടക്കാൻ പുലിയും രക്ഷപെടാൻ ഇരയും ശ്രമിക്കും.
കാലങ്ങളായി ഈയൊരു മത്സരം നടന്നുകൊണ്ടിരിക്കുന്നു. ഇപ്പറഞ്ഞ പോലൊരു ആടും പുലിയും കളിയാണ് ‘പുഷ്പ’ എന്ന ചിത്രത്തിലൂടെ സംവിധായകൻ സുകുമാർ പറയുന്നത്. ഇവിടെ ആട് പുഷ്പരാജും പുലി പോലീസുമാണ്.
ശേഷാചലം കാട്ടിലെ രക്തചന്ദനക്കൊള്ളയാണ് പുഷ്പ-ദ റൈസിന്റെ അടിസ്ഥാനം. കാലങ്ങളായി സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളതും ഇപ്പോഴും തുടരുന്നതുമായ അതേ കഥ തന്നെയാണ് ‘പുഷ്പ’യിലും. കുട്ടിക്കാലത്ത് മനസിനേറ്റ മുറിവിലെ നീറ്റൽ നിലനിർത്തിക്കൊണ്ടുതന്നെ വാഴ്ത്തേണ്ടവരെ വാഴ്ത്തിയും വീഴ്ത്തേണ്ടവരെ വീഴ്ത്തിയും വിജയം നേടുന്ന പരമ്പരാഗത മാസ് തെലുങ്ക് ഹീറോയാണ് പുഷ്പരാജ്. പേരുപോലെ തന്നെ ‘പുഷ്പ’ എന്ന പുഷ്പരാജാണ് മൂന്ന് മണിക്കൂർ സിനിമയിൽ ഉടനീളം. പുഷ്പയുടെ സാന്നിധ്യമില്ലാത്ത രംഗങ്ങൾ വളരെക്കുറവാണ് എന്നുതന്നെ പറയാം.
വൃത്തിയില്ലാത്ത വസ്ത്രം ധരിക്കുന്ന, അതേസമയം ലക്ഷ്യപ്രാപ്തിക്കുവേണ്ടി എന്തും ചെയ്യാനുള്ള ധൈര്യവുമുള്ള കൂർമബുദ്ധിക്കാരനാണ് പുഷ്പരാജ്. ഈ കൂർമബുദ്ധി ഉപയോഗിച്ചാണ് പുഷ്പരാജ് ജീവിതത്തിൽ വളർച്ചയും വിജയവും നേടുന്നത്. കള്ളനേയും കൊള്ളക്കാരനേയും നായകവേഷത്തിൽ അവതരിപ്പിച്ചാൽ വിജയിക്കാം എന്ന ആ പഴയ ഫോർമുല തന്നെയാണ് സുകുമാർ ഇവിടേയും സ്വീകരിച്ചിരിക്കുന്നത്. പാട്ടിന് പാട്ട്, അടിക്ക് അടി, സങ്കടത്തിന് സങ്കടം തുടങ്ങി എല്ലാ മുഹൂർത്തങ്ങളും യഥാസ്ഥാനത്ത് തന്നെ സംയോജിപ്പിച്ചിരിക്കുന്നു. ചന്ദനക്കടത്താണ് പുഷ്പയുടെ തൊഴിലെങ്കിലും കള്ളക്കടത്ത് രംഗങ്ങൾക്ക് ആക്ഷൻ രംഗങ്ങളുടെ പരിവേഷം മാത്രം നൽകുകയും ബുദ്ധിയുപയോഗിച്ച് പുഷ്പ എങ്ങനെ വളരുന്നു എന്നുമാണ് സംവിധായകൻ സുകുമാർ കാണിക്കുന്നത്.
അഭിനേതാക്കൾക്കെല്ലാം അവർ ഇതുവരെ അവതരിപ്പിക്കാത്ത രൂപവും ഭാവവും നൽകിയിട്ടുണ്ട് സംവിധായകൻ. നായകനായ അല്ലു അർജുനിൽ മുതൽ വില്ലനായെത്തിയ ഫഹദ് ഫാസിലിൽ വരെ അത് കാണാം. ആക്ഷൻ രംഗങ്ങളിലും നൃത്തരംഗങ്ങളിലും മുൻ ചിത്രങ്ങളേ പോലെ തന്നെ ഊർജസ്വലനാണ് അല്ലു അർജുൻ. ഡയലോഗ് ഡെലിവറിയിലും വ്യത്യസ്തതയുണ്ട്. പുഷ്പയുടെ സഹായിയായെത്തിയ ജഗദീഷ്, മംഗലം ശ്രീനുവായെത്തിയ സുനിൽ എന്നിവരുടെ പ്രകടനം പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു. സ്ഥിരം കോമഡി വേഷങ്ങളിലും ഏതാനും ചില മസാല ചിത്രങ്ങളിലും നായകനായെത്തിയ സുനിലിന്റെ വേറിട്ട മുഖമാണ് പുഷ്പയിൽ.
അവസാന ഭാഗത്തെത്തിയ ഫഹദ് ഫാസിൽ ഉള്ള സമയം കൊണ്ട് കയ്യടി വാങ്ങുന്നുണ്ട്. രണ്ടാം ഭാഗത്തിലാണ് ബൻവാർ സിംഗ് ശെഖാവത്തിന്റെ യഥാർത്ഥ കളികൾ കാണാൻ പോകുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. നായകനൊപ്പം നിരവധി രംഗങ്ങളിലുണ്ട് എന്നതല്ലാതെ രശ്മികയുടെ ശ്രീവള്ളിക്ക് കഥാപുരോഗതിയിൽ കാര്യമായ സ്ഥാനമില്ല. അല്പം സാവധാനമാണ് രണ്ടാം പകുതി നീങ്ങുന്നത്.
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല എന്ന കെ.ജി.എഫിലെ ഡയലോഗിൽ നിന്നും സുകുമാർ പ്രചോദിതനായിട്ടുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്ന സീനുകൾ ചിത്രത്തിൽ അങ്ങിങ്ങായി കാണാം.
പക്ഷേ വലിയ പുതുമ ഉണ്ടാക്കാൻ ഇതു കൊണ്ടൊന്നും സാധിക്കുന്നില്ല എന്ന് പറയാതെ വയ്യ. എതിരാളികൾ ഒരാൾ പോലുമില്ലാതെ സർവവിജയം പ്രാപിച്ച് നിൽക്കുന്ന പുഷ്പയെ ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് വിറപ്പിക്കുന്നുണ്ട് ശെഖാവത്ത്. അങ്ങനെയൊരാൾ പക്ഷേ പുഷ്പ ഒറ്റയ്ക്ക് എതിരെ വരുമ്പോൾ പതറുന്നതെന്തിനെന്ന ചോദ്യവും ചിത്രം കഴിയുമ്പോൾ ഉയർന്നുവന്നേക്കാം.
‘സാമി സാമി’ എന്ന ഗാനവും സാമന്ത അതിഥി വേഷത്തിലെത്തിയ ഗാനവും കാണാൻ രസമുണ്ട്. വേറിട്ട രൂപഭാവത്തിലുള്ള അല്ലു അർജുൻ്റെ മാസ് പ്രകടനമാണ് ‘പുഷ്പ’യുടെ ഹൈലൈറ്റ്.