ഹാവൂ ആശ്വാസം! ഇന്ന് 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയായി; ഈ വർഷം ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വില

തിരുവന്തപുരം: സ്വർണ്ണ ഉപഭോക്താക്കൾ ആശ്വാസമായി വില കുത്തനെ താഴേയ്ക്ക് പോരുകയാണ്. ഇന്നു രാവിലെ കേരളത്തിൽ പവൻ വില ഒറ്റയടിക്ക് 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയിലെത്തി. ഗ്രാമിന് . 275 രൂപ താഴ്ന്ന് 13,380 രൂപയാണ് . ഈ വർഷം ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വിലയാണിത്. യുദ്ധം തുടങ്ങുംമുൻപ് ഔൺസിന് 5,400 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 4,494 ഡോളറിൽ. ഈയാഴ്ച മാത്രം 10 ശതമാനത്തിലേറെ വിലത്തകർച്ചയാണുണ്ടായത്. 2011നുശേഷം രാജ്യാന്തരവില ഒരാഴ്ച ഇത്രയും ഇടിയുന്നത് ആദ്യം.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) റിപ്പോർട്ട് അനുസരിച്ച് 18 കാരറ്റ് സ്വർണവില ഗ്രാമിന് 225 രൂപ കുറഞ്ഞ് 11,050 രൂപയായി. വെള്ളിവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 245 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില 225 രൂപ കുറച്ച് 10,955 രൂപയാണ്. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 245 രൂപ.
ജനുവരി 29ന് സംസ്ഥാനത്ത് പവന് 1,31,160 രൂപ വിലയെത്തിയിരുന്നു. ഇതാണ് ഈ വർഷത്തെ റെക്കോർഡ് വില. അതിനുശേഷം 24,120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 16,395 രൂപയെന്ന റെക്കോർഡിൽ നിന്ന് കുറഞ്ഞത് 3,015 രൂപ. മാർച്ചിൽ ഇതുവരെ പവന് 16,680 രൂപ കുറഞ്ഞു; ഗ്രാമിന് 2,085 രൂപയും.
യുദ്ധത്തെ തുടർന്ന് രാജ്യാന്തര എണ്ണവില കൂടുന്നതാണ് സ്വർണവിലയെ പ്രധാനമായും ബാധിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രൂഡ് ഓയിൽ വില കുതിച്ചതോടെ ലോക രാജ്യങ്ങൾ പണപ്പെരുപ്പപ്പേടിയിലാണ് . അതിനാൽ പൊതുവേ സ്വർണ്ണ നിക്ഷേപ താല്പ്പര്യവും കുറഞ്ഞു.
ഡോളറിലാണ് രാജ്യാന്തര സ്വർണ വ്യാപാരം. ഡോളർ കരുത്താർജ്ജിക്കുമ്പോൾ സ്വർണം വാങ്ങുന്നത് ബുദ്ധിമുട്ടേറിയതാകും. ഇത് ഡിമാൻഡിനെയും വിലയെയും ബാധിക്കും.






