കുടുംബങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് വാര്‍ഡ് തലത്തില്‍ കര്‍മ്മ പദ്ധതികള്‍ രൂപീകരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് സംഘടിപ്പിച്ച ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട് സുരക്ഷിത ബാല്യമൊരുക്കാന്‍ ശക്തമായ ബോധവത്കരണം സമൂഹത്തിന് നല്‍കണമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ മാനസികാരോഗ്യം സാമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ആവശ്യമുണ്ടന്നതിനാല്‍ അവര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളും യഥാസമയം കണ്ടെത്തണം. കുട്ടികളെ ഒരിക്കലും പ്രതിസന്ധികളിലേക്ക് തള്ളിവിടരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം പി.എം.ജി.യിലെ ഹോട്ടല്‍ പ്രശാന്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് കെ.വി. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വാര്‍ഡ് തലത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും കമ്മിറ്റികള്‍ മുഖേന അതത് വാര്‍ഡുകളിലെ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുമെന്നും ചെയര്മാന് പറഞ്ഞു.