NEWS

മലയാളത്തിൻ്റെ മാമാട്ടിക്കുട്ടിയമ്മയും തമിഴകത്തിൻ്റെ തലയും ‘ഒരു കുടുംബചിത്ര’ത്തിൽ

‘അമർക്കള’ത്തിൽ അഭിനയിക്കാൻ സംവിധായകൻ ശരൺ സമീപിച്ചപ്പോൾ പ്ലസ് ടു പരീക്ഷക്കുള്ള തയ്യാറെടുപ്പിലായിരുന്നു ശാലിനി. പരീക്ഷ കഴിയാതെ പുതിയ സിനിമകളൊന്നും ഏറ്റെടുക്കാനാവില്ലെന്ന് ശാലിനി പറഞ്ഞു. ശരൺ പിന്നീട് അജിതിനെ കൊണ്ട് വിളിപ്പിച്ചു. അപ്പോഴും പരീക്ഷയുടെ കാര്യം ആവർത്തിച്ചപ്പോൾ അജിത് ശാലിനിയോടു പറഞ്ഞു: ”ആദ്യം പരീക്ഷ എഴുതി തീർക്കൂ, ഞങ്ങൾ ഷൂട്ടിംങ് നീട്ടിവച്ചോളാം.”

മിഴകത്തിനു മാത്രമല്ല, മലയാളി പ്രേക്ഷകരെ സംബന്ധിച്ചും പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിന് കേരളത്തിലും ധാരാളം ആരാധകരുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അജിത്തോ ശാലിനിയോ സജീവമല്ല.  സാമൂഹ്യമാധ്യമങ്ങളില്‍ അജിത്തിന്റെ സാന്നിധ്യം ഇല്ലെങ്കിലും ആരാധകര്‍ തലയുടെ വിശേഷങ്ങള്‍ ആഘോഷമാക്കാറുണ്ട്.

Signature-ad

ഏറെ നാളുകൾക്കു ശേഷം അജിത്തിന്റെ ഒരു കുടുംബചിത്രം കണ്ട സന്തോഷത്തിലാണ് ആരാധകർ. മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനുമൊപ്പം നിൽക്കുന്ന അജിത്-ശാലിനി ദമ്പതികളുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

1999 ൽ ‘അമര്‍ക്കളം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. അമർക്കളത്തിലേക്ക് സംവിധായകൻ ശരൺ സമീപിച്ചപ്പോൾ ശാലിനി ആദ്യം സമ്മതിച്ചില്ല.
കാരണം ശാലിനിക്ക് പ്ലസ് ടു പരീക്ഷ എഴുതണമായിരുന്നു. പരീക്ഷയ്ക്ക് മുമ്പ് താൻ സിനിമകളൊന്നും ഏറ്റെടുക്കുന്നില്ലെന്ന് ശാലിനി പറഞ്ഞു.

പക്ഷേ ശരൺ വിട്ടില്ല. ശാലിനിയും അജിതും സിനിമയിൽ നല്ല ജോഡിയാണെന്ന് ശരണിന് തോന്നി. ഒരു നിവൃത്തിയുമില്ലാതെ ശരൺ അജിതിനെ കൊണ്ട് ശാലിനിയെ വിളിപ്പിച്ചു.

പരീക്ഷയുടെ കാര്യം ശാലിനി വീണ്ടും ആവർത്തിച്ചപ്പോൾ ശരണിനോട് പോലും ചോദിക്കാതെ അജിത് പറഞ്ഞു: ”ആദ്യം പരീക്ഷ എഴുതി തീർക്കൂ, ഞങ്ങൾ ഷൂട്ടിംങ് നീട്ടിവച്ചോളാം.”

പരീക്ഷ എഴുതി തീർത്തതിന് ശേഷം ശാലിനി ഷൂട്ടിങിനെത്തി.
ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ അജിത് പിടിച്ചിരുന്ന കത്തി ശാലിനിയുടെ കൈ തണ്ടയിൽ അബദ്ധത്തിൽ ഒരു വലിയ മുറിവുണ്ടാക്കി.

വേദനയോടെ കരയുന്ന ശാലിനിയെ കണ്ടപ്പോൾ അജിതിന്റെ മനസ്സ് വേദനിച്ചു. ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി തീർന്നത് എന്ന് അജിത് ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

അജിതും ശാലിനിയും വിവാഹിതരാകുന്നത് 2000 ലാണ്.
ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി അതോടെ സിനിമയോട് വിട പറഞ്ഞു. “അഭിനയം ഇഷ്ടമായിരുന്നു, പക്ഷേ അജിത്തിനെയാണ് കൂടുതല്‍ ഇഷ്ടം.”
മുഴുവന്‍ സമയ കുടുംബിനിയായതിനെക്കുറിച്ച് ശാലിനി പറഞ്ഞ വാക്കുകൾ ഇതാണ്.

“സിനിമ വിട്ടതില്‍ സങ്കടമില്ല. കാരണം വീടും സിനിമയും ഒരുമിച്ചു കൊണ്ട് പോകാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ജീവിതത്തില്‍ എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് എനിക്ക് വ്യക്തമായി അറിയമായിരുന്നു…”
ശാലിനി പറയുന്നു.

വിവാഹത്തിന് മുൻപ് തന്നെ മണിരത്നം ചിത്രം ‘അലൈപ്പായുതെ’ അടക്കമുള്ള സിനിമകൾ ശാലിനി പൂർത്തിയാക്കി. അഭിനയ ജീവിതത്തോട് വിടപറഞ്ഞിട്ട് 20 വർഷങ്ങളായെങ്കിലും ശാലിനി ഇന്നും അടുത്ത വീട്ടിലെ പെൺകുട്ടിയാണ് മലയാളികൾക്ക് .

അജിത്ത് നായകനായ ‘വലിമൈ’യാണ് ഇനി റിലീസാകാനുള്ള ചിത്രം. 2022 പൊങ്കല്‍ റിലീസായാണ് ‘വലിമൈ’ എത്തുക.

Back to top button
error: