NEWS

മഴയും വെയിലും കൊള്ളാതെ രണ്ട് പേർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന ഇലക്ട്രിക് സൈക്കിൾ

രണ്ട് യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാം. പുറമേ 20 കിലോ ഭാരം താങ്ങാനുള്ള ശേഷിയുമുണ്ട്. എഫിഷ്യന്റ് ഇലക്ട്രിക് സൈക്കിളുമായി തൃശൂർ ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥികൾ

തൃശൂർ: രാജ്യാന്തര തലത്തിൽ പ്രചാരത്തിലായി വരുന്ന എഫിഷ്യന്റ് ഇലക്ട്രിക് സൈക്കിൾ സ്വന്തമായി രൂപകൽപന ചെയ്ത് തൃശൂർ ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥികൾ.
സൊസൈറ്റി ഓഫ് ഓട്ടമോട്ടീവ് എൻജിനീയേഴ്‌സ് (എസ്.എ.ഇ) എന്ന രാജ്യാന്തര സംഘടന ഇതിന് അംഗീകാരം നൽകി. സംസ്ഥാനതലത്തിൽ ഒന്നും ദേശീയതലത്തിൽ അഞ്ചും സ്ഥാനങ്ങളാണ് ഈ പ്രോജക്ടിനു ലഭിച്ചത്. മഴയും വെയിലും കൊള്ളാതെ രണ്ട് പേർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന ഇലക്ട്രിക് സൈക്കിളാണ് 13 എൻജിനീയറിങ് വിദ്യാർഥികളുടെ സംഘം രൂപകല്പന ചെയ്തത്.
150 കിലോ ഭാരം വരുന്ന സൈക്കിളിന് 2 യാത്രക്കാർക്കു പുറമേ 20 കിലോഗ്രാം വരെ ഭാരം താങ്ങാനുള്ള ശേഷിയുമുണ്ട്. ബാറ്ററി ഒറ്റത്തവണ ചാർജ് ചെയ്താൽ മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ 75 കിലോ മീറ്റർ ദൂരം സഞ്ചരിക്കാം. ഐ.പി.ജി കാർ മേക്കർ എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ബ്രേക്ക്, ആക്ലിലറേഷൻ, എൻഡ്യൂറൻസ്, സ്റ്റിയറിങ്, സസ്‌പെൻഷൻ തുടങ്ങി വാഹനത്തിന്റെ പ്രധാന സംവിധാനങ്ങളെല്ലാം ശാസ്ത്രീയമാണ് എന്ന് കണ്ടെത്തിയാണ് അംഗീകാരം.

Signature-ad

മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രഫസർ അൻവർ സാദിഖ്, മെന്റർ ധനശേഖർ അറുമുഖം എന്നിവരുടെ മേൽനോട്ടത്തിൽ 7 മാസമെടുത്താണ് 1.5 ലക്ഷം രൂപ ചെലവിൽ വിദ്യാർഥികൾ ഇതു യാഥാർഥ്യമാക്കിയത്. അശ്വിൻ സുരേഷ് കാപ്റ്റനും നിനവ് ജോയ് വൈസ് കാപ്റ്റനുമായ ടീമിൽ കെ. എസ്.കാർത്തിക്, ഡെറിക് ഡെന്നി, കെ.കാർത്തിക്, അർഷക് റഹിമാൻ, പി.ടി.സുലൈമാൻ, അബു അയ്മൻ, സി.ഹാഫിലു, എ.എസ്. ഫാത്തിമ ഷിറിൻ, ആയുഷ് രവീന്ദ്രൻ, ജി.വിഷ്ണുപ്രിയ, സ്മിന്റോ പി.ജോൺസൺ എന്നിവരാണ് അംഗങ്ങൾ.

Back to top button
error: