ഹൈദരാബാദ്: തയ്യൽക്കാരനായ ഭർത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തുന്നി നൽകാത്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. വിജയലക്ഷ്മി(35) ആണ് മരിച്ചത്. ബ്ലൗസിനെ ചൊല്ലി ഭർത്താവുമായി ഇവർ വഴക്കിട്ടിരുന്നു. ഇതിനു ശേഷം മുറിയിൽ കയറി ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നു.
ഹൈദരാബാദിലെ ആംബർപേട്ടിലെ ഗോൽനാക തിരുമല നഗറിലാണ് രണ്ടു മക്കൾക്കൊപ്പം വിജയലക്ഷ്മിയും ഭർത്താവ് ശ്രീനിവാസും താമസിച്ചിരുന്നത്. വീടുവീടാന്തരം കയറിയിറങ്ങി സാരിയും ബ്ലൗസും വിറ്റും വീട്ടിൽ വസ്ത്രങ്ങൾ തയ്യൽ ചെയ്തുമാണ് ശ്രീനിവാസ് ഉപജീവനം നടത്തുന്നത്.
കഴിഞ്ഞ ദിവസം ശ്രീനിവാസ് വിജയലക്ഷ്മിക്കു വേണ്ടി ബ്ലൗസ് തുന്നി നൽകിയിരുന്നു. എന്നാൽ അത് വിജയലക്ഷ്മിക്ക് ഇഷ്ടപ്പെടാഞ്ഞതിനാൽ ഇവർ ശ്രീനിവാസുമായി വഴക്കുണ്ടാക്കി. താൻ പറയുന്ന രീതിയിൽ ബ്ലൗസ് തുന്നി നൽകണമെന്ന് വിജയലക്ഷ്മി ആവശ്യപ്പെട്ടുവെങ്കിലും ശ്രീനിവാസ് അത് നിരസിച്ചു. ഇതേതുടർന്ന് കലഹം രൂക്ഷമായി.
പിന്നീട് സ്കൂൾ വിട്ട് കുട്ടികൾ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയുടെ വാതിൽ അടച്ചിരിക്കുന്നതായി കണ്ടത്. അവർ വിളിച്ചെങ്കിലും അകത്തുനിന്നും പ്രതികരണമുണ്ടായില്ല. പിന്നീട് ഇവർ മുറിയുടെ ജനൽ തുറന്ന് നോക്കിയപ്പോൾ വിജയലക്ഷ്മിയെ അകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.