പ്രഖ്യാപിച്ച് നാലു വർഷമാകാൻ പോകുമ്പോഴും തുടർപ്രവർത്തനങ്ങളോ ഇടപെടലുകളോ ഉണ്ടാകാതെ ശബരിമല- പഴനി തീർത്ഥാടന പാത.കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി ഡോ. നിതിൻ ഗഡ്‌കരി മൂന്നാറിൽ നേരിട്ടെത്തിയാണ് പുതിയ ഹൈവേ പ്രഖ്യാപിച്ചത്.2018-ലായിരുന്നു ഇത്.സംസ്ഥാനത്തെ ഏറ്റവും വലിയ ദേശീയപാത വികസന പദ്ധതിയായിരുന്ന 381.6 കോടിയുടെ മൂന്നാർ – പൂപ്പാറ–- ബോഡിമെട്ട് പാതയുടെ ഉദ്ഘാടനത്തിന് മൂന്നാറിൽ എത്തിയപ്പോഴായിരുന്നു തീർഥാടന ഹൈവേയുടെ പ്രഖ്യാപനം നിതിൻ ഗഡ്കരി നടത്തിയത്.ദക്ഷിണേന്ത്യയിലെ രണ്ട് പ്രധാന തീർഥാടന കേന്ദ്രങ്ങളായ പഴനിയെയും ശബരിമലയെയും തമ്മിൽ റോഡുമാർഗം ബന്ധിപ്പിക്കുന്നതിനുള്ള സുപ്രധാന പ്രഖ്യാപനമായിരുന്നു ഇത്.
ഇരുസംസ്ഥാനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സംസ്ഥാനാന്തര പാതയ്‌ക്ക് 377 കിലോമീറ്റർ ദൂരമാണ് പ്രാഥമിക എസ്റ്റിമേറ്റിൽ നിശ്ചയിച്ചിരുന്നത്.കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ നിർദേശാനുസരണം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 2150 കോടിയുടെ പ്രാഥമിക എസ്റ്റിമേറ്റും തയ്യാറാക്കി നൽകിയിരുന്നു.
ഇടുക്കിയിലൂടെ കടന്നുപോകുന്ന ഹൈവേ ഒരേ സമയം തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും കർഷകർക്കും വലിയ പ്രതീക്ഷയാണ് നൽകിയത്.നാണ്യവിളകൾ തമിഴ്നാട്ടിലെ വാണിജ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും അതിലൂടെ വ്യാപാരമേഖലയുടെ കുതിപ്പിനും ഹൈവേ ലക്ഷ്യം വച്ചിരുന്നു.എന്നാൽ പിന്നീട് തുടർനടപടികൾ ഒന്നും ഉണ്ടായില്ല.
അതേപോലെ തിരുവനന്തപുരത്തു നിന്നും നെടുമങ്ങാട്, വിതുര, പാലോട്,അഞ്ചൽ, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, തിടനാട്, അന്തിനാട്, തൊടുപുഴ,കോതമംഗലം, കോടനാട്,മലയാറ്റൂർ വഴി പൊള്ളാച്ചിയിലേക്കുള്ള ഈസ്റ്റേൺ ഹൈവേ
നിർമ്മാണവും വർഷങ്ങൾക്കു ശേഷം റൂട്ട് മാറ്റി എസ്റ്റിമേറ്റ് നിശ്ചയിച്ചിരിക്കയാണ്.അതാകട്ടെ തിരുവനന്തപുരത്തു നിന്നും ആരംഭിച്ച് അങ്കമാലിയിൽ അവസാനിക്കുന്നവിധം എംസി റോഡിനുള്ള ബദൽ മാർഗ്ഗവും. 45 മീറ്റർ ദേശീയപാത നിലവാരത്തിൽ വികസിപ്പിക്കാൻ ഉദ്ദേശിച്ച പുനലൂർ-മൂവാറ്റുപുഴ റോഡാകട്ടെ ഒടുവിൽ പത്തു മീറ്റർ വീതിയിൽ ഇപ്പോൾ പണി നടന്നുകൊണ്ടുമിരിക്കുന്നു.