തിരുവനന്തപുരം: കേരള റബർ ലിമിറ്റഡ് അടുത്ത മേയിൽ പ്രവർത്തനമാരംഭിക്കുമെന്ന് മന്ത്രി പി.രാജീവ്. വെള്ളൂർ എച്ച്എൻഎൽ, സർക്കാർ ഏറ്റെടുത്ത ശേഷം പുനഃസംഘടിപ്പിച്ച് പുതുതായി രൂപം നൽകിയ കമ്പനിയാണ് കേരള റബർ ലിമിറ്റഡ്. റബർ അധിഷ്ഠിത മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിട്ടും റബർ വ്യവസായത്തിന് എല്ലാത്തരം സാങ്കേതിക പിന്തുണ നൽകാൻ ഉദ്ദേശിച്ചും രൂപം നൽകിയ കമ്പനി സിയാൽ മാതൃകയിലാണ് പ്രവർത്തിക്കുക. വെള്ളൂരിലെ 145 ഏക്കർ ഭൂമി കിൻഫ്ര റബർ ലിമിറ്റഡിന് ഉടനെ കൈമാറും. കമ്പനിയുടെ പ്രാരംഭ പ്രവർത്തന പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
കമ്പനിയുടെ ഡിപിആർ രണ്ടു മാസത്തിനുള്ളിൽ തയാറാക്കും. സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള, സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഭൂരിപക്ഷ ഓഹരിയുടമാവകാശമുള്ള ഒന്നായിരിക്കും കമ്പനി. സ്വാഭാവിക റബറിന്റേയും വ്യാവസായികാടിസ്ഥാനത്തിലുള്ള റബർ ഉൽപന്നങ്ങളുടേയും നിർമ്മാണത്തിനും ഉൽപാദനത്തിനും ഏറ്റവും അനുയോജ്യമായ ഒന്നായി കമ്പനിയെ മാറ്റണമെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. .
കൊച്ചി വിമാനത്താവളം (സിയാൽ) മാതൃകയിൽ റബറധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തിനായി രൂപീകരിച്ച കേരള റബർ ലിമിറ്റഡ് പദ്ധതിയിൽ 1000 കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന റബർ ഇവിടെത്തന്നെ സംസ്കരിച്ച് ഉൽപന്നങ്ങളാക്കി മാറ്റാനും അതുവഴി തൊഴിലവസരങ്ങളും കൃഷിക്കാർക്കും വ്യവസായികൾക്കും കൂടുതൽ വരുമാനവും ലഭ്യമാക്കാനാണു ശ്രമം.