ചരിത്രത്തില്‍ ആദ്യം; അക്രമങ്ങളും മരണങ്ങളും റീ- പോളിംഗും ഇല്ലാതെ ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം; 1989ല്‍ മരിച്ചത് 87 പേര്‍; ടി.എന്‍. ശേഷന്റെ കാലത്ത് തെരഞ്ഞെടുപ്പ് മാറ്റിവച്ചത് നാലുവട്ടം; ക്രമസമാധാന നില മെച്ചപ്പെട്ടതിന് ഉദാഹരണമെന്ന് എന്‍ഡിഎ

പാറ്റ്‌ന: ബിഹാറില്‍ ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തി എന്‍ഡിഎ വന്‍ വിജയം കരസ്ഥമാക്കുന്നതിനൊപ്പം അക്രമങ്ങളോ മരണങ്ങളോ റീ-പോളിംഗോ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പെന്ന ഖ്യാതികൂടി സ്വന്തമാകുന്നു. വോട്ടിംഗ് ദിനത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഢമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു മാത്രമല്ല, ഒരു മണ്ഡലത്തിലും റീപോളിംഗും നടത്തിയില്ല.
ഇതിനു മുമ്പു നടന്ന തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാന വ്യാപകമായി അക്രമങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1985 മുതലുള്ള കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് ഇക്കുറി ശാന്തമായിരുന്നു. ആളുകള്‍ തമ്മിലുള്ള വാഗ്വാദത്തില്‍ മാത്രം വിദ്വേഷം ഒതുങ്ങി. സുരക്ഷാ ജീവനക്കാരുടെ ജാഗ്രതയും ഇതിനു കാരണമായി.
1985ല്‍ തെരഞ്ഞെടുപ്പില്‍ 63 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 156 ബൂത്തുകളില്‍ റീ- പോളിംഗ് നടത്തി. 1990ല്‍ 87 പേര്‍ മരിച്ചു. 1995ല്‍ തെരഞ്ഞെടുപ്പ് അഞ്ചുവട്ടമാണ് മാറ്റിവച്ചത്. ടി.എന്‍. ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായിരുന്ന 1995ല്‍ വ്യാപകമായ അതിക്രമമാണ് അരങ്ങേറിയത്. 2005ല്‍ 660 ബൂത്തുകളില്‍ റീപോളിംഗിന് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
ഇതിനു വിരുദ്ധമായി 2025 തെരഞ്ഞെടുപ്പില്‍ ഒരിടത്തും റീ- പോളിംഗോ അക്രമമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാന നിലയിലുണ്ടായ മെച്ചമാണിതെന്നും എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടമാണെന്നും അവര്‍ അവകാശപ്പെട്ടു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലൊന്നാണു ബിഹാര്‍. ഗ്രാമീണ മേഖലയില്‍ താമസിക്കുന്ന 89 ശതമാനം ആളുകളാണ് സംസ്ഥാനത്തിന്റെ ഭരണം നിശ്ചയിക്കുന്നത്. ഗ്രാമീണരില്‍ ആത്മാഭിമാനം വളര്‍ത്തിയതിനുള്ള പ്രതിഫലമാണ് തങ്ങള്‍ക്കു ലഭിച്ച വിജയമെന്നാണ് എന്‍ഡിഎയുടെ അവകാശവാദം.
No re-poll, death in Bihar Assembly elections; a first for the State






