KeralaNEWS

കർണാടകയിൽ നിന്ന് പഠിച്ചിറങ്ങുന്ന നഴ്‌സുമാർക്ക് ലോകാരോഗ്യ സംഘടന ലോകമെമ്പാടും നിരോധനം ഏർപ്പെടുത്താൻ സാധ്യത,ജാഗ്രതൈ

കർണാടകയിൽ നിന്ന്  പഠിച്ചിറങ്ങുന്ന  നഴ്സുമാർക്ക് ലോകാരോഗ്യ സംഘടന ലോകമെമ്പാടും നിരോധനം ഏർപ്പെടുത്താൻ സാധ്യത,ജാഗ്രതൈ
 
 
ആരോഗ്യ രംഗത്ത്, പ്രത്യേകിച്ച് നഴ്സിംഗ് മേഖലയിൽ ലോകത്ത് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത് കേരളത്തിൽ നിന്നുള്ള നഴ്സുമാർക്കാണ്.പക്ഷെ നഴ്സിംഗ് എന്നു കേൾക്കുമ്പോൾ അഡ്മിഷനായി മക്കളെയും കൊണ്ട് കേരളത്തിൽ നിന്നും  കർണാടകയിലേക്കും ആന്ധ്രാ പ്രദേശിലേക്കുമൊക്കെ ഓടുന്ന മാതാപിതാക്കൾ തീർച്ചയായും ഇത് വായിച്ചിരിക്കണം.
 

കർണാടകയിലെ കാര്യമാണ്.477 നഴ്സിംഗ് കോളേജുകൾ.830 നഴ്സിംഗ് സ്കൂളുകൾ.ഓരോ വർഷവും വീണ്ടും വീണ്ടും പുതിയവ തുടങ്ങാൻ യാതൊരു മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്ള  അനുവാദങ്ങൾ.കർണാടകയിലെ പല നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രവർത്തിക്കുന്നത് വെറും കടലാസ്സിൽ മാത്രം.ഇതിൽ പല സ്ഥാപനങ്ങൾക്കും കർണാടക നഴ്സിംഗ് കൗൺസിലിന്റെ പോലും അംഗീകാരമില്ല.വിദേശ രാജ്യങ്ങളുടെ പരാതിയെ തുടർന്ന് ഇപ്പോൾ വ്യാജ  ബിഎസ്സി, എംഎസി, ജിഎൻഎം നഴ്സിംഗ് പഠന തട്ടിപ്പുകൾ പുറത്തുവരുമ്പോൾ പൂട്ടു വീഴാൻ പോകുന്നത് നൂറുകണക്കിന് നഴ്സിംഗ് പഠന സ്ഥാപനങ്ങൾക്കാണ്.അതായത് ലക്ഷങ്ങൾ കൊടുത്ത് ഇവിടെ നിന്നും പഠിച്ചിറങ്ങിയവരുടെ സർട്ടിഫിക്കറ്റിന് കടലാസിന്റെ വിലപോലും ഇല്ലെന്നർത്ഥം. മറ്റൊരു വശത്ത് ഫീസിനത്തിലുള്ള കൊള്ള നിർബാധം തുടരുകയും ചെയ്യുന്നു.

ഏജന്റുമാർ മുഖേനയും അല്ലാതെയും കർണാടകയിൽ നഴ്സിംഗ് പഠനത്തിനായി വരുന്നവർ ഈ അനധികൃത നഴ്സിംഗ് പഠന സ്ഥാപനങ്ങളുടെ മാത്രമല്ല ഏജന്റുമാർ ഉൾപ്പടെ പലരുടെയും കറവ പശുക്കളാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.കേരളത്തിലെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള അവസരം ഒരുക്കുക, അല്ലാത്തപക്ഷം ഏജന്റുമാരുടെ ചതിയിൽ വീഴാതെ നേരിട്ട് പോയി കാര്യങ്ങൾ അന്വേഷിച്ച ശേഷം മാത്രം നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് അന്യ സംസ്ഥാനങ്ങളിൽ അഡ്മിഷൻ ശരിപ്പെടുത്തുക.


മുമ്പും പിമ്പും നോക്കാതെ മകളെ അല്ലെങ്കിൽ മകനെ നഴ്സാക്കാനോ ഡോക്ടർ ആക്കാനോ ഉള്ള വ്യഗ്രതയിൽ ഏജന്റുമാരുടെ വലയിൽ വീണ് മക്കളുടെ ഭാവി നശിപ്പിക്കരുത്. കർണാടകയിലും മറ്റുമുള്ള അന്യ സംസ്ഥാനങ്ങളിൽ മക്കളെ നഴ്സിംഗ് പഠിപ്പിച്ചിട്ട്, വിദേശത്തയച്ച് അവരുടെ ഭാവി സുരക്ഷിതമാക്കാമെന്ന് സ്വപ്നം കണ്ട എല്ലാ മാതാപിതാക്കളും ഇതറിഞ്ഞിരിക്കണം.കുറഞ്ഞപക്ഷം വീടും പറമ്പും പണയപ്പെടുത്തി മക്കളെ കർണാടകത്തിലേക്കും മറ്റും അയച്ച് നഴ്സിംഗ് പഠിപ്പിച്ച് പണക്കാരാകാൻ സ്വപനം കണ്ട പാവം രക്ഷിതാക്കളെങ്കിലും!

Back to top button
error: