ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ തുരങ്കം; ജാഗ്രതയോടെ സേന
തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ-പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തി. ജമ്മുവിലെ സാംബ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്കു താഴെയാണ് തുരങ്കം കണ്ടെത്തിയതെന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യാഴാഴ്ച പട്രോളിങ്ങിനു പോയ ബി.എസ്.എഫ്. സംഘമാണ് ഇന്ത്യയുടെ ഭാഗത്തെ അതിര്‍ത്തിവേലിയില്‍നിന്ന് 50 മീറ്റര്‍ ദൂരത്തുളള തുരങ്കം ആദ്യം കണ്ടെത്തിയത്. തുരങ്കമുഖത്തിന് 25 അടി താഴ്ചയുള്ളതായാണ് സൂചന. പാകിസ്ഥാനില്‍ നിന്ന് ആരംഭിക്കുന്ന തുരങ്കം, ജമ്മുവിലെ സാംബയിലാണ് അവസാനിക്കുന്നതെന്ന് ജമ്മു ബി.എസ്.എഫ്. ഐ.ജി. എന്‍.എസ്. ജംവാലിനെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് സഹായകമാകുന്ന ഇത്തരം നിര്‍മിതികള്‍ മേഖലയില്‍ ഇനിയുമുണ്ടോ എന്നറിയാന്‍ ബി.എസ്.എഫ്. വ്യാപക പരിശോധന നടത്തി വരികയാണ്.
അതേസമയം, ദുരന്തമുഖത്ത് നിന്ന് മണല്‍ചാക്കുകളും കണ്ടെത്തിയിട്ടുണ്ട്. ഈ ചാക്കുകളില്‍ പാകിസ്താന് മുദ്രകളുള്ളതായും അധികൃതര്‍ അറിയിച്ചു. ചാക്കുകളില്‍ അവ നിര്‍മിച്ച തിയതിയും കാലാവധി അവസാനിക്കുന്ന തിയതിയും നല്‍കിയിട്ടുണ്ട്. ഇത് നല്കുന്ന സൂചന പ്രകാരം ഇവ ഈയടുത്താണ് നിര്‍മിച്ചിരിക്കുന്നതെന്നാണ്.
മണല്ച്ചാക്കുകളിലെ പാകിസ്ഥാന്റെ മുദ്രകളില്‍ നിന്ന് വ്യക്തമാക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയും വൈദഗ്ധ്യത്തോടെയുമാണ് തുരങ്കം നിര്‍മിച്ചിട്ടുള്ളത് എന്നാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.