അച്ചടക്ക ലംഘനം ഇനി വച്ച് പൊറുപ്പിക്കില്ല ,പാർട്ടി വിരുദ്ധ പ്രസ്താവനകൾക്ക് സോണിയ ഗാന്ധിയുടെ വിലക്ക്
പാർട്ടി അച്ചടക്ക ലംഘനത്തെ കടുത്ത നടപടി കൊണ്ട് നേരിടാൻ കോൺഗ്രസ്സ് ഹൈക്കമാൻഡ് .23 നേതാക്കൾ അയച്ച കത്ത് പ്രവർത്തക സമിതിയിൽ ചർച്ചക്ക് വരികയും എല്ലാവരും ഒറ്റക്കെട്ടായി നീങ്ങണമെന്ന ആഹ്വാനം അധ്യക്ഷ സോണിയാ ഗാന്ധിയിൽ നിന്ന് ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിൽ ആണ് പരസ്യ പ്രസ്താവനകൾക്ക് വിലക്ക് വരുന്നത് .
23 പാർട്ടി നേതാക്കൾ നേതൃ പ്രതിസന്ധിയെ കുറിച്ച് സോണിയ ഗാന്ധിക്ക് കത്തെഴുതിയതിനു പിന്നാലെ സംഘത്തിലെ ചിലർ പരസ്യ പ്രതികരണങ്ങൾ തുടർന്നിരുന്നു .ഈ പാശ്ചാത്തലത്തിൽ ആണ് ഹൈക്കമാൻഡ് കർശന നടപടികളിലേക്ക് പോകുന്നത് .
പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടിയ പോലെ എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ട് പോകണമെന്ന് പാർട്ടി വക്താവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞൂ .ഏതെങ്കിലും വ്യക്തിയെ കുറിച്ചല്ല പറയുന്നതെന്നും പാർട്ടി വക്താവ് പറഞ്ഞു .
“ഇതൊരു സ്വതന്ത്ര രാജ്യമാണ് .ആർക്കും സംസാരിക്കാനുള്ള അവകാശമുണ്ട് .പക്ഷെ ഒരു കാര്യം വ്യക്തമാക്കാം .പ്രവർത്തക സമിതി യോഗം വിവിധ വിഷയങ്ങൾ ചർച്ച ചെയ്തത് ഏഴു മണിക്കൂറോളം ആണ് .അതിനു ശേഷം ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ആഹ്വാനം ചെയ്തത് കോൺഗ്രസ് അധ്യക്ഷയാണ് .ഇനി ഒരു കുടുംബത്തെ പോലെ ഭാവിയിലേക്കാണ് നോക്കേണ്ടത് .”കോൺഗ്രസ് വക്താവ് നയം വ്യക്തമാക്കി .
“കോൺഗ്രസ്സ് അധ്യക്ഷ കാര്യങ്ങൾ കൃത്യമായി പറഞ്ഞു കഴിഞ്ഞു .ഇനി അതിന്മേൽ പരസ്യ ചർച്ചകൾ നടത്തുന്നത് ശരിയല്ല .”അഭിഷേക് മനു സിംഗ്‌വി കൂട്ടിച്ചേർത്തു .
തങ്ങളെ പ്രവർത്തക സമിതിയിൽ ചിലർ ആക്ഷേപിച്ചപ്പോൾ മുതിർന്ന നേതൃത്വം നോക്കിനിന്നുവെന്നു കത്തിൽ ഒപ്പിട്ട കപിൽ സിബൽ പറഞ്ഞിരുന്നു .”ഞങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടിയത് ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് തുറന്നു പറയുകയാണ് വേണ്ടത് .അല്ലാതെ ആക്ഷേപിക്കുകയല്ല .മുതിർന്ന നേതാക്കൾ ഞങ്ങളെ ആക്ഷേപിക്കുന്നത് നോക്കി നിന്നു .”കപിൽ സിബൽ ഒരു അഭിമുഖത്തിൽ പറഞ്ഞു .
കോൺഗ്രസിൽ ഉടൻ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു .അല്ലെങ്കിൽ ഇനിയും 50 കൊല്ലം പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു .