നിധി കണ്ടെടുക്കാനുള്ള മന്ത്രവാദം ചെയ്തപ്പോൾ തന്റെ മുന്നിൽ നഗ്നയായി ഇരിക്കാൻ സ്ത്രീയെ നിർബന്ധിച്ച മന്ത്രവാദി അറസ്റ്റിൽ
പൂജയ്ക്കിടെ നഗ്നയായ ഒരു സ്ത്രീയെ തന്റെ മുന്നിൽ ഇരുത്തിയാൽ നിധി സ്വയമേവ പുറത്തുവരുമെന്ന് മന്ത്രവാദി ഷാഹികുമാർ പറഞ്ഞു. നഗ്നയായി ഇരിക്കാനുള്ള സ്ത്രീ ആ കുടുംബത്തിൽ നിന്നാവണം. പക്ഷേ, ആരും സന്നദ്ധരായില്ല. ഒടുവിൽ ഒരു സ്ത്രീയെ ദിവസക്കൂലിക്ക് കണ്ടെത്തി. അവർക്ക് 5,000 രൂപ പ്രതിഫലവും നൽകി
ബെംഗളൂരു: നിധി കണ്ടെടുക്കാൻ മന്ത്രവാദം നടത്തുന്നതിനിടെ നഗ്നയായി തന്റെ മുന്നിൽ ഇരിക്കാൻ സ്ത്രീയെ നിർബന്ധിച്ച മന്ത്രവാദി അറസ്റ്റിൽ. കർണാടകയിലെ രാമനഗരത്തിലാണ് സംഭവം. സ്ത്രീയെയും അവരുടെ പ്രായപൂർത്തിയാകാത്ത മകളെയും സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയ പോലീസ് 40 വയസ്സുള്ള പുരോഹിതനേയും മറ്റ് അഞ്ച് പേരെയും കസ്റ്റടിയിലെടുത്തു.
മന്ത്രവാദി ഷാഹികുമാർ, സഹായി മോഹൻ, കല്പണിക്കാരായ ലക്ഷ്മിനരസപ്പ, ലോകേഷ്, നാഗരാജ്, പാർത്ഥസാരഥി എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശിയാണ് മന്ത്രവാദിയായ ഷാഹികുമാർ കർണാടകയിലെ ഭൂനഹള്ളിയിലെ കർഷകനായ ശ്രീനിവാസിന്റെ വീട്ടിലാണ് മന്ത്രവാദ ക്രിയ നടത്തിയത്.
തമിഴ്നാട്ടിലെ ഒരു വിവാഹ ചടങ്ങിൽ വച്ച് 2019 ലാണ് ശ്രീനിവാസ് ഷാഹികുമാറുമായി പരിചയപ്പെടുന്നത്. 2020 ന്റെ തുടക്കത്തിൽ ശ്രീനിവാസിന്റെ വീട്ടിലെത്തിയ ഷാഹികുമാർ 75 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച വീടിനുള്ളിൽ നിധി ഒളിഞ്ഞിരിക്കുന്നു എന്ന് ശ്രീനിവാസിനെ വിശ്വസിപ്പിച്ചു. നിധി കണ്ടെത്തി പുറത്തെടുത്തില്ലെങ്കിൽ കുടുംബം വലിയ ദുരന്തങ്ങൾ നേരിടേണ്ടി വരുമെന്നും ഇയാൾ ശ്രീനിവാസനെ ഭയപ്പെടുത്തി. നിധി എടുത്തു മാറ്റുന്നതിനു വേണ്ടി ഇയാൾ 20,000 രൂപയും ശ്രീനിവാസിൽ നിന്ന് മുൻകൂറായി വാങ്ങി. എന്നാൽ തുടർന്നുണ്ടായ കോവിഡ് ലോക്ക്ഡൗണും മറ്റ് പ്രശ്നങ്ങളും നിമിത്തം പദ്ധതി നീണ്ടുപോയി. രണ്ട് മാസം മുമ്പ് വീണ്ടും ശ്രീനിവാസിൻ്റെ വീട്ടിലെത്തിയ ഷാഹികുമാർ നിധി എടുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
മന്ത്രവാദ ക്രിയകൾക്കായി ശ്രീനിവാസിന്റെ വീട്ടിലെ ഒരു മുറി തിരഞ്ഞെടുത്തു. പൂജയ്ക്കിടെ നഗ്നയായ ഒരു സ്ത്രീയെ തന്റെ മുന്നിൽ ഇരുത്തിയാൽ നിധി സ്വയമേവ പുറത്തുവരുമെന്നും ഇയാൾ പറഞ്ഞു. നഗ്നയായി ഇരിക്കാനുള്ള സ്ത്രീ ശ്രീനിവാസിന്റെ കുടുംബത്തിൽ നിന്നുള്ളയാളാവണമെന്നും അദ്ദേഹം നിർബന്ധിച്ചു. പക്ഷേ, ആരും സന്നദ്ധരായില്ല. ഒടുവിൽ മന്ത്രവാദിയുടെ മുമ്പിൽ നഗ്നയായി ഇരിക്കാൻ ഒരു സ്ത്രീയെ ദിവസക്കൂലിക്ക് കണ്ടെത്തി. ഇതിനായി അവർക്ക് 5,000 രൂപ പ്രതിഫലവും നൽകി.
മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താനുള്ള മന്ത്രവാദ പൂജകൾക്കിടയിൽ നരബലി നൽകാനാണത്രേ സ്ത്രീയുടെ നാല് വയസ്സുള്ള മകളെയും സംഭവസ്ഥലത്തേക്ക്
കൊണ്ടുവന്നു. എന്നാൽ ഈ നിഗമനം രാമനഗര പോലീസ് സൂപ്രണ്ട് എസ്. ഗിരീഷ് തള്ളി. മന്ത്രവാദിയുടേയും മറ്റുള്ളവരുടെയും പ്രവർത്തികളിൽ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും മന്ത്രവാദ വിരുദ്ധ നിയമത്തിലേയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.