Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsWorld

എംജിആറിനും ജയലളിതയ്ക്കും ശേഷം ആഴമേറുന്ന വിള്ളലുകള്‍; പ്രതിസന്ധികള്‍ പുത്തരിയല്ലാത്ത അണ്ണാ ഡിഎംകെയില്‍ സംഭവിക്കുന്നത്; വിഭാഗീയതയും കഷണങ്ങളായി ചിതറുന്നതും രണ്ടാണെന്നു നേതാക്കള്‍; എംഎല്‍എമാര്‍ കൂറുമാറിയത് കടുത്ത പ്രതിസന്ധി

14 വര്‍ഷത്തിലേറെ നീണ്ട ആറ് കാലയളവുകളിലായി ജയലളിത തമിഴ്നാട് ഭരിച്ചു. 'അമ്മ' എന്ന സാമൂഹിക പ്രതിച്ഛായയും അവരുടെ ക്ഷേമപദ്ധതികളും അണികള്‍ക്കിടയില്‍ ഏതാണ്ട് അന്ധമായ ഭക്തി വളര്‍ത്തിയെടുത്തു. 'ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന രാഷ്ട്രീയം പാര്‍ട്ടിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു, 2016-ല്‍ പാര്‍ട്ടി 136 സീറ്റുകള്‍ നേടി, ഇത് സംസ്ഥാനത്തെ ക്ഷേമപദ്ധതികളുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്'

ചെന്നൈ: അമ്പതിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ്, റിക്ഷാ തൊഴിലാളി, മത്സ്യത്തൊഴിലാളി, കര്‍ഷകന്‍ അല്ലെങ്കില്‍ ക്ലര്‍ക്ക് തുടങ്ങിയ സാധാരണക്കാരുടെ വേഷങ്ങള്‍ ചെയ്ത് പ്രശസ്തനായ ഒരു ചലച്ചിത്ര താരം ഒരു പാര്‍ട്ടിക്ക് രൂപം നല്‍കി. അത് ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) കുത്തക തകര്‍ക്കുകയും തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ രണ്ട് പ്രധാന തൂണുകളില്‍ ഒന്നായി മാറുകയും ചെയ്തു.

ഇന്ന്, ആ ചലച്ചിത്ര താരം എം.ജി. രാമചന്ദ്രന്‍ (എംജിആര്‍) സ്ഥാപിച്ച ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ), തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഉദയത്തോടെ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ ബോധമുള്ള സിനിമകളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ സൂപ്പര്‍സ്റ്റാര്‍ ജോസഫ് വിജയ് ആണ് ഈ പാര്‍ട്ടിയെ നയിക്കുന്നത്.

Signature-ad

എംജിആറും വിജയും ഒരേ രീതിയിലുള്ള പശ്ചാത്തലത്തില്‍ നിന്ന് വന്നവരാണെന്ന് തോന്നാമെങ്കിലും, അവര്‍ തമ്മില്‍ വലിയൊരു വ്യത്യാസമുണ്ട്.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഭരണപരമായ പദവിയിലേക്ക് എത്തുന്നതിന് മുമ്പ് എംജിആര്‍ 15 വര്‍ഷത്തിലധികം രാഷ്ട്രീയ ജീവിതത്തിലെ കഠിനമായ പാതയിലൂടെ കടന്നുപോയിരുന്നു. അദ്ദേഹത്തിന് പാര്‍ട്ടിയെയും അതിന്റെ അണികളെയും അതിന്റെ പ്രത്യയശാസ്ത്ര വേരുകളെയും അറിയാമായിരുന്നു, അവര്‍ക്ക് അദ്ദേഹത്തെയും അറിയാമായിരുന്നു.

മറുവശത്ത്, വിജയും അദ്ദേഹത്തിന്റെ ടിവികെയും ഒറ്റരാത്രികൊണ്ട് എന്നപോലെയാണ് ഉന്നതിയിലെത്തിയത്.

തങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പ് ശ്രമത്തില്‍ തന്നെ, തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റുകളില്‍ 108 എണ്ണവും ടിവികെ നേടുകയും എഐഎഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളുകയും ചെയ്തു. ഇത് എഐഎഡിഎംകെയില്‍ ഒരു പുതിയ പിളര്‍പ്പിന് കാരണമായി.

ഇത് ഇപ്പോഴും എംജിആര്‍ കെട്ടിപ്പടുക്കുകയും ജയലളിത വളര്‍ത്തുകയും ചെയ്ത പാര്‍ട്ടി തന്നെയാണോ എന്ന് ചോദ്യം ചെയ്തുകൊണ്ട് മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് എസ്. സെമ്മലൈ രാജി വെച്ചു. കൂടാതെ മുതിര്‍ന്ന നേതാക്കളായ എസ്.പി. വേലുമണി, സി.വി. ഷണ്‍മുഖം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എഐഎഡിഎംകെ മേധാവി എടപ്പാടി കെ. പളനിസ്വാമിയുടെ (ഇപിഎസ്) നേതൃത്വത്തെ എതിര്‍ത്തു രംഗത്തുവന്നു.

മേയ് 13-ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 25 വിമത എംഎല്‍എമാര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ടിവികെയെ പിന്തുണച്ചതോടെ ഇപിഎസ് ഒറ്റപ്പെടുകയും രാഷ്ട്രീയമായി പ്രതിരോധത്തിലാവുകയും ചെയ്തു.

എഐഎഡിഎംകെയ്ക്ക് പ്രതിസന്ധികള്‍ പുത്തരിയല്ല. എംജിആറിന്റെ മരണശേഷം പാര്‍ട്ടി ഒന്നിലധികം പിളര്‍പ്പുകളെ അതിജീവിക്കുകയും ഓരോ തവണയും സ്വയം പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ, വിള്ളലുകള്‍ കൂടുതല്‍ ആഴത്തിലുള്ളതാണെന്നും പാര്‍ട്ടി അതിന്റെ ഏറ്റവും ഗുരുതരമായ ആഭ്യന്തര പ്രതിസന്ധികളിലൊന്നിനെയാണ് അഭിമുഖീകരിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

മാത്രമല്ല, രണ്ടാമതൊരു നേതൃനിര ഇല്ലാത്തതിനാല്‍ പാര്‍ട്ടിയുടെ ഭാവിയില്‍ അനിശ്ചിതത്വം നിഴലിക്കുകയാണ്.

‘എല്ലാ മുതിര്‍ന്ന നേതാക്കളും വ്യത്യസ്ത നിലപാടുകളിലാണ്, അവര്‍ക്ക് ഒരുമിച്ചിരുന്ന് ഒരു കൂട്ടായ തീരുമാനമെടുക്കാന്‍ കഴിയുന്ന സാഹചര്യമല്ല ഉള്ളത്. ഓരോ നേതാവും ഏതാണ്ട് എല്ലാ ദിവസവും പരസ്പരം കുറ്റപ്പെടുത്തുന്നതിനാല്‍ പാര്‍ട്ടിയുടെ പൊതുചിത്രത്തിനും കേടുപാടുകള്‍ സംഭവിച്ചു. വിഭാഗീയതയും കഷണങ്ങളായി ചിതറുന്നതും രണ്ടും രണ്ടാണ്; ആദ്യത്തേത് പരിഹരിക്കാന്‍ സാധിക്കുമെങ്കിലും, രണ്ടാമത്തേതിന് ഒരു ഒത്തുതീര്‍പ്പിനുള്ള സാധ്യതയില്ല’- മുന്‍ എഐഎഡിഎംകെ നേതാവ് സെമ്മലൈ പറഞ്ഞു.

‘സാഹചര്യം വളരെ ദുര്‍ബലമാണ്, മുമ്പും പിളര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഈ പാര്‍ട്ടിയില്‍ തുടരുക എന്നത് ഒട്ടും സുഖകരമായ സാഹചര്യമല്ല. പാര്‍ട്ടി ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഐഎഡിഎംകെയുടെ ഉദയം

1972 ഒക്ടോബറില്‍ എംജിആറിനെ പുറത്താക്കിയതിനെത്തുടര്‍ന്ന് ഡിഎംകെയ്ക്ക് എതിരെയുള്ള നേരിട്ടുള്ള വെല്ലുവിളിയായാണ് എഐഎഡിഎംകെ ആരംഭിച്ചത്, അല്ലാതെ ഒരു പ്രത്യയശാസ്ത്ര പാര്‍ട്ടിയായല്ല അത് തുടങ്ങിയത്.

ആ സമയത്ത് എംജിആര്‍ ഡിഎംകെ പ്രവര്‍ത്തകനായും അതിന്റെ ട്രഷററായും സേവനമനുഷ്ഠിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വളര്‍ന്നുവരുന്ന ജനപ്രീതി, സിനിമയും രാഷ്ട്രീയവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍, പാര്‍ട്ടിയിലെ അഴിമതി ആരോപണങ്ങള്‍ എന്നിവ അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധിയും അദ്ദേഹവും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചു.

എംജിആര്‍ മന്ത്രിസഭയില്‍ ഒരു സ്ഥാനം ആവശ്യപ്പെട്ടെങ്കിലും സിനിമയും രാഷ്ട്രീയവും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി കരുണാനിധി അത് നിരസിച്ചു.

മറുവശത്ത്, എംജിആര്‍ പാര്‍ട്ടിയില്‍ അഴിമതി ആരോപിച്ചത് പലരെയും പ്രകോപിപ്പിച്ചു. ‘പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ’ പേരില്‍ അദ്ദേഹത്തെ പുറത്താക്കി, ഇത് ഒടുവില്‍ ഡിഎംകെ സ്ഥാപകന്‍ സി.എന്‍. അണ്ണാദുരൈയുടെ ബഹുമാനാര്‍ത്ഥം ‘അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം’ എന്ന പാര്‍ട്ടി രൂപീകരിക്കുന്നതിലേക്ക് നയിച്ചു. നാല് വര്‍ഷത്തിന് ശേഷം എംജിആര്‍ എഡിഎംകെയുടെ മുന്നില്‍ ‘ഓള്‍-ഇന്ത്യ’ ടാഗ് കൂട്ടിച്ചേര്‍ത്തു.

എംജിആര്‍ ഒറ്റയ്ക്കല്ല പടിയിറങ്ങിയത്. ഡിഎംകെ വിട്ടുവന്ന നാവലര്‍ നെടുഞ്ചെഴിയന്‍, പണ്‍രുട്ടി രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ള പരിചയസമ്പന്നരായ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു.

കരുണാനിധിയുടെ പ്രസംഗങ്ങളുടെ സാഹിത്യപരവും ദേശീയവുമായ ആകര്‍ഷണത്തില്‍ നിന്നാണ് ഡിഎംകെ അതിന്റെ കരുത്ത് ഉള്‍ക്കൊണ്ടതെങ്കില്‍, സിനിമയിലൂടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് എത്തിയ എംജിആറിന് കൂടുതല്‍ വ്യാപകമായ ജനസ്വാധീനമുണ്ടായിരുന്നു.

1977-ല്‍, പാര്‍ട്ടി സ്ഥാപിച്ച് വെറും അഞ്ച് വര്‍ഷത്തിന് ശേഷം, എംജിആര്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചു. 234-ല്‍ 130 സീറ്റുകള്‍ നേടി അദ്ദേഹം മുഖ്യമന്ത്രിയായി.

 

ക്ഷേമപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയമായി

വര്‍ഷങ്ങളായി, ജനക്ഷേമത്തിലൂന്നിയ രാഷ്ട്രീയത്തിലൂടെ എഐഎഡിഎംകെയുടെ ജനപ്രീതി വര്‍ദ്ധിച്ചു. 1977, 1980, 1984 വര്‍ഷങ്ങളിലെ വന്‍ ഭൂരിപക്ഷം തമിഴ്നാട്ടിലെ ശക്തനായ രാഷ്ട്രീയ നേതാവായി എംജിആറിനെ ഉറപ്പിച്ചു നിര്‍ത്തി.

കാവേരി ഡെല്‍റ്റയും വടക്കന്‍ തമിഴ്നാടും ഡിഎംകെയുടെ കോട്ടകളായിരുന്നപ്പോള്‍, എഐഎഡിഎംകെ തങ്ങളുടെ സ്വാധീനം തെക്കന്‍ ജില്ലകളിലേക്കും മത്സ്യത്തൊഴിലാളി സമൂഹങ്ങളിലേക്കും ഗോത്രവര്‍ഗക്കാരിലേക്കും സ്ത്രീകളിലേക്കും വ്യാപിപ്പിച്ചു.

1982 ജൂലൈ 1-ന് ആരംഭിച്ച സൗജന്യ ഉച്ചഭക്ഷണ പദ്ധതി എഐഎഡിഎംകെ ഭരണത്തിന്റെ നിര്‍ണായക പ്രതീകമായി മാറി. 1980-ല്‍ എംജിആര്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 50 ശതമാനമായി ഉയര്‍ത്തി, ഇത് ഗ്രാമീണ കര്‍ഷക സമൂഹങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്തു.

പിന്നീട് ജയലളിത ഈ ക്ഷേമ മാതൃകയെ കൂടുതല്‍ ശക്തമാക്കി, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ മിക്‌സി, ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്‌ടോപ്പുകള്‍, താലിക്കുള്ള സ്വര്‍ണം, നിശ്ചിത പരിധി വരെ സൗജന്യ വൈദ്യുതി എന്നിവയുള്‍പ്പെടെയുള്ള നേരിട്ടുള്ള ആനുകൂല്യ പദ്ധതികള്‍ വ്യാപിപ്പിച്ചു. ഈ നടപടികള്‍ ദ്രാവിഡ ജനപ്രിയതയുടെ സ്വഭാവത്തെ ഘടനാപരമായ പരിഷ്‌കാരങ്ങളില്‍ നിന്ന് അടിയന്തിര ക്ഷേമ വിതരണത്തിലേക്ക് മാറ്റിമറിച്ചു.

1980-ല്‍ കേന്ദ്ര സര്‍ക്കാര്‍ എംജിആറിന്റെ സര്‍ക്കാരിനെ പിരിച്ചുവിട്ടപ്പോള്‍ പോലും, അദ്ദേഹം ആ പിരിച്ചുവിടലിനെ ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി.

1984-ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗവും എംജിആറിന്റെ ആശുപത്രിവാസവും കോണ്‍ഗ്രസ്-എഐഎഡിഎംകെ സഖ്യത്തെ സംസ്ഥാന-പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം നേടാന്‍ സഹായിച്ചു.

രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തില്‍, എഐഎഡിഎംകെ സഖ്യങ്ങളുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. 1977-ലെ വിജയം കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ശേഷമാണ് ഉണ്ടായത്, കൂടാതെ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഡിഎംകെ വിരുദ്ധ വികാരവും ഇതിന് ഉത്തേജകമായി.

”1996 വരെ കോണ്‍ഗ്രസുമായുള്ള സഖ്യം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു പ്രധാന ഘടകമായി കാണപ്പെട്ടിരുന്നു. തമിഴ്നാട്ടില്‍ രണ്ടര പാര്‍ട്ടികളാണുള്ളത് എന്ന് പറയപ്പെട്ടിരുന്നു: ഡിഎംകെ, എഐഎഡിഎംകെ, കോണ്‍ഗ്രസ് എന്നിവയായിരുന്നു പ്രധാന കക്ഷികള്‍. എഐഎഡിഎംകെ ഇടതുപക്ഷ പാര്‍ട്ടികളും ചെറിയ പ്രാദേശിക പാര്‍ട്ടികളും പോലുള്ള ചെറിയ സഖ്യകക്ഷികളുമായും കൈകോര്‍ത്തിരുന്നു’ പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

എംജിആറിന്റെ മരണവും ആദ്യ പിളര്‍പ്പും

1987 ഡിസംബര്‍ 24-ന് എംജിആറിന്റെ മരണം ഒരു വലിയ ശൂന്യത സൃഷ്ടിക്കുകയും പാര്‍ട്ടിയെ ജയലളിതയുടെയും അദ്ദേഹത്തിന്റെ ഭാര്യ ജാനകിയുടെയും നേതൃത്വത്തിലുള്ള രണ്ട് വിഭാഗങ്ങളായി വിഭജിക്കുകയും ചെയ്തു.

പാര്‍ട്ടി എപ്പോഴും ഒരു വ്യക്തിയുടെ വ്യക്തിപ്രഭാവത്തെ ആശ്രയിച്ചാണ് നീങ്ങിയിരുന്നത്. അദ്ദേഹമില്ലാതെ, സ്വാഭാവികമായ ഒരു പിന്‍ഗാമി ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ നിഴലായി ആരാണ് കൂടുതല്‍ വിശ്വസനീയമായി മാറുന്നത് എന്നതിനെച്ചൊല്ലി മാത്രമായിരുന്നു മത്സരം.

ജാനകി വെറും 24 ദിവസം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചപ്പോള്‍, അണികള്‍ ജയലളിതയ്ക്കാണ് കൂടുതല്‍ പിന്തുണ നല്‍കിയത്. 1989-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു വിഭാഗങ്ങളും വെവ്വേറെ മത്സരിച്ചു, ഇത് 13 വര്‍ഷത്തിന് ശേഷം ഡിഎംകെയ്ക്ക് അധികാരം തിരിച്ചുപിടിക്കാന്‍ വഴിയൊരുക്കി.

പിന്നീട് ഈ വിഭാഗങ്ങള്‍ ജയലളിതയുടെ കീഴില്‍ വീണ്ടും ഒന്നിച്ചു, 1991-ല്‍ രാജീവ് ഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗം അവരെ അധികാരത്തിലെത്താന്‍ സഹായിച്ചു.

‘എംജിആറിന്റെ നിര്യാണത്തിന് ശേഷം, ജയലളിത തന്റെ വ്യക്തിപ്രഭാവം ഉപയോഗിക്കുകയും പാര്‍ട്ടിക്ക് ഇനി ഭാവിയുമില്ലെന്ന് കരുതിയ ഒരു ഘട്ടത്തില്‍ നിന്ന് എഐഎഡിഎംകെയെ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. പാര്‍ട്ടി അതിന്റെ ആദ്യത്തെ പിന്‍ഗാമി പ്രതിസന്ധിയെ അതിജീവിച്ചു’- അരുണ്‍ കുമാര്‍ പറയുന്നു.

 

ജയലളിത: ‘അമ്മ’ ബ്രാന്‍ഡ് കെട്ടിപ്പടുക്കല്‍

14 വര്‍ഷത്തിലേറെ നീണ്ട ആറ് കാലയളവുകളിലായി ജയലളിത തമിഴ്നാട് ഭരിച്ചു.
‘അമ്മ’ എന്ന സാമൂഹിക പ്രതിച്ഛായയും അവരുടെ ക്ഷേമപദ്ധതികളും അണികള്‍ക്കിടയില്‍ ഏതാണ്ട് അന്ധമായ ഭക്തി വളര്‍ത്തിയെടുത്തു. ‘ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന രാഷ്ട്രീയം പാര്‍ട്ടിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു, 2016-ല്‍ പാര്‍ട്ടി 136 സീറ്റുകള്‍ നേടി, ഇത് സംസ്ഥാനത്തെ ക്ഷേമപദ്ധതികളുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്’- രാഷ്ട്രീയ നിരീക്ഷകന്‍ രവീന്ദ്രന്‍ ദുരൈസാമി പറഞ്ഞു.

എന്നാല്‍ അവരുടെ ഒന്നാം ഭരണകാലത്ത് ശക്തമായ അഴിമതി ആരോപണങ്ങളും ഉയര്‍ന്നു വന്നു. പ്രഖ്യാപിത വരുമാനത്തേക്കാള്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് 1996 ഡിസംബറില്‍ അവര്‍ അറസ്റ്റിലായി. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടമാണ് പിന്നീട് നടന്നത്.

‘അഴിമതി ആരോപണങ്ങള്‍ എഐഎഡിഎംകെയ്ക്ക് വലിയ തിരിച്ചടിയായിരുന്നു, 1996-ല്‍ പാര്‍ട്ടിക്ക് ഇനി ഭാവിയുണ്ടാകില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ജയലളിത വീണ്ടും അധികാരം പിടിച്ചെടുത്തു’- അരുണ്‍ കുമാര്‍ പറയുന്നു.

”അതുപോലെ, ബിജെപിക്കുള്ള പിന്തുണ അവര്‍ പിന്‍വലിക്കുകയും ബിജെപി ഡിഎംകെയുമായി കൈകോര്‍ക്കുകയും ചെയ്തപ്പോള്‍, എഐഎഡിഎംകെയ്ക്ക് ഇനി ഭാവയില്ലെന്ന് ആളുകള്‍ പറഞ്ഞു. വീണ്ടും ജയലളിത 2001-ല്‍ തന്റെ പ്രതിച്ഛായ വീണ്ടെടുത്തു. ജനങ്ങള്‍ തന്നെ കാണുന്ന രീതി മാറ്റിയതിന് ശേഷം അമ്മ എന്ന ബ്രാന്‍ഡ് കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു’- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

2001-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ജയലളിതയ്ക്ക് വിലക്കുണ്ടായിരുന്നു, എങ്കിലും അവര്‍ എഐഎഡിഎംകെയെ വിജയത്തിലേക്ക് നയിക്കുകയും തുടര്‍ന്ന് യോഗ്യതയില്ലാത്ത ഒരു മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നിരുന്നാലും, സുപ്രീം കോടതി ഈ നിയമനത്തിനെതിരെ വിധി പുറപ്പെടുവിച്ചു. തുടര്‍ന്ന് അവര്‍ ഒ. പനീര്‍ശെല്‍വത്തെ (ഒപിഎസ്) തന്റെ പകരക്കാരനായി നിയമിച്ചു. ഒപിഎസ് ഈ പങ്ക് പലതവണ നിര്‍വഹിച്ചിട്ടുണ്ട്. 2014-ല്‍ ജയലളിത ശിക്ഷിക്കപ്പെടുകയും നാല് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ ഫലത്തില്‍ നിശ്ചലമായ അവസ്ഥയിലായപ്പോഴും ഒപിഎസ് വീണ്ടും ഭരണം ഏറ്റെടുത്തു.

വിവാദങ്ങള്‍ക്ക് കാരണമായ ഒരു വിധിയിലൂടെ കര്‍ണാടക ഹൈക്കോടതി 2015-ല്‍ അവരെ കുറ്റവിമുക്തയാക്കി. 2016 ഡിസംബറില്‍ അവര്‍ അന്തരിച്ചപ്പോള്‍, അവര്‍ക്കെതിരെയുള്ള സുപ്രീം കോടതി നടപടികള്‍ റദ്ദാക്കപ്പെട്ടു.

 

ജയലളിതയുടെ മരണശേഷമുള്ള പിളര്‍പ്പ്

ജയലളിതയുടെ മരണശേഷം ഉണ്ടായ അധികാര തര്‍ക്കം പാര്‍ട്ടിയുടെ സ്വഭാവത്തെ തന്നെ മാറ്റിമറിച്ചു. അവരുടെ ദീര്‍ഘകാല സഹായിയായിരുന്ന ശശികലയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. എന്നാല്‍ പല മുതിര്‍ന്ന നേതാക്കളും ഈ നീക്കത്തെ എതിര്‍ത്തു. താന്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്ന് അവകാശപ്പെട്ട് 2017 ഫെബ്രുവരി 7-ന് മറീന ബീച്ചില്‍ വെച്ച് ഒപിഎസ് പരസ്യമായി അവര്‍ക്കെതിരെ തിരിഞ്ഞു.

ശശികലയ്ക്ക് അധികാരം ഉറപ്പിക്കാന്‍ കഴിയുന്നതിന് മുമ്പ്, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതി അവരുടെ ശിക്ഷ ശരിവച്ചു. അവര്‍ ജയിലിലാവുകയും ഇപിഎസ് മുഖ്യമന്ത്രിയായി നിയമിതനാവുകയും ചെയ്തു.

ഒപിഎസും ഇപിഎസും തമ്മിലുള്ള പിളര്‍പ്പ് കോടതികളിലേക്ക് നീണ്ടു. ഇരുവിഭാഗവും പാര്‍ട്ടിയുടെ പേരും അതിന്റെ ചിഹ്നമായ ഇരട്ടയിലയും അവകാശപ്പെട്ടു രംഗത്തുവന്നു. 2017 ആഗസ്റ്റില്‍ അവര്‍ വീണ്ടും ഒന്നിച്ചെങ്കിലും അസ്വാരസ്യങ്ങള്‍ വീണ്ടും തലപൊക്കി. 2022 ജൂലൈയില്‍ ഒപിഎസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ഔദ്യോഗിക എഐഎഡിഎംകെയെ പ്രതിനിധീകരിക്കുന്നത് ആരാണെന്നതിനെച്ചൊല്ലി തിരഞ്ഞെടുപ്പ് കമ്മീഷനും കോടതികളും ദീര്‍ഘകാലത്തെ പോരാട്ടവേദിയായി മാറി. സംഘടനയ്ക്കുള്ളില്‍ ഭൂരിപക്ഷ പിന്തുണ തെളിയിക്കാന്‍ ഇരുവിഭാഗവും അണികളെയും ജില്ലാ സെക്രട്ടറിമാരെയും സംഘടിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും നിയമനടപടികള്‍ നീണ്ടുപോയി.

 

ഇപിഎസിന് കീഴിലുള്ള എഐഎഡിഎംകെ

2021 മുതല്‍ പ്രധാന പ്രതിപക്ഷമെന്ന നിലയില്‍, ഇപിഎസിന് കീഴില്‍ എഐഎഡിഎംകെ ഒരു ഏകനേതൃത്വ പാര്‍ട്ടിയായി മാറി. എന്നാല്‍ എംജിആറില്‍ നിന്നും ജയലളിതയില്‍ നിന്നും വ്യത്യസ്തമായി ഇപിഎസിന് ജനസ്വാധീനമുള്ള വ്യക്തിപ്രഭാവം കുറവായിരുന്നു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടത് അതിന്റെ ദ്രാവിഡ അടിത്തറയെ അകറ്റി. കൂടാതെ ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണി 39-ല്‍ 38 സീറ്റുകളും തൂത്തുവാരി.

എഐഎഡിഎംകെ 2023-ല്‍ ബിജെപിയുമായുള്ള ബന്ധം വേര്‍പെടുത്തിയെങ്കിലും 2025ഓടെ വീണ്ടും സഖ്യത്തിലേക്ക് മടങ്ങി. എന്നാല്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പാര്‍ട്ടിയെ മൂന്നാം സ്ഥാനത്തേക്ക് ചുരുക്കി.

‘ഇപിഎസ് ഒരു ജനകീയ നേതാവല്ല. കൊങ്കു വെള്ളാളര്‍ സമുദായത്തിന്റെയും പടിഞ്ഞാറന്‍ ജില്ലകളുടെയും പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു, എന്നാല്‍ പാര്‍ട്ടിക്ക് എപ്പോഴുമുണ്ടായിരുന്ന ആ ജനപ്രിയ പ്രതിച്ഛായ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല’- രാഷ്ട്രീയ നിരീക്ഷകന്‍ സുമന്ത് രാമന്‍ പറഞ്ഞു.

‘ഒരു നിശ്ചിത സമയത്തേക്ക് പാര്‍ട്ടിയുടെ പിന്തുണ തനിക്കുണ്ടെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു, എന്നാല്‍ 2021-ന് ശേഷം നിയമസഭയില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം നിയമസഭയില്‍ വരുത്തിയ ആ ശൂന്യതയ്ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായിരുന്നു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ഇപിഎസിനെ ഉത്തരവാദിയാക്കുകയും ആഭ്യന്തര ജനാധിപത്യം അടിച്ചമര്‍ത്തുന്ന ഏകാധിപതിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തുകൊണ്ട് ഷണ്‍മുഖം ഇപിഎസിനെ വിമര്‍ശിച്ചു.

ഒപിഎസ് ഉള്‍പ്പെടെ പുറത്താക്കപ്പെട്ട നേതാക്കളെ വീണ്ടും പാര്‍ട്ടിയില്‍ എടുക്കാന്‍ ഇപിഎസ് വിസമ്മതിച്ചതായും തിരഞ്ഞെടുപ്പിന് മുമ്പ് ടിവികെയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതായും സഖ്യകക്ഷികളെ മാറ്റിനിര്‍ത്തിയതായും അദ്ദേഹം ആരോപിച്ചു.

പരാജയങ്ങളുടെ കാരണങ്ങള്‍ വിശകലനം ചെയ്യാന്‍ ഒരു പൊതു കൗണ്‍സില്‍ യോഗം വിളിക്കാനോ ആത്മപരിശോധന നടത്താനോ നിലവിലെ നേതൃത്വം തയ്യാറായില്ലെന്ന് ഷണ്‍മുഖം ആരോപിച്ചു. എസ്.പി. വേലുമണിയുടെയും സി. വിജയഭാസ്‌കറിന്റെയും പിന്തുണയുള്ള വിമത വിഭാഗം, നിലവിലുള്ള എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ ജനറല്‍ കൗണ്‍സില്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

‘പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക ബുദ്ധിമുട്ടായിരിക്കും. എംജിആറും ജയലളിതയും ജാതിഭേദമന്യേ സംസ്ഥാനത്തുടനീളം പിന്തുണ നേടാന്‍ കഴിഞ്ഞ നേതാക്കളായിരുന്നു. ഇപിഎസിന്റെ സമുദായ സ്വത്വം ഈ സമവാക്യത്തിലേക്ക് വന്നപ്പോള്‍, അത് അദ്ദേഹത്തെ വ്യക്തിപരമായി ശക്തിപ്പെടുത്തിയെങ്കിലും പാര്‍ട്ടിയുടെ സര്‍വ്വ-ജാതി പിന്തുണയെ ദുര്‍ബലപ്പെടുത്തി’- രാഷ്ട്രീയ നിരീക്ഷകന്‍ രവീന്ദ്രന്‍ ദുരൈസാമി പറഞ്ഞു. പാര്‍ട്ടിയുടെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കെ, എഐഎഡിഎംകെയുടെ ഇരുവിഭാഗങ്ങളും ഒരു നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചനകള്‍.

#TamilNaduPolitics, #TNPolitics, #DravidianPolitics, #AIADMK, #TVK, #DMK, #VijayTVK, #EPS, #EdappadiPalaniswami, #ThalapathyVijay, #ActorVijay, #MGR, #Jayalalithaa, #PoliticalAnalysis, #TNElections, #TamilNaduNews #AIADMKCrisis, #SureshRaina, #OPanneerselvam, #OPS, #Sasikala, #KonguBelt, #PoliticalVacuum, #RebelMLAs, #TamilNews, #ChennaiPolitics

Back to top button
error: