അതൊക്കെ ഒരു കാലം….! 2020 ല്‍ 29 സീറ്റുകളില്‍ മത്സരിച്ചിട്ട് 16 എണ്ണത്തില്‍ ജയിച്ചു ; ഇത്തവണ 33 സീറ്റുകളില്‍ മത്സരിച്ചിട്ട് കിട്ടിയത് നാലു സീറ്റുകള്‍ ; ബീഹാറില്‍ കനത്തതിരിച്ചടി കിട്ടിയത് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക്

പാറ്റ്‌ന: ബിജെപി വന്‍ വിജയം നേടിയ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടിയത് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക്. സിപിഎം എല്‍ നാലിടത്തും സിപിഎം ഒരിടത്തും വിജയം നേടി. ഇടതുപക്ഷം ബീഹാറില്‍ മത്സരിച്ചത് 33 സീറ്റുകളിലായിരുന്നു.
2020 ലെ തിരഞ്ഞെടുപ്പില്‍, മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഇടതുപക്ഷം 29 സീറ്റുകളില്‍ മത്സരിച്ചതില്‍ 16 എണ്ണത്തില്‍ വിജയം നേടിയിരുന്നു. 55 ശതമാനമായിരുന്നു അന്നത്തെ സ്ട്രൈക്ക് റേറ്റ്. സി പി ഐ (എം എല്‍) ലിബറേഷന്‍ ആകെയുള്ള 19 സീറ്റുകളില്‍ 12 ലും വിജയിക്കുകയും ചെയ്തിരുന്നു. ഈ വിജയം മഹാസഖ്യത്തിന് 110 സീറ്റുകള്‍ നേടുന്നതിലും നിര്‍ണായകമായിരുന്നു.
എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജാതി രാഷ്ട്രീയത്തിന്റെ സ്വാധീനവും എന്‍.ഡി.എയുടെ ശക്തമായ പ്രകടനവും മറ്റ് പ്രാദേശിക പാര്‍ട്ടികളുമായുള്ള സീറ്റ് വിഭജനത്തിലെ പ്രശ്നങ്ങളുമെല്ലാം 2020 ലെ പ്രകടനം ആവര്‍ത്തിക്കുന്നതില്‍ നിന്ന് ഇടതുപക്ഷത്തെ തടഞ്ഞതായാണ് പൊതുവേയുള്ള വിലയിരുത്തല്‍.
2020ല്‍ 12 ഇടങ്ങളില്‍ സി പി ഐ എം എല്‍ ലിബറേഷന്‍ ആയിരുന്നു വിജയിച്ചതെങ്കില്‍ സി പി ഐ എമ്മിനും സി പി ഐയ്ക്കും രണ്ടു വീതം മണ്ഡലങ്ങളിലാണ് വിജയിക്കാനായത്. ഇത്തവണ ഇടതുപാര്‍ട്ടികള്‍ 33 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഏതാനും സീറ്റുകളില്‍ മാത്രമേ മുന്നേറാനായുള്ളു. സീറ്റ് വിഭജനത്തിലുണ്ടായ തര്‍ക്കങ്ങളും ഇടതുപക്ഷത്തിന് സ്വാധീനമുള്ള പല മണ്ഡലങ്ങളും കോണ്‍ഗ്രസും ആര്‍ ജെ ഡിയും അവകാശപ്പെട്ടതുമാണ് ഇടതിന്റെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പിച്ചത്.
ചിലയിടങ്ങളില്‍ ആര്‍ ജെ ഡി സ്ഥാനാര്‍ഥികള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്കെതിരെ സൗഹൃദമത്സരത്തിനിറങ്ങുകയും ചെയ്തു. ഇത് വോട്ട വിഭജിച്ച് പോകാന്‍ ഇടയാക്കി. കര്‍ഷകരുടെയും തൊഴിലാളികളുടെയും വര്‍ഗപരമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ മറ്റ് കക്ഷികള്‍ ജാതീയമായി അണിനിരത്തി വോട്ടു തേടുന്നതില്‍ വിജയിച്ചു.






