കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിമാരകമാണെന്ന വിലയിരുത്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. വിവിധ വകുപ്പുകളുലിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക.
പുതിയ വകഭേദം അതിമാരകമാണെന്ന വിലയിരുത്തലിൽ കർശന ജാഗ്രത വേണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മുൻപ് കണ്ടെത്തിയ ഡെൽറ്റ വൈറസിനേക്കാൾ വിനാശകാരിയാണെന്നാണു കരുതുന്നത്.
പുതിയ കോവിഡ് വകഭേദം ബി.1.1.529ന് ഒമിക്രോണ്‍ എന്ന് നാമകരണം ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണ്‍ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ദക്ഷിണാഫ്രിക്കയ്ക്കു പുറമേ ഹോംഗോങ്ങിലും യൂറോപ്പിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാൻ, സിംഗപ്പൂർ , യുഎഇ , ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.