ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി, വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഇന്നു മുതല്‍ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി. കോവിഡ് കേസുകളില്‍ കുറവുവന്നതിനെ തുടര്‍ന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ പൂര്‍വസ്ഥിതിയിലാക്കാന്‍ തയാറെടുക്കുമ്പോഴാണു വീണ്ടും നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നത്.
വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവര്‍ യാത്രയ്ക്ക് മുന്‍പ് എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലം നല്‍കണം. 72 മണിക്കൂര്‍ മുന്‍പു ലഭിച്ച നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്യണം, കയ്യില്‍ കരുതണം. 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് പരിശോധന വേണ്ട. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കു മാത്രമേ യാത്ര അനുവദിക്കൂ. ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം.
റിസ്‌ക് വിഭാഗം രാജ്യങ്ങളായ യൂറോപ്യന്‍ രാജ്യങ്ങള്‍, യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലദേശ്, ബോട്‌സ്വാന, ചൈന, മൊറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാബ്വെ, സിംഗപ്പൂര്‍ ഹോങ്കോങ,് ഇസ്രയേല്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ യാത്രയ്ക്കു മുന്‍പുള്ള കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവെങ്കില്‍ യാത്ര ചെയ്യാം. ഇന്ത്യയിലെത്തിയ ശേഷവും കോവിഡ് പരിശോധന, ഫലം വരുന്നതു വരെ വിമാനത്താവളത്തില്‍ തുടരണം. (കണക്റ്റിങ് ഫ്‌ലൈറ്റ് ആണെങ്കിലും ഫലം വന്ന ശേഷമേ തുടര്‍യാത്ര അനുവദിക്കൂ), നെഗറ്റീവെങ്കില്‍ എത്തിച്ചേരുന്ന സ്ഥലത്ത് 7 ദിവസം സ്വന്തമായി ക്വാറന്റീനില്‍ കഴിയണം. 8-ാം ദിവസം വീണ്ടും പരിശോധന. നെഗറ്റീവായാലും 7 ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം. പോസിറ്റീവായാല്‍ ഐസലേഷനില്‍ ചികിത്സ. സാംപിള്‍ ജനിതക പരിശോധനയ്ക്കു വിടും.
ഗള്‍ഫ് മേഖല ഉള്‍പ്പെടെ റിസ്‌ക് വിഭാഗത്തില്‍പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യാത്രയ്ക്കു മുന്‍പുള്ള കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവെങ്കില്‍ യാത്ര ചെയ്യാം. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കു മാത്രമേ യാത്ര അനുവദിക്കൂ. ഓരോ വിമാനത്തിലും എത്തുന്ന യാത്രക്കാരില്‍ 5% ആളുകള്‍ക്ക് കോവിഡ് പരിശോധനയുണ്ടാകും. പരിശോധനയില്‍ നെഗറ്റീവാകുന്നവര്‍ക്കും പരിശോധനയില്‍ പെടാത്തവര്‍ക്കും പോകാന്‍ അനുമതി. 14 ദിവസം സ്വയം നിരീക്ഷണം വേണം. പോസിറ്റീവായാല്‍ കര്‍ശന ഐസലേഷനില്‍ ചികിത്സ. സാംപിള്‍ ജനിതക പരിശോധനയ്ക്ക് വിടും. ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് പോകുന്നവര്‍ അതതു രാജ്യങ്ങളിലെ നിബന്ധനകള്‍ക്ക് ബാധകമായി യാത്ര.