ആലപ്പുഴക്കാരി കന്യാസ്ത്രീ, സിസ്റ്റര്‍ മേരിമേഴ്സി ജലന്ധറിലെ കോണ്‍വെന്റില്‍ സംശയകരമായി മരിച്ച നിലയിൽ
കോണ്‍വെന്റ് ചാപ്പലിലെ ജനാലഴിയില്‍ തൂങ്ങിമരിച്ച നിലയിലാണ് സിസ്റ്റര്‍ മേരി മേഴ്സിയുടെ മൃതദേഹം കണ്ടെത്തിയത്. മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും തലേന്ന് രാത്രി വീട്ടിലേക്കു വിളിച്ചിരുന്നെന്നും ഡിസംബര്‍ രണ്ടാം തിയതിയിലെ ജന്മദിനത്തെ കുറിച്ചടക്കം ആഹ്ലാദത്തോടെ സംസാരിച്ചിരുന്നെന്നും കുടുംബാഗങ്ങൾ പറയുന്നു
ന്യൂഡല്‍ഹി: പഞ്ചാബിലെ ജലന്ധറില്‍ കന്യാസ്ത്രീയെ സംശയകരമായ നിലയില്‍ മരിച്ചതായി കണ്ടെത്തി. കോണ്‍വെന്റ് ചാപ്പലിലെ ജനാലഴിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കത്തോലിക്കാ വിഭാഗത്തിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ മേരി മേഴ്സിയുടെ മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴയിലെ ചേര്‍ത്തലയ്ക്കടുത്തുള്ള ആര്‍ത്തുങ്കൽ സ്വദേശിയാണ് സിസ്റ്റര്‍ മേരി മേഴ്സി. ഇറ്റാലിയന്‍ സന്യാസിനി സമൂഹമായ ഫ്രാന്‍സിസ്കന്‍ ഇമ്മാകുലേറ്റൈന്‍ സിസ്റ്റേഴ്സിന്റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു സിസ്റ്റര്‍ മേരി മേഴ്സി.
മരണം സ്ഥിരീകരിച്ച് കൊണ്ട് ബിഷപ്പ് ഹൗസില്‍ നിന്നും അറിയിപ്പ് നല്‍കിയെങ്കിലും മരണകാരണം സംബന്ധിച്ചൊന്നുമുള്ള വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല. 30ന് ആത്മഹത്യ ചെയ്തതായാണ് സഭാ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും നടപടികളില്‍ സംശയം പ്രകടിപ്പിച്ചും പിതാവ് ജോണ്‍ ഔസേഫ് കളക്ടര്‍ക്കു പരാതി നല്കി.
ജലന്ധര്‍ രൂപതയില്‍പെട്ട സാദിഖ് ഔവ്വര്‍ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വെന്റിലായിരുന്നു മേരിമേഴ്സി. നാലുവര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തു വച്ചാണ് ആത്മഹത്യ ചെയ്തത്. 29നു രാത്രിയും മകള്‍ ഉല്ലാസവതിയായി വീട്ടിലേക്കു വിളിച്ചിരുന്നെന്നും ഡിസംബര്‍ രണ്ടാം തിയതിയിലെ ജന്മദിനത്തെ കുറിച്ചടക്കം ആഹ്ലാദത്തോടെ സംസാരിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.