സത്യത്തിൽ എന്തുകൊണ്ടാണ് കറണ്ട് പോകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കാറ്റടിച്ചാലും മഴ പെയ്താലും ഉടനെ കറന്റ് പോകുന്നതെന്തുകൊണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ..? അതറിഞ്ഞാൽ ഒരിക്കലും നിങ്ങൾ കെഎസ്ഇബി ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് ലൈൻമാൻമാരെ ഇനിമേൽ തെറിവിളിക്കില്ല.
വൈദുതി ഉൽപ്പാദിപ്പിക്കുന്ന പവർ സ്റ്റേഷനുകളിൽ നിന്നും 200ഓ 300ഓ അതിലധികമോ കിലോമീറ്ററുകൾ താണ്ടിയാണ് നിങ്ങളുടെ വീട്ടിനടുത്തുള്ള ട്രാൻസ്ഫോമറിൽ വൈദ്യുതി എത്തുന്നത്. നമ്മുടെ ഭൂപ്രകൃതി അനുസരിച്ച് ദുർഘടമായ പാതകളിൽ മരങ്ങളും തെങ്ങ് കവുങ്ങ് തുടങ്ങിയവയും ഈ ലൈനുകൾക്ക് മുകളിൽ ധാരാളം ഉണ്ട്. HT ലൈനുകൾക്ക് മുകളിൽ ഒരു ചെറിയ ചുള്ളിക്കമ്പ് 2 ലൈനുകളിൽ തട്ടി വീണാൽ സബ്സ്റ്റേഷൻ മുതൽ നിങ്ങളുടെ ട്രാൻസ്ഫോമർ വരെ ഉള്ള വൈദ്യുതി നിലക്കും.രണ്ടു പ്രാവശ്യത്തെ ടെസ്റ്റ് ചാർജ്ജിനിടയിൽ ഇത് കത്തി പോയില്ലെങ്കിൽ ഈ കമ്പ് മാറ്റിയ ശേഷം മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയൂ. ഇതിനു ഈ കിലോമീറ്ററുകൾ നീണ്ട HT ലൈൻ മുഴുവൻ സേർച്ച് ചെയ്യണം. ഏത് പാതിരാത്രിയിലായാലും ഇങ്ങനെ തിരഞ്ഞു കണ്ടു പിടിച്ചു തടസ്സം മാറ്റിയാൽ മാത്രമേ പതിനായിരക്കണക്കിന് ഉപഭോക്താക്കൾക്ക് കറണ്ട് നൽകാൻ കഴിയൂ.
ഒരു കമ്പിന് പകരം വലിയ മരങ്ങളാണ് ലൈനിൽ വീഴുന്നതെങ്കിൽ മണിക്കൂറുകൾ കഠിനാധ്വാനം ചെയ്തു വേണം ഇത് മാറ്റാൻ. പോസ്റ്റുകൾ തകരുകയോ ലൈനുകൾ പൊട്ടുകയോ ചെയ്താൽ ഇതിലും ദയനീയമാണ് കാര്യങ്ങൾ.
സബ്സ്റ്റേഷനിൽ നിന്ന് ടെസ്റ്റ് ചാർജ് ചെയ്യുന്ന സമയത്തെ വലിയ ശബ്ദത്തോടെ ഉള്ള പൊട്ടൽ, അല്ലെങ്കിൽ തീ കത്തുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഓഫീസിലോ നിങ്ങൾ അറിയുന്ന ജീവനക്കാരനെയോ അറിയിച്ചാൽ എളുപ്പത്തിൽ സ്ഥലം കണ്ടു പിടിച്ചു തടസ്സം മാറ്റി വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയും. ഇത് HT ലൈനുകളിൽ സംഭവിക്കുന്ന ഒരു തകരാറു മാത്രം. ശബ്ദമോ പൊട്ടലോ കത്താലോ ഒന്നും കേൾക്കാത്ത എർത്ത് ഫാൾട്ട് കണ്ടു പിടിക്കണമെങ്കിൽ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം വേണ്ടി വരും. ഇത് ട്രാൻസ്ഫോമറുകളിലേക്ക് വരുന്ന HT ലൈനുകളുടെ കാര്യം.ഇതിലും എത്രയോ ഇരട്ടി തകരാറുകൾ സംഭവിക്കാവുന്നതാണ് ട്രാൻസ്ഫോമറിൽ നിന്നും വീടുകളിലേക്കെത്തുന്ന LT ത്രീ ഫേസ് സിംഗിൾ ഫേസ് ലൈനുകളുടെ കാര്യം. ഈ ലൈനുകൾ തമ്മിൽ കൂട്ടിയിടിക്കുകയോ, ഇതിനു മുകളിൽ മരമോ കൊമ്പുകളോ വീഴുകയോ ലൈനുകൾ പൊട്ടി വീഴുകയോ ചെയ്താലും ഒരു ഭാഗത്തെ വൈദ്യുതി തടസ്സപ്പെടും. ലൈനുകൾക്ക് സമീപമുള്ള മരക്കൊമ്പുകൾ വെട്ടി നീക്കാൻ എത്തുന്ന ജീവനക്കാരനെ നാട്ടുകാർ പലരും സ്വീകരിക്കുന്നത് അറക്കുന്ന തെറി അഭിഷേകം കൊണ്ടും വെട്ടുകത്തി, വടി തുടങ്ങിയ ആയുധങ്ങൾ കൊണ്ടുമാണ്.
ഓർക്കുക ഒരിക്കലും വൈദ്യുതി ആരും മനപ്പൂർവം ഓഫ് ചെയ്യുന്നില്ല. ലൈനുകളുടെ തകരാർ മൂലമോ അറ്റകുറ്റ പണികൾക്കോ ടച്ചിങ്സ് ജോലിക്ക് വേണ്ടിയോ മാത്രമാണ് കറണ്ട് ഓഫ് ചെയ്യുന്നത്. സിസ്റ്റവും കമ്പ്യൂട്ടറും ഓൺലൈനും ഒക്കെ പുരോഗമന കാലത്തിനൊത്തുയർന്നിട്ടും അമ്പതും അറുപതും വർഷം പഴക്കമുള്ള അതെ സംവിധാനത്തിലൂടെയാണ് ഇന്നും കേരളത്തിൽ വൈദ്യുതി എത്തുന്നത്. വിദേശ രാജ്യങ്ങളിലെ വൈദ്യുതി വിതരണവുമായി നമ്മുടെ സൗകര്യങ്ങളെയും കാലാവസ്ഥയെയും ഭൂപ്രകൃതിയെയും ഒരിക്കലും താരതമ്യം ചെയ്യരുത്. ഈ സൗകര്യങ്ങളിൽ ഇത്ര എങ്കിലും സമയം തടസമില്ലാതെ വൈദ്യുതി എത്തിക്കുന്നത് സെക്ഷൻ AE, സബ് എഞ്ചിനീയർ, ഓവർസിയർ, ലൈന്മാൻമാർ, വർക്കർമാർ, കോൺട്രാക്ട് ജീവനക്കാർ തുടങ്ങിയവരുടെ വിശ്രമമില്ലാത്ത കഠിനാധ്വാനം കൊണ്ടാണ് എന്ന് ദയവു ചെയ്തു മനസിലാക്കുക.