Breaking NewsCrimeKeralaLead NewsNEWS

ഡോ. വന്ദനദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം, ഒരു ലക്ഷം പിഴയും!! ‘നിയമത്തിന് കൊടുക്കാൻ കഴിയുന്ന വിധി ഇതായിരിക്കും, വധശിക്ഷ നൽകണം,  മകൾ അനുഭവിച്ച വേദന പ്രതിയും അറിയണം’- അമ്മ വസന്തകുമാരി

തിരുവനന്തപുരം: കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസിൽ പ്രതി അധ്യാപകനായ സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പറഞ്ഞത്. പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. എന്നാൽ പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്ന് വാദപ്രതിവാദത്തിനിടെ പ്രതിയും ആവശ്യപ്പെട്ടിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് കുടവട്ടൂർ സ്വദേശിയായ സന്ദീപ് വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയത്.

2023 മെയ് 10 ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ക്രൂരമായ കൊലപാതകം നടന്നത്. ഒരു തർക്കത്തെ തുടർന്ന് കാലിന് പരുക്കേറ്റ കുടുവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പോലീസ് ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ പ്രകോപിതനായ സന്ദീപ് പരിശോധന മുറിയിൽ ഉണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി. പോലീസുകാരെ അടക്കം ആക്രമിച്ചു. പ്രതിയുടെ ആക്രമണത്തിൽ നിന്ന് എല്ലാവരും ഓടിമാറിയപ്പോൾ വന്ദനാദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 23 തവണയാണ് വന്ദനയ്ക്ക് പ്രതിയുടെ കുത്തേറ്റത്. ആശുപത്രിൽ സന്ദീപ് നടത്തിയ അക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Signature-ad

അതേസമയം സന്ദീപിന് മാനസിക പ്രശ്നം ഉണ്ടെന്നായിരുന്നു കോടതിയിൽ പ്രതിഭാഗത്തിൻ്റെ വാദം. സാക്ഷിമൊഴികൾ അടക്കം ഹാജരാക്കി പ്രോസിക്യൂഷൻ പ്രതിഭാഗത്തിൻ്റെ വാദങ്ങളെ എതിർത്തു. മരുന്ന് കഴിക്കുന്നുണ്ടെങ്കിലും പ്രതിക്ക് ഗുരുതര മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ 70 ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. സ്കൂൾ അധ്യാപകനായിരുന്നു സന്ദീപ്. സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്നയാൾ നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം.

കൊലപാതകത്തിന് ജീവപര്യന്തവും വധശ്രമത്തിന് 307–ാം വകുപ്പ് അനുസരിച്ച് 10 വർഷവും 326–ാം വകുപ്പ് അനുസരിച്ച് 10 വർഷവും ശിക്ഷ അനുഭവിക്കണം. ആശുപത്രിയിൽ അതിക്രമം കാട്ടിയതിന് 5 വർഷം ശിക്ഷ ലഭിക്കും. ഐപിസി 323, 324, 332, 333 വകുപ്പുകൾ ഉൾപ്പെടെ 30 വർഷം ശിക്ഷ അനുഭവിച്ചശേഷം മാത്രമേ ജീവപര്യന്തം ശിക്ഷ ആരംഭിക്കൂ എന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.

അതേസമയം അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യം അല്ലെന്നു കണ്ടെത്തിയതിനാലാണ് ജീവപര്യന്തമാക്കിയത്. ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പ്രോസിക്യൂട്ടർ പറ‍ഞ്ഞു. നിയമത്തിന് കൊടുക്കാൻ കഴിയുന്ന വിധി ഇതായിരിക്കുമെന്ന് വന്ദനയുടെ അമ്മ വസന്തകുമാരി പറഞ്ഞു. പ്രോസിക്യൂട്ടറുമായി ആലോചിച്ച് മറ്റു കാര്യങ്ങൾ തീരുമാനിക്കും. വധശിക്ഷ നൽകണം. അതിനേക്കാളുപരി മകൾ അനുഭവിച്ച വേദന പ്രതിയും അറിയണമെന്നും വസന്തകുമാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: