NEWS

ടൂറിസ്റ്റ്ബസിൽ എം.ഡി.എം.എ മയക്കുമരുന്ന് കടത്തിയ 24 കാരനെ നാടകീയമായി പിടികൂടി

ങ്കമാലി : അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എ മയക്കുമരുന്ന് കടത്തിയ യുവാവിനെ നർക്കോട്ടിക് അന്വേഷണ സംഘവും പൊലീസും ചേർന്ന് നാടകീയമായി പിടികൂടി.

ബഗ്ലൂരുവിൽ നിന്ന് കൊച്ചിയിലേക്ക് അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരനായ പെരുമ്പാവൂർ മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് ഏറാടിമുച്ചേത്ത് വീട്ടിൽ സുധീറാണ് (24) പിടിയിലായത്.
ജില്ല റൂറൽ എസ്.പി കെ. കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ച രാവിലെ ഏഴുമണിയോടെ റൂറൽ ജില്ല ആൻറി നാർക്കോട്ടിക്ക് പ്രത്യേക അന്വേഷണ വിഭാഗവും അങ്കമാലി പൊലീസും ചേർന്ന് ദേശീയപാതയിൽ അങ്കമാലി കെ. എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ബസ് തടഞ്ഞ് നിർത്തുകയായിരുന്നു.

തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ യുവാവ് ഹെൽമറ്റിൽ പൊതിഞ്ഞ് രഹസ്യമായി സൂക്ഷിച്ചിരുന്ന 50 ഗ്രാം എം.ഡി.എം.എ അന്വേഷണ സംഘം കണ്ടെടുത്തു. ആർക്കും സംശയം തോന്നാത്ത വിധം ഹെൽമറ്റ് തോൾ ബാഗിൽ പൊതിഞ്ഞ് വച്ചിരിക്കുകയായിരുന്നു.
ഇയാൾ ഡിഗ്രി മുതൽ പഠിച്ചത് ബാംഗ്ലൂരുവിലാണ്. പ്രതിയെ കുടുതൽ ചോദ്യം ചെയ്തതോടെ സി.ജെ എന്ന് വിളിക്കുന്ന സുഡാൻ വംശജൻ ബൈക്കിൽ ‘ഹെന്നൂർ ‘ എന്ന സ്ഥലത്തെത്തിയാണ് മയക്കുമരുന്നു കൈമാറിയതെന്നാണ് ഇയാൾ പറയുന്നത്. പിടികൂടിയ എം.ഡി.എം.എക്ക് ലക്ഷങ്ങൾ വിലവരുമത്രെ.

കഴിഞ്ഞ മാസം ബാംഗ്ലൂരുവിൽ നിന്ന് കടത്തിയ 168 ഗ്രാം എം.ഡി.എം.എ ദേശിയ പാതയിൽ നെടുമ്പാശേരി കരിയാട് കവലയിലും പൊലീസ് പിടികൂടുകയുണ്ടായി. ആ അന്വേഷണം ത്വരിതഗതിയിൽ നടക്കുന്നതിനിടെയാണ് യുവാവ് പിടിയിലാകുന്നത്.
ഇയാൾ ആർക്കുവേണ്ടിയാണ് മയക്കുമരുന്നു കൊണ്ടുവന്നതെന്നും, എത്രനാളായി മയക്ക് മരുന്ന് കടത്തുന്നതെന്നും കൂടുതൽ ആളുകളുണ്ടോ എന്നകാര്യവും അന്വേഷിക്കുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
അതിനിടെ അങ്കമാലി മേഖലയിൽ പോലീസ് നടത്തുന്ന മയക്കുമരുന്ന് വേട്ടയിൽ എക്സെസ് വകുപ്പ് സഹകരിക്കുന്നില്ലന്ന് വ്യാപക ആക്ഷേപം ഉയർന്നിട്ടുണ്ട്.
മയക്കുമരുന്ന് പൊലീസ് പിടികൂടുമ്പോൾ അതിന്റെ തൂക്കവും മറ്റും അളന്ന് തിട്ടപ്പെടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് പൊലീസിന് സൗകര്യം ഇല്ല. അതിനാൽ അത്തരം സൗകര്യങ്ങൾക്കായി പൊലീസ് എക്സൈസിന്റെ സഹായം തേടിയാൽ മുടന്തൻ ന്യായങ്ങൾ നിരത്തി ഒഴിഞ്ഞു മാറുന്നുവെന്നാണ് ആക്ഷേപം.

Back to top button
error: