NEWS

വൃക്കകൾ വില്‍ക്കാനുണ്ടോ, ദാരിദ്രരും പാവങ്ങളുമായ ഇരകളെ തേടി കഴുകന്മാർ; ഏഴുലക്ഷം കടമുള്ള വീട്ടമ്മക്ക്​ എട്ടുലക്ഷം വാഗ്​ദാനം

വൃക്കകൈമാറ്റത്തിലെ വാണിജ്യതാത്പര്യങ്ങൾ തടയാൻ സർക്കാർ പല നിയമങ്ങളും കൊണ്ടുവരാറുണ്ടെങ്കിലും ആ വലകണ്ണികൾ പൊട്ടിക്കാനുള്ള സ്വാധീനവുമുണ്ട് ഈ മാഫിയക്ക്. ദാരിദ്രരും പാവങ്ങളുമായിരിക്കും ഇരകൾ. പുറത്തറിയരുത് എന്ന കർശന വ്യവസ്ഥയോടെയാണ് കച്ചവടം ഉറപ്പിക്കുക. അതു കൊണ്ട് അവയവദാനത്തിന് സന്നദ്ധരായി വരുന്നവർ ഒരക്ഷരം പറയില്ല

കോഴിക്കോട്: പാവങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂഷണം ചെയ്​ത് കേരളത്തിൽ അവയവമാഫിയ പിടിമുറുക്കുന്നു.
ദാരിദ്രരും പാവങ്ങളുമാണ് ഇരകൾ. പുറത്തറിയരുത് എന്ന കർശന വ്യവസ്ഥയോടെയാണ് കച്ചവടം ഉറപ്പിക്കുന്നത്. അതു കൊണ്ടു തന്നെ ആരും ഒരക്ഷരം പറയാൻ കൂട്ടാക്കില്ല.
അവയവദാനത്തിലെ വാണിജ്യതാത്പര്യങ്ങൾ തടയാൻ സർക്കാർ പല നിയമങ്ങളും കൊണ്ടുവരാറുണ്ടെങ്കിലും ആ വലക്കണ്ണികൾ പൊട്ടിക്കാനുള്ള കരുത്തും സ്വാധീനവുമുണ്ട് ഈ മാഫിയക്ക്.

Signature-ad

അതിനിടയിലാണ് മലപ്പുറം സ്വദേശിനിക്ക് വൃക്കനൽകാൻ സന്നദ്ധയായ കോട്ടപ്പുറംകാരി ശാന്തി (42)യുടെ കഥ പുറംലോകം അറിഞ്ഞത്.
വിഴിഞ്ഞം സ്വദേശിയായ വനിതയാണ്​ വൃക്ക വില്‍ക്കുന്നതി​ന്റെ സാധ്യതകള്‍ ശാന്തിയെ ധരിപ്പിച്ചത്​. പിന്നാലെ ഇവര്‍ പരിചയപ്പെടുത്തിയ മലപ്പുറം സ്വദേശി രംഗ​ത്തെത്തി. ഏഴുലക്ഷം രൂപ കടമുള്ള കുടുംബത്തിന്​ എട്ടുലക്ഷം രൂപയാണ്​ വാഗ്​ദാനം ചെയ്​തത്.

വാടക വീട്ടിലാണ് 26 വര്‍ഷമായി ശാന്തിയുടെ കുടുംബം താമസിക്കുന്നത്. രോഗികളായ ഭര്‍ത്താവി​നും മകനുമുള്ള ചികിത്സക്കും മൂത്ത മകളുടെ കല്യാണാവശ്യത്തിനും വാങ്ങിയ മൂന്നുലക്ഷം രൂപ ഡിസംബറില്‍ തന്നെ തിരികെ നല്‍​കണം. വീട്ടുവാടക 37,000 രൂപയും ഉടൻ കൊടുത്തു തീർക്കണം. കടം വാങ്ങിയ പണവും പലിശയും നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ശാന്തി വൃക്ക നല്‍കാന്‍ തയ്യാറായത്.

മകനും ഭര്‍ത്താവും അറിയാതെയായിരുന്നു ശാന്തിയുടെ നീക്കങ്ങൾ. അങ്ങനെ ഏജന്‍റി​ന്റെ നിര്‍ദേശപ്രകാരം ഒക്ടോബര്‍ 28ന്​ ശാന്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി. ട്രെയിന്‍ ടിക്കറ്റി​നുള്ള പണം ഏജന്‍റാണ്​ നല്‍കിയത്. ഏജന്‍റി​ന്റെ സഹായിയായ വനിതക്ക്​ പുറമേ, മറ്റ്​ രണ്ട്​ വനിതകള്‍ കൂടി വിഴിഞ്ഞത്ത്​ നിന്ന്​ വന്നിരുന്നു. ആശുപത്രിക്ക് സമീപമായിരുന്നു താമസം. ഏഴുദിവസത്തോളം ഇവിടെ താമസിച്ച്‌​ രക്ത പരിശോധന, സ്കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. പിന്നീട് ഇവര്‍ തിരികെ നാട്ടിലേക്ക് മടങ്ങി. ഇതിനിടയില്‍ ഏജന്‍റായ വനിത ശാന്തിയില്‍നിന്ന് 50,000 രൂപ കമീഷനായി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്‍കാന്‍ ശാന്തി തയാറായില്ല.

മലപ്പുറം സ്വദേശി 44 വയസ്സുകാരിക്ക് വേണ്ടിയാണ് ശാന്തിയുടെ വൃക്കയെന്നാണ്​ ഏജന്‍റ്​ പറഞ്ഞിരുന്നത്​. വൃക്ക സ്വീകരിക്കുന്ന ആളുടെ ആധാര്‍ കാര്‍ഡും ഏജന്‍റ്​ ഇവരെ കാണിച്ചിരുന്നു. ഡോക്ടര്‍ ചോദിക്കുമ്പോള്‍ സ്വമേധയാ വൃക്ക ദാനം ചെയ്യുന്നതായി പറയാനാണ് ഏജന്‍റ്​ ചട്ടംകെട്ടിയിരുന്നത്​. ശസ്ത്രക്രിയക്ക് മുന്നോടിയായി ഭര്‍ത്താവി​ന്റെ അനുമതി കൂടി വേണമെന്നും ഏജന്‍റ് ഇവരെ അറിയിച്ചു.

തിരികെ വീട്ടിലെത്തിയ ശേഷം ഇക്കഴിഞ്ഞ ആറിനാണ് ഇളയ മകനൊപ്പം വീണ്ടും ശാന്തി എറണാകുളത്തെ ആശുപത്രിയിൽ എത്തിയത്. എന്നാല്‍ പരിശോധനകള്‍ക്ക് ഒപ്പം പോകാന്‍ മകനെ ഏജന്‍റ്​ അനുവദിച്ചില്ല. ഇവരുടെ ഇടപാടുകളിലും പെരുമാറ്റത്തിലും സംശയം തോന്നിയ മകന്‍ വൃക്ക നല്‍കാന്‍ തയ്യാറ​ല്ലെന്ന് പറഞ്ഞ്​ മാതാവിനെ തിരികെ കൊണ്ടുവരികയായിരുന്നു. സംഭവത്തിൽ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിരവധിപേര്‍ പണത്തിനായി വൃക്ക വിറ്റതായാണ് പൊലീസി​ന്റെ നിഗമനം. പറഞ്ഞ തുക നൽകാതെ കബളിപ്പിക്കപ്പെട്ട ചിലരും പൊലീസിനെ സമീപിച്ചിട്ടുമുണ്ട്.

ഇതിനിടെ വൃക്കരോഗികൾക്കായി വൃക്കകൈമാറാൻ അനുമതിതേടി നൽകിയ അപേക്ഷ ഓതറൈസേഷൻ കമ്മിറ്റി തള്ളിയതിനെതിരെയുള്ള ഹർജി അനുവദിച്ചുകൊണ്ട് ഹൈക്കോടതി ചില നിർദ്ദേശങ്ങൾ ഹൈക്കോടതി മുന്നോട്ടു വച്ചു.
രക്തഗ്രൂപ്പ് ചേരാതെവരുന്ന ദാതാക്കളെ പരസ്പരം വെച്ചുമാറിയുള്ള സ്വാപ് ട്രാൻസ്‌പ്ളാന്റിന് അപേക്ഷനൽകുന്ന ഓരോ ജോടിയും ഉറ്റബന്ധുക്കളായിരിക്കണം എന്ന വ്യവസ്ഥ നടപ്പാക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന് ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു.
വൃക്ക നൽകാൻ തയ്യാറാകുമ്പോഴും രക്തഗ്രൂപ്പ് ചേരാതെ വരുമ്പോഴാണ് സമാനപ്രശ്നങ്ങൾ നേരിടുന്നവരുമായി കൈമാറ്റത്തിന് (സ്വാപ് ട്രാൻസ്‌പ്ളാന്റ്) അനുമതിതേടുന്നത്.
ഇത്തരത്തിൽ നൽകിയ അപേക്ഷ തള്ളിയതിനെതിരേ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി, ഇയാളുടെ മകന്റെ ഭാര്യാപിതാവും ദാതാവുമായ ഉമ്മർ ഫാറൂഖ്, കണ്ണൂർ സ്വദേശി സലീം, ഭാര്യയും ദാതാവുമായ ജമീല എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

മൊയ്തീൻകുട്ടിക്കും സലീമിനും അടിയന്തരമായി വൃക്കമാറ്റിവെക്കണം. ഉമ്മർ ഫാറൂഖും ജമീലയും ഇവർക്ക് വൃക്ക ദാനംചെയ്യാൻ തയ്യാറാണെങ്കിലും രക്തഗ്രൂപ്പു ചേരാത്തതിനാൽ സാധ്യമായില്ല. ഈ സാഹചര്യത്തിലാണ് ഹർജിക്കാർ പരസ്പരം ദാതാക്കളെവെച്ചു മാറിയുള്ള സ്വാപ് ട്രാൻസ്‌പ്ളാൻ്റിന് അനുമതിതേടി അപേക്ഷ നൽകിയത്. സലീമിന്റെ ഭാര്യയെന്നനിലയിൽ ജമീല അടുത്തബന്ധുവാണെങ്കിലും മൊയ്തീൻകുട്ടിയുടെ അടുത്തബന്ധുവായി ഉമ്മർ ഫാറൂഖിനെ കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ഓതറൈസേഷൻ കമ്മിറ്റി അനുമതി നിഷേധിച്ചത്. ഈ തീരുമാനമാണ് കോടതിയിൽ ചോദ്യംചെയ്തത്.

അവയവദാനത്തിന് നിയന്ത്രണമേർപ്പെടുത്തിയുള്ള നിയമത്തിലെ സെക്ഷൻ ഒമ്പത് (മൂന്ന്) പ്രകാരം അടുത്ത ബന്ധുക്കളല്ലാത്തവർക്കും അവയവദാനം നടത്താനാവുമെന്നതിനാൽ സ്വാപ് ട്രാൻസ്‌പ്ളാന്റിന്‌ അടുത്ത ബന്ധുക്കൾതന്നെ വേണമെന്നു പറയാനാവില്ലെന്ന് കോടതി വിലയിരുത്തി.

Back to top button
error: