KeralaNEWS

കഞ്ഞിക്കുഴിയിലെ പുന്നയാർ വെള്ളച്ചാട്ടം

 
ടുക്കി ജില്ലയിൽ എത്ര വെള്ളച്ചാട്ടമുണ്ടെന്ന് ചോദിച്ചാൽ ഇടുക്കിക്കാർ പോലും ഒരു പക്ഷെ കൈമലർത്തിയെന്നുവരാം.ഓരോ മഴയ്ക്കും അസംഖ്യം വെള്ളച്ചാട്ടങ്ങളാണ് ഇവിടെ പുതുതായി രൂപപ്പെടുന്നത്.പച്ചവിരിച്ച മലകളും കോട വാരി വിതറിയ കുന്നുകളും കോരി തണുപ്പിക്കുന്ന കുളിരും നിറഞ്ഞ ഹിൽസ്റ്റേഷനുകൾക്കിടയിൽ നാം അറിയാത്ത നിരവധി മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളുണ്ട്.അവയിലൊന്നാണ്  കഞ്ഞിക്കുഴിയിലെ പുന്നയാർ വെള്ളച്ചാട്ടം…
 
ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ ഒരു മിനി പതിപ്പാണ് ഇടുക്കി ജില്ലയിലെ വണ്ണപ്പുറത്തിനടുത്തുള്ള കഞ്ഞിക്കുഴിയിലെ പുന്നയാർ  വെള്ളച്ചാട്ടം.തൊടുപുഴ വണ്ണപ്പുറം വഴി 40 കി.മീ സഞ്ചരിച്ചാൽ പുന്നയാർ വെള്ളച്ചാട്ടത്തിലെത്താം.അടിമാലി- കട്ടപ്പന റൂട്ടില്‍ കീരിത്തോട്ടില്‍ നിന്നും നാലര കിലോമീറ്റര്‍ യാത്ര ചെയ്താലും പുന്നയാർ വെള്ളച്ചാട്ടത്തിലെത്താം.
പാറക്കെട്ടുകളും ഒഴുക്കും കൂടുതലായതിനാൽ ശ്രദ്ധയോടെ വേണം വെള്ളച്ചാട്ടത്തിൽ ഇറങ്ങാൻ എന്നു മാത്രം.
 
 കുന്നുകൾക്കിടയിലൂടെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരം ഒഴുകി വന്ന് മുകളിൽ നിന്ന് പലതട്ടുകളായിട്ടാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്.വെള്ളത്തിന് ഐസിനെക്കാൾ തണുപ്പും.ഇടുക്കിയിലെ ഏറ്റവും സൗന്ദര്യമുള്ള വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഇത്.  അതിനാൽ തന്നെ ദിവസത്തിനു ദിവസം ഇവിടെ തിരക്കേറിവരികയാണ്.കോവിഡ് ലോക്ഡൗൺ കാലത്തിനുശേഷം ആരോ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് ഈ വെള്ളച്ചാട്ടം പ്രശസ്തിയുടെ ഔന്നത്യത്തിലെത്തിയത്.ഇതുപോലെ ധാരാളം വെള്ളച്ചാട്ടങ്ങൾ ഇടുക്കിയിലുണ്ട്.പലർക്കും അതറിയുകയില്ലെന്ന് മാത്രം.

മൺസൂൺ മണ്ണിനെ തൊടുമ്പോൾ മെലിഞ്ഞുണങ്ങിയ നീരുറവകൾ നിറഞ്ഞൊഴുകും.ഇടുക്കി അപ്പോൾ വെള്ളച്ചാട്ടങ്ങളുടെ സ്വന്തം നാടാകും…മഴ മണ്ണിനെ അനുഗ്രഹിച്ചു കഴിഞ്ഞാൽ ഒഴുക്കുവെള്ളത്തിന്റെ മുടിയാട്ടം തുടങ്ങും. ഇടുക്കിയിലെ പാറക്കെട്ടുകളിൽ വന്യമായ താളങ്ങളു‍ടെ ജലതരംഗങ്ങൾ തീർത്ത് അവ പതഞ്ഞൊഴുകും, ചിലപ്പോൾ വെള്ളനുര ചിതറി. മഴയുടെ പിന്നണിയുണ്ടേൽ നിറഭേദങ്ങളോടെ...!!

കാഴ്ചയിൽ പാൽനുര ചിതറി ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ അതിലേക്ക് ഇറങ്ങാൻ മനസ്സിനെ ക്ഷണിക്കും. എന്നാൽ, ഒഴുക്കുവെള്ളത്തിന്റെ ശക്തി പ്രവചനാതീതമാണ്.വെള്ളച്ചാട്ടങ്ങൾ കാണാനുള്ളതാണ്.പ്രകൃതിയിലലിഞ്ഞ് പുതിയൊരു ഊർജം നേടാനുള്ള അവസരം. സാഹസികതയ്ക്ക് മുതിർന്ന് അത് വീടിനും നാടിനും തോരാക്കണ്ണീരാകാതിരിക്കാനുള്ള ഉത്തരവാദിത്വം ഓരോ യാത്രികനുമുണ്ട്… അത് മറക്കാതിരിക്കുക!

Back to top button
error: