നാറ്റോ പിളര്‍പ്പിലേക്ക്? സ്പെയിനിനെ സസ്പെന്‍ഡ് ചെയ്തേക്കും; ബ്രിട്ടണും മുന്നറിയിപ്പ്; ഇങ്ങോട്ടില്ലെങ്കില്‍ അങ്ങോട്ടും ഇല്ലെന്ന നിലപാടിലേക്ക് അമേരിക്ക; നയം വ്യക്തമാക്കുന്ന നിര്‍ണായക ഇ-മെയില്‍ സന്ദേശം പുറത്ത്; സഖ്യകക്ഷികള്‍ എന്നാല്‍ ‘കടലാസ് കടുവകള്‍’ അല്ലെന്നും പെന്റഗണ്‍

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസ് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ പരാജയപ്പെട്ടതായി കരുതുന്ന നാറ്റോ സഖ്യകക്ഷികള്‍ക്കെതിരേ നടപടിയെടുക്കണമെന്നു പെന്റഗണ്‍. ഇതു സംബന്ധിച്ച ഇ-മെയില്‍ വിവരങ്ങളാണ് പുറത്തുവന്നത്. സ്പെയിനിനെ സഖ്യത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുക, ഫാല്‍ക്ക്ലന്‍ഡ് ദ്വീപുകളുടെ (Falkland Islands) മേലുള്ള ബ്രിട്ടന്റെ അവകാശവാദത്തില്‍ യുഎസ് നിലപാട് പുനഃപരിശോധിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ഇറാന് യുദ്ധത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്സിന് പ്രവേശനം, താവളം, വ്യോമാതിര്‍ത്തി എന്നിവയ്ക്കുള്ള അവകാശങ്ങള്‍ – അതായത് എബിഒ (ABO- access, basing and overflight rights) നല്കാന് ചില സഖ്യകക്ഷികള്‍ കാട്ടിയ വിമുഖതയിലോ വിസമ്മതത്തിലോ ഉള്ള അതൃപ്തിയാണ് നയരൂപീകരണ കുറിപ്പില്‍ വിശദീകരിക്കുന്നത്.
എബിഒ എന്നത് ‘നാറ്റോയുടെ ഏറ്റവും അടിസ്ഥാനപരമായ ബാധ്യത’ മാത്രമാണെന്ന് ഇമെയില്‍ പ്രസ്താവിക്കുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ പെന്റഗണിലെ ഉന്നത തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാറ്റോയിലെ പ്രധാനപ്പെട്ടതോ പ്രശസ്തമായതോ ആയ സ്ഥാനങ്ങളില്‍ നിന്ന് ‘ബുദ്ധിമുട്ടുണ്ടാക്കുന്ന’ രാജ്യങ്ങളെ സസ്പെന്‍ഡ് ചെയ്യുന്ന കാര്യവും ഒരു ഓപ്ഷനായി ഇമെയിലിലുണ്ട്.
ഫെബ്രുവരി 28-ന് വ്യോമയുദ്ധം ആരംഭിച്ചതിനെത്തുടര്‍ന്ന് ആഗോള കപ്പല്‍ ഗതാഗതത്തിനായി അടച്ചിട്ട ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സഹായിക്കുന്നതിന് സ്വന്തം നാവികസേനയെ അയക്കാത്തതിന് നാറ്റോ സഖ്യകക്ഷികളെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സഖ്യത്തില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ യുഎസ് പിന്മാറണമെന്ന് ഇമെയില്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നും യൂറോപ്പിലെ താവളങ്ങള്‍ അടച്ചുപൂട്ടാന്‍ അത് നിര്‍ദ്ദേശിക്കുന്നില്ലെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. എന്നിരുന്നാലും, യൂറോപ്പില്‍ നിന്ന് ചില സേനകളെ പിന്‍വലിക്കുന്നതിനെക്കുറിച്ച് പരാമര്‍ശമുണ്ടോ എന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
‘പ്രസിഡന്റ് ട്രംപ് പറഞ്ഞതുപോലെ, യുണൈറ്റഡ് സ്റ്റേറ്റ്സ് നാറ്റോ സഖ്യകക്ഷികള്‍ക്കായി ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും പകരമായി, ഞങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ അവര്‍ അവിടെ ഉണ്ടായിരുന്നില്ല’- ഇമെയിലിനെക്കുറിച്ച് പെന്റഗണ്‍ പ്രസ് സെക്രട്ടറി കിംഗ്സ്ലി വില്‍സണ്‍ പറഞ്ഞു. ‘ഞങ്ങളുടെ സഖ്യകക്ഷികള്‍ ഇനിമുതല്‍ ഒരു ‘പേപ്പര്‍ ടൈഗര്‍’ ആയിരിക്കില്ലെന്നും പകരം അവരുടെ പങ്ക് നിര്‍വഹിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ പ്രസിഡന്റിന് വിശ്വസനീയമായ ഓപ്ഷനുകള്‍ ഉണ്ടെന്ന് യുദ്ധവകുപ്പ് ഉറപ്പാക്കും. ആഭ്യന്തര ചര്‍ച്ചകളെക്കുറിച്ച് ഞങ്ങള്‍ക്ക് കൂടുതല്‍ പ്രതികരിക്കാനില്ല’- വില്‍സണ്‍ പറഞ്ഞു.
‘ഭാവി’യില്‍ തീരുമാനം
ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം 76 വര്‍ഷം പഴക്കമുള്ള ഈ കൂട്ടായ്മയുടെ ഭാവിയില്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്ന് വിശകലന വിദഗ്ധരും നയതന്ത്രജ്ഞരും പറയുന്നു. യൂറോപ്യന്‍ സഖ്യകക്ഷികള്‍ ആക്രമിക്കപ്പെട്ടാല്‍ യുഎസ് അവരുടെ സഹായത്തിന് എത്തിയേക്കില്ല എന്ന അഭൂതപൂര്‍വമായ ആശങ്കയ്ക്കും ഇത് കാരണമായിട്ടുണ്ട്.
യുഎസ് നാവിക ഉപരോധത്തില്‍ ചേരുന്നത് യുദ്ധത്തില്‍ പ്രവേശിക്കുന്നതിന് തുല്യമാണെന്ന് ബ്രിട്ടനും ഫ്രാന്‍സും പറയുന്നു. ശാശ്വതമായ വെടിനിര്‍ത്തലോ അല്ലെങ്കില്‍ സംഘര്‍ഷം അവസാനിക്കുകയോ ചെയ്തുകഴിഞ്ഞാല്‍ കടലിടുക്ക് തുറന്ന നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചു.
എന്നാല്‍, നാറ്റോ എന്നത് ഒരു വശത്തേക്ക് മാത്രമുള്ള പാതയല്ലെന്ന് ട്രംപ് ഭരണകൂടം ഊന്നിപ്പറയുന്നു. സ്പെയിനിന്റെ നിലപാടില്‍ അവര്‍ അതൃപ്തി പ്രകടിപ്പിച്ചു. ഇറാന്റെ മേല്‍ ആക്രമണം നടത്താന്‍ തങ്ങളുടെ താവളങ്ങളോ വ്യോമാതിര്‍ത്തിയോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സ്പെയിനിലെ സോഷ്യലിസ്റ്റ് നേതൃത്വം പറഞ്ഞിരുന്നു. സ്പെയിനില്‍ യുഎസിന് രണ്ട് പ്രധാന സൈനിക താവളങ്ങളുണ്ട്: നേവല്‍ സ്റ്റേഷന് റോട്ടയും മൊറോണ്‍ എയര്‍ ബേസും.
യൂറോപ്പിനു കൃത്യമായ സൂചന നല്‍കുകയെന്ന ലക്ഷ്യത്തില്‍ നാറ്റോ സഖ്യകക്ഷികള്‍ക്ക് ശക്തമായ സന്ദേശം നല്‍കാനാണ് ഇമെയിലിലെ നിര്‍ദ്ദേശങ്ങളെന്ന് ഉദ്യോഗസ്ഥന് ചുരുക്കത്തില്‍ പറഞ്ഞു. സ്പെയിനിനെ സഖ്യത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നത് യുഎസ് സൈനിക പ്രവര്‍ത്തനങ്ങളില്‍ പരിമിതമായ സ്വാധീനം മാത്രമേ ഉണ്ടാക്കൂ എങ്കിലും അത് വലിയൊരു പ്രതീകാത്മക ആഘാതമായിരിക്കുമെന്ന് ഇമെയില്‍ വാദിക്കുന്നു.
സ്പെയിനിനെ സഖ്യത്തില്‍നിന്ന് എങ്ങനെ സസ്പെന്‍ഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയില്ല. അതിനായി നിലവില്‍ നാറ്റോയില്‍ എന്തെങ്കിലും സംവിധാനമുണ്ടോയെന്നും വ്യക്തമല്ല.
‘ഞങ്ങള്‍ ഇമെയിലുകള്‍ അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. ഔദ്യോഗിക രേഖകളുടെയും സര്‍ക്കാര്‍ നിലപാടുകളുടെയും അടിസ്ഥാനത്തിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്’- സൈപ്രസില്‍ യൂറോപ്യന്‍ യൂണിയന് നേതാക്കളുടെ യോഗത്തിന് മുന്നോടിയായി സ്പാനിഷ് പ്രധാനമന്ത്രി സാഞ്ചസ് പറഞ്ഞു.
അര്‍ജന്റീനയ്ക്ക് സമീപമുള്ള ഫാല്‍ക്ക്ലന്‍ഡ് ദ്വീപുകള്‍ പോലുള്ള യൂറോപ്പിന്റെ പഴയകാല ‘സാമ്രാജ്യത്വ കൈവശാവകാശങ്ങള്ക്കുള്ള’ (-imperial possessions-) യുഎസ് നയതന്ത്ര പിന്തുണ പുനഃപരിശോധിക്കാനുള്ള നിര്‍ദ്ദേശവും മെമ്മോയിലുണ്ട്. നിലവില്‍ ബ്രിട്ടന്റെ ഭരണത്തിന് കീഴിലുള്ള ഈ ദ്വീപുകളില്‍ അര്‍ജന്റീനയും അവകാശവാദം ഉന്നയിക്കുന്നുണ്ട്. അര്‍ജന്റീനയുടെ ലിബര്‍ട്ടേറിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലി ഒരു ട്രംപ് അനുയായിയാണ്.
1982-ല്‍ ഈ ദ്വീപുകളെച്ചൊല്ലി ബ്രിട്ടനും അര്‍ജന്റീനയും തമ്മില്‍ യുദ്ധം നടന്നിരുന്നു. ഇറാന് യുദ്ധത്തില്‍ ചേരാനുള്ള വൈമുഖ്യം കാരണം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ ‘ഭീരു’ എന്ന് ട്രംപ് ആവര്‍ത്തിച്ച് അധിക്ഷേപിച്ചിട്ടുണ്ട്. അദ്ദേഹം വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ പ്പോലെയല്ലെന്നും ബ്രിട്ടന്റെ വിമാനവാഹിനിക്കപ്പലുകള്‍ ‘കളിപ്പാട്ടങ്ങള്‍’ ആണെന്നും ട്രംപ് പരിഹസിച്ചിരുന്നു.
ബ്രിട്ടനിലെ രണ്ട് താവളങ്ങളില്‍ നിന്ന് ഇറാാനെ ആക്രമിക്കാനുള്ള യുഎസ് അഭ്യര്‍ത്ഥന ബ്രിട്ടന് ആദ്യം നിരസിച്ചിരുന്നു. എന്നാല്‍ ഇറാന്റെ പ്രത്യാക്രമണത്തിനിടയില്‍ ബ്രിട്ടീഷ് പൗരന്മാരടക്കമുള്ള പ്രദേശവാസികളെ സംരക്ഷിക്കാനുള്ള പ്രതിരോധ ദൗത്യങ്ങള്‍ക്ക് പിന്നീട് അനുമതി നല്കി.
ഇറാന് യുദ്ധത്തിലൂടെ പല കാര്യങ്ങളും വ്യക്തമായതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഈ മാസം ആദ്യം പെന്റഗണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാന്റെ ദീര്‍ഘദൂര മിസൈലുകള്‍ക്ക് അമേരിക്കയില്‍ എത്താന്‍ കഴിയില്ലെങ്കിലും യൂറോപ്പില്‍ എത്താന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഞങ്ങള്‍ക്ക് ചോദ്യങ്ങളും തടസ്സങ്ങളും വൈമുഖ്യവും നേരിടേണ്ടി വരുന്നു… നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ നിങ്ങളോടൊപ്പം നില്ക്കാന് തയ്യാറല്ലാത്ത രാജ്യങ്ങള്‍ ഉള്ളപ്പോള്‍ അതിനെ ഒരു സഖ്യമെന്ന് വിളിക്കാന്‍ കഴിയില്ല’- ഹെഗ്സെത്ത് പറഞ്ഞു.
#NATONews, #TrumpAdministration, #PentagonLeaks, #IranWar2026, #FalklandIslands, #USSpainRelations, #Geopolitics, #MilitaryStrategy, #BreakingNews, #InternationalRelations, #MalayalamNews, #USUKRelations, #GlobalConflict, #DefenseNews





