ബംഗാളിലെ പരമ്പരാഗത ചടങ്ങോടെ തിരൂരിൽ വിവാഹം
കോഴിക്കോട് പേരാമ്പ്ര സ്വദേശി ഗായത്രി ജനാർദ്ദനനും പശ്ചിമബംഗാളിൽനിന്നുള്ള സുദീപ്തേ ദേയും തമ്മിലുള്ള വിവാഹം വൈവിദ്ധ്യമായ ആചാരങ്ങൾ കൊണ്ട് ശ്രദ്ധേയമായി
തിരൂർ: മലയാളിയുവതിക്ക് വംഗനാട്ടിൽനിന്ന് വരനെത്തി. വിവാഹം തിരൂരിലെ ഖത്തർ ഓഡിറ്റോറിയത്തിൽ ബംഗാളിലെ പരമ്പരാഗത ചടങ്ങോടെ കഴിഞ്ഞ ദിവസം രാത്രി നടത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയും മാങ്ങാട്ടിരി ‘കാർത്തിക’യിൽ താമസക്കാരനും മന്ത്രി വി. അബ്ദുറഹ്മാന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമായ ജനാർദനൻ പേരാമ്പ്രയുടെയും പി. രാജിയുടെയും മകൾ ഗായത്രി ജനാർദനന് മിന്നുകെട്ടാനാണ് ബംഗാളിൽനിന്ന് സുദീപ്തേ ദേ എത്തിയത്.
ഇരുവരും ജോലിക്കിടയിലാണ് പരിചയപ്പെട്ടത്. ബിൽകാഷ് കുമാർദേയുടെയും ദീപാലി ദേയുടെയും മകനാണ് സുദീപ്തേ ദേ. ഇദ്ദേഹം ബെംഗളൂരുവിൽ സ്ഫുട്നിക് വാക്സിൻ കമ്പനിയിലാണ് ജോലിചെയ്യുന്നത്. ഗായത്രി വെറ്ററിനറി ഡോക്ടറാണ്. ഇരുവരും യു.കെയിലാണ് പഠിച്ചത്.