യാത്രയ്ക്കിടെ മക്കളെ ട്രെയിനിലിരുത്തി അമ്മ വെള്ളം വാങ്ങാനിറങ്ങി; ട്രെയിൻ വിട്ടുപോയി; സമയോചിത ഇടപെടലുമായി ആർപിഎഫ് ഉദ്യോഗസ്ഥൻ

കോഴിക്കോട്: തീവണ്ടിയാത്രയ്ക്കിടെ മാതാവിൽ നിന്ന് വേർപെട്ടുപോയ രണ്ടുകുട്ടികളെ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിലെ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെ കണ്ടെത്തി സുരക്ഷിതമായി മാതാവിന് കൈമാറി.
ഇന്റലിജൻസ് വിഭാഗത്തിലെ ഹെഡ്‌കോൺസ്റ്റബിൾ വി.കെ. വിനേഷ് ആണ് തന്റെ ഡ്യൂട്ടിക്കിടയിൽ തീവണ്ടിയിൽ പരിശോധന നടത്തുന്നതിനിടെ പന്ത്രണ്ടും അഞ്ചും വയസ്സുള്ള ആൺകുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ കാണാതായതായി ചൈൽഡ്‌ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തൃശ്ശൂർ–കണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ വെള്ളിയാഴ്ച രാവിലെ 10.35ഓടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. കണ്ണൂർ ജില്ലയിലെ കതിരൂർ സ്വദേശിനിയായ മാതാവിന്റെ മക്കളാണ് തീവണ്ടിയിൽ ഒറ്റപ്പെട്ടുപോയത്.
പട്ടാമ്പിയിൽ നിന്ന് തലശ്ശേരിയിലേക്കാണ് മാതാവും മൂന്ന് കുട്ടികളും യാത്ര ചെയ്യവെ കോഴിക്കോട് സ്റ്റേഷനിൽ തീവണ്ടി എത്തിയപ്പോൾ കുടിവെള്ളം വാങ്ങാനായി മാതാവും ഒരു കുട്ടിയും ഇറങ്ങി. അവർ തിരിച്ചെത്തുന്നതിന് മുൻപേ തീവണ്ടി സ്റ്റേഷൻ വിട്ടുപോയി.
അതോടെ രണ്ട് കുട്ടികൾ കമ്പാർട്ടുമെന്റിൽ ഒറ്റപ്പെട്ടുപോയി. എലത്തൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി എത്തിയപ്പോൾ വിവരം അറിഞ്ഞെത്തിയ ഉദ്യോഗസ്ഥൻ കുട്ടികളെ കണ്ടെത്തുകയായിരുന്നു. കുട്ടികളിലൊരാളുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നതിനാൽ അതിലൂടെ മാതാവിനെ വിളിച്ച് വിവരം അറിയിച്ചു.
തുടർന്ന് എലത്തൂരിൽ നിന്ന് കുട്ടികളെ മറ്റൊരു തീവണ്ടിയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചു. അവിടെ റെയിൽവേ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കുട്ടികളെ മാതാവിന് കൈമാറി.
എലത്തൂർ സ്റ്റേഷനിൽ തൃശ്ശൂർ–കണ്ണൂർ പാസഞ്ചറിന് സ്റ്റോപ്പില്ല . എന്നാൽ കുട്ടികൾ ഒറ്റപ്പെട്ടുപോയ വിവരം ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ മാനേജർ ഇടപെട്ട് പ്രത്യേക ക്രമീകരണം ഒരുക്കി സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു.






