NEWS

ആന്ധ്ര പ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു, കൂടുതൽ മരണങ്ങളുണ്ടാകാൻ സാധ്യത

കലുങ്കിനു സമീപത്തു വെച്ച് എതിരെ വന്നിരുന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. ബസ് ഡ്രൈവറും മരിച്ചു. യാത്രക്കാരെ മുഴുവന്‍ പുറത്തെത്തിക്കാനായിട്ടില്ല

ഹൈദരാബാദ്: ആന്ധ്ര പ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. വെസ്റ്റ് ഗോദാവരി ജില്ലയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
ബസ് നിയന്ത്രണം വിട്ട് അമ്പത് അടി താഴ്ചയിൽ പുഴയിലേക്ക് മറിയുകയായിരുന്നു.

Signature-ad

47 പേരാണ് ബസിലുണ്ടായിരുന്നത്. ഒന്‍പത് പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. അപകടത്തിൽ ബസ് ഡ്രൈവറും മരിച്ചു. യാത്രക്കാരെ മുഴുവന്‍ പുറത്തെത്തിക്കാനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കലുങ്കിനടത്ത് വെച്ച് എതിരെ വന്നിരുന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവർക്ക് അടിയന്തര സഹായം എത്തിക്കാൻ ഗവർണർ ജില്ലാ അധികൃതര്‍ക്ക് നിർദേശം നൽകി. അശ്വരോപേട്ടയിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്നു ബസ്.

ആന്ധ്രാ പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസാണ് അപകടത്തിൽപെട്ടത്. അപകടം കണ്ട് ഓടിയെത്തിയ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചെറിയ വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികൾ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തുന്നതിന് മുൻപേ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
”ചിലർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒൻപതുപേർ മരിച്ചു.”
വെസ്റ്റ് ഗോദാവരി എസ് പി രാഹുൽ ശർമ അറിയിച്ചു.

Back to top button
error: