കോട്ടയം: താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ആശങ്കയാകുന്നു. വൈക്കം വെച്ചൂരിലെ പാടശേഖരങ്ങളിലും ജലാശയ ഓരങ്ങളിലും വളര്‍ത്തുന്ന താറാവുകളാണ് കൂട്ടത്തോടെ ചത്തത്. കണ്ണുകള്‍ നീലിച്ച് താറാവുകള്‍ അവശനിലയിലാകുകയാണ്. ഒരാഴ്ചയ്ക്കിടെ ആയിരത്തോളം താറാവുകള്‍ ചത്തെന്നാണ് കര്‍ഷകര്‍ പറയുന്നത്.
വില്‍പ്പനയ്ക്ക് പാകമായ 70 ദിവസം കഴിഞ്ഞ താറാവുകള്‍ക്കാണ് ഏറെയും രോഗബാധ. എന്നാല്‍ മുട്ടത്താറാവുകളില്‍ രോഗബാധയില്ല. കൊക്ക് അടക്കമുള്ള പക്ഷികളും മീനുകളും ചത്തതും അജ്ഞാത രോഗത്തെ കുറിച്ചുള്ള ആശങ്ക കൂട്ടുന്നു. എന്നാല്‍ പക്ഷിപ്പനി അല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം.
ജലത്തില്‍ കലര്‍ന്ന രാസമാലിന്യങ്ങളില്‍ നിന്നുള്ള ബാക്ടീരിയ ബാധയാണ് സംശയിക്കുന്നത്. സാമ്പിളുകള്‍ വിശദമായ പരിശോധനയ്ക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. ക്രിസ്തുമസ് വിപണി ലക്ഷ്യമാക്കി വളര്‍ത്തിയ താറാവുകള്‍ക്കുള്ള രോഗബാധ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ്.