നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. കോവിഡും ലോക്ഡൗണും കാരണം നിശ്ചിത സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നാണ് ജഡ്ജി ഹണി എം വർഗീസ് സുപ്രീംകോടതിയെ അറിയിച്ചത്.
ജഡ്ജിയുടെ ആവശ്യം ജസ്റ്റീസ് എ എം ഖാൻവിൽക്കർ നേതൃത്വം നൽകുന്ന മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. നടൻ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി 2019 നവംബർ 29ന് ഉത്തരവിട്ടിരുന്നു. അതനുസരിച്ച് മെയ് 29ന് വിചാരണ പൂർത്തി ആകേണ്ടതായിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് ചില ഹർജികൾ ഹൈക്കോടതിയുടെ പരിഗണന lയിൽ വന്നതിനാൽ വിചാരണ ആരംഭിക്കാൻ വൈകി.
വിചാരണ നടപടികൾ മെയ് 29നുള്ളിൽ പൂർത്തീകരിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കി ഏപ്രിൽ 30ന് അഡീഷണൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ഹൈക്കോടതിക്കു കത്ത് നൽകി. ഈ കത്ത് മെയ് 11ന് ഹൈക്കോടതി റെജിസ്ട്രർ സുപ്രീംകോടതിക്ക് നൽകി. കോവിഡിനെയും ലോക്ക്ഡൗണിനെയും പറ്റി ഈ കത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആറു മാസത്തെ കാലാവധി കൂടി ആവശ്യപ്പെട്ടിരിക്കുന്നത്.
സുപ്രീംകോടതി ഈ ആവശ്യം അംഗീകരിക്കുക ആണെങ്കിൽ നവംബർ വരെ സമയം ലഭിക്കും നടിയുടെ ക്രോസ് വിസ്താരമാണ് കോടതിയിൽ ഇപ്പോൾ നടക്കുന്നത്. നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂർത്തിയായിരുന്നു.