NEWS

വാഴപ്പഴത്തിൻ്റെ രുചി നുകരാൻ, വൈവിധ്യമാർന്ന 100 കണക്കിനു വാഴകൾ അടുത്തറിയാൻ നിശാന്തിന്റെ കൃഷിയിടത്തിലേയ്ക്കു വരൂ

മാനന്തവാടി എംപ്ലോയ്‌മെന്റ് ഓഫീസിലെ ഉദ്യോഗസ്ഥനായ നിശാന്തിന് വാഴക്കൃഷിയിലുള്ള ഭ്രമം നാട്ടിലും കൂട്ടുകാർക്കിടയിലും പാട്ടാണ്. 188 ഇനം വാഴകള്‍ ഇദ്ദേഹത്തിൻ്റെ കൃഷിത്തോട്ടത്തിലുണ്ട്. സഞ്ചാരികളുടെ പറുദീസയായ വയനാട്ടിലെത്തുന്ന മറുദേശക്കാർക്ക് കൗതുകകരമായ ചില കാഴ്ചകളും

ല്‍പറ്റ: കൃഷിയാണ് വയനാടിൻ്റെ മുഖമുദ്ര. വൈവിദ്ധ്യമാർന്ന കൃഷിയിലൂടെ വരുമാനമുണ്ടാക്കുന്ന പതിനായിരങ്ങൾ ഇന്നും വയനാട്ടിൽ ജീവിക്കുന്നു. മലയാളി കൃഷിയോടു വിടപറഞ്ഞ് മറ്റ് തൊഴിൽ മേഖലകളിലേയ്ക്കു ചേക്കേറിയപ്പോഴും ഈ നാട് കൃഷിയെ ഉപേക്ഷിച്ചില്ല.
വാഴക്കൃഷിയില്‍ വിസ്മയം തീര്‍ത്ത മാനന്തവാടി കൃഷ്ണ നിവാസില്‍ എം.കെ.നിശാന്തും കൃഷിയെ നെഞ്ചേറ്റിയ ഒരാളാണ്.
സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ തിരക്കുകള്‍ക്കിടയിലും നിശാന്ത് നട്ടുപരിപാലിക്കുന്നത് 188 ഇനം വാഴകള്‍. പെരുവകയില്‍ വീടിനോടു ചേര്‍ന്നുള്ള 25 സെന്റിലും തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോത്ത്, വയലും കരയുമടക്കം സ്വന്തമായുള്ള നാലേക്കര്‍ ഭൂമിയില്‍ ഒന്നര ഏക്കറിലുമാണ് ഇദ്ദേഹത്തിന്റെ വാഴക്കൃഷി.
നേന്ത്രനും പൂവനും ഞാലിപ്പൂവനുമൊക്കെ കൃഷി ചെയ്യുന്നത് വാണിജ്യ താല്പര്യത്തോടെയാണ്. പക്ഷേ മറ്റിനങ്ങള്‍ കൃഷി ചെയ്യാന്‍ പ്രേരണയായത് ബാല്യത്തില്‍ എങ്ങനെയോ വന്നുചേര്‍ന്ന താത്പര്യം മൂലമാണ്. മാത്രമല്ല, അതിൽ ലാഭേച്ഛയില്ല താനും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കൂട്ടുകാരും പരിചയക്കാരും മുഖേനയും സമൂഹമാധ്യമ സൗകര്യം പ്രയോജനപ്പെടുത്തിയും ശേഖരിച്ചതാണ് വാഴ ഇനങ്ങളില്‍ അധികവും.
വാഴ ശേഖരത്തിലെ ബുധിക ബോന്ത, കസൂരി ബോന്ത, ചിന്ന കര്‍പ്പൂരം, ചക്കരക്കെട്ടി എന്നീ ഇനങ്ങള്‍ ആന്ധ്രപ്രദേശില്‍നിന്നും എത്തിച്ചതാണ്.
കൃഷി ചെയ്യുന്ന വാഴ ഇനങ്ങളുടെ എണ്ണം അടുത്ത വര്‍ഷാരംഭത്തോടെ 200 ആയി ഉയര്‍ത്താനുള്ള പ്രയത്‌നത്തിലാണ് നിശാന്ത്.
മാനന്തവാടി എംപ്ലോയ്‌മെന്റ് ഓഫീസിലെ ഉദ്യോഗസ്ഥനാണ് 47കാരനായ നിശാന്ത്. കോറോം മാധവീമന്ദിരത്തില്‍ പരേതനായ ബാലകൃഷ്ണന്‍-ദേവകി ദമ്പതികളുടെ മകൻ. ഭാര്യ രതികലയും മകന്‍ സുജ്യോതും അടങ്ങുന്നതാണ് കുടുംബം. കൃഷിയില്‍ ഭാര്യയും മകനും നിഷാന്തിന് കാര്യമായ പിന്തുണ നല്‍കുന്നുണ്ട്.  ചെറുപ്പത്തില്‍ ബന്ധുവീടുകളിലും മറ്റും പോയിത്തുടങ്ങിയപ്പോള്‍ മുളപൊട്ടിയതാണ് വാഴക്കന്നു ശേഖരണത്തിലെ കമ്പമെന്നു നിശാന്ത് പറഞ്ഞു.
ഇതര നാടുകളിലെ വാഴ ഇനങ്ങളും നട്ടുവളര്‍ത്തണമെന്ന മോഹം മുതിര്‍ന്നപ്പോഴാണ് മനസ്സില്‍ വേരുപിടിച്ചത്. നാനാതരം വാഴക്കന്നുകളെക്കുറിച്ചുള്ള വിവരം വാഴഗ്രാമം ഫേസ് ബുക്ക് പേജിലൂടെയടക്കം ലഭ്യമായതോടെയാണ് കോറോത്തെ മണ്ണില്‍ വാഴ വൈവിധ്യം വിപുലമായത്. നിലവില്‍ വയനാട്ടില്‍ കൂടുതല്‍ ഇനം വാഴകള്‍ കൃഷി ചെയ്യുന്നവരില്‍ പ്രമുഖനാണ് പൊളിറ്റക്കല്‍ സയന്‍സില്‍ ബിരുദമുള്ള നിശാന്ത്.  വെട്ടന്‍, മലയന്‍ ഏത്തന്‍, കൃഷ്ണവാഴ, മനോരഞ്ജിതം എന്നിവ തോപ്പിലെ അപൂര്‍വ ഇനങ്ങളാണ്. കദളി, ചെങ്കദളി,കരിങ്കദളി, ചെങ്ങാലിക്കൊടവന്‍, സ്വര്‍ണമുഖി, മഞ്ചാരിക്കുള്ളന്‍, അടുക്കന്‍, കുന്നന്‍, പേയന്‍, മട്ടി, എന്‍ഗാംബി, ബുലുവാഴ തുടങ്ങിയവയും കൃഷിയിടത്തിന്റെ കാന്തി കൂട്ടൂന്ന ഇനങ്ങളാണ്.
പേരില്‍ ഏത്തന്‍ എന്നുണ്ടെങ്കിലും മലയന്‍ ഏത്തന്‍, നേന്ത്രവാഴയല്ല. തടയിലേയും ഇലത്തട്ടുണ്ടുകളിലെയും നിറമാണ് കൃഷ്ണവാഴയ്ക്കു ആ പേര് വീഴ്ത്തിയത്. കൃഷ്ണവാഴപ്പഴത്തിന്റെ രുചി വേറെതന്നെയാണെന്നു നിശാന്ത് സാക്ഷ്യപ്പെടുത്തുന്നു.  വാണിജ്യതാത്പര്യത്തോടെ നടുന്നത് ഒഴികെ വാഴകളുടെ കന്നുകളും കുലകളും നിശാന്ത് വില്‍പയ്ക്കു വെക്കാറില്ല. പഴയകാലത്തെ ബാര്‍ട്ടര്‍ സംവിധാനം മാതൃകയില്‍ മറ്റു കര്‍ഷകരുമായി കന്നുകളുടെ കൈമാറ്റമാണ് നടത്തുന്നത്. ഇതിനു സമൂഹ മാധ്യമ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. മിക്കയിനം വാഴകളുടെയും കുലയും പഴവും ബന്ധുമിത്രാദികള്‍ക്കു സമ്മാനിക്കുകയാണ് പതിവ്. ചിലപ്പോള്‍ മാത്രം കടകളിലും കുലകള്‍ നല്‍കാറുണ്ട്.  പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്തിനു മുമ്പും പിമ്പുമാണ് കൃഷിയിടത്തില്‍ വാഴകളുമായി നിശാന്തിന്റെ സല്ലാപം.
അവധി ദിവസങ്ങള്‍ പൂര്‍ണമായും കൃഷിയിടത്തിലാണ് ചെലവഴിക്കുന്നത്. കന്നുകള്‍ ഗ്രോ ബാഗില്‍ പരിപാലിച്ചാണ് കൃഷിയിടത്തിലേക്കു മാറ്റി നടുന്നത്.

Back to top button
error: