Breaking NewsBusinessIndiaLead NewsNEWSNewsthen SpecialpoliticsPravasiTRENDINGWorld

‘തുടക്കമിട്ടത് അമേരിക്ക, വില നല്‍കുന്നത് ഞങ്ങള്‍’; ഇറാന്‍ യുദ്ധത്തില്‍ ട്രംപിനെതിരേ അതൃപ്തി പരസ്യമാക്കി ഗള്‍ഫ് രാജ്യങ്ങള്‍; ബിസിനസ് നിശ്ചലം; എണ്ണ വ്യാപാരത്തിലൂടെ ഉള്ള പണമൊഴുക്കും നിന്നു; അമേരിക്ക സംരക്ഷിക്കുമെന്ന വിശ്വാസവും പോയി

'വിജയം നേടാതെ അമേരിക്ക ഇപ്പോള്‍ യുദ്ധം ഉപേക്ഷിച്ചാല്‍, അത് പരിക്കേറ്റ സിംഹത്തെ ഉപേക്ഷിക്കുന്നത് പോലെയാകും. ഇറാന്‍ ഗള്‍ഫ് മേഖലയ്ക്ക് ഒരു ഭീഷണിയായി തുടരും. വീണ്ടും ആക്രമിക്കാന്‍ അവര്‍ക്ക് കഴിയും. ഭരണം തകരുകയും അവിടെ ഒരു അധികാര ശൂന്യത ഉണ്ടാവുകയും ചെയ്താല്‍ അയല്‍രാജ്യങ്ങള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരും'

ദുബായ്: ഇറാനിലെ യുദ്ധത്തിന് അമേരിക്കയാണു തുടക്കമിട്ടതെങ്കിലും അതിന്റെ വില നല്‍കേണ്ടി വരുന്നത് എണ്ണ ഉത്പാദിപ്പിക്കുന്ന തങ്ങളെന്നു വിമര്‍ശനവുമായി ഗള്‍ഫ് രാജ്യങ്ങള്‍. ഇറാന്‍ തുടര്‍ച്ചയായി ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നതും ഇവര്‍ക്കു സംരക്ഷണം നല്‍കുമെന്നു പറയുന്ന അമേരിക്കയും തമ്മിലുളള ബന്ധത്തിലെ അസ്വസ്ഥതയാണിതു ചൂണ്ടിക്കാട്ടുന്നത്.

യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ ഗള്‍ഫ് അറബ് തലസ്ഥാനങ്ങളില്‍ അണിയറയില്‍ അമര്‍ഷം വര്‍ധിക്കുകയാണ്. വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, തുറമുഖങ്ങള്‍, സൈനിക-എണ്ണ കേന്ദ്രങ്ങള്‍ എന്നിവ ഇറാന്റെ ആക്രമണത്തിന് ഇരയാകുന്നതിലൂടെ സാമ്പത്തികമായും സൈനികമായും വലിയ വില നല്‍കുകയാണെന്ന് ഗള്‍ഫ് രാജ്യങ്ങളിലെ മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

‘ഇത് ഞങ്ങളുടെ യുദ്ധമല്ല. ഞങ്ങള്‍ക്ക് ഈ സംഘര്‍ഷം താല്പര്യമില്ലായിരുന്നു. എന്നിട്ടും ഞങ്ങളുടെ സുരക്ഷയും സമ്പദ്വ്യവസ്ഥയും കൊണ്ട് ഞങ്ങള്‍ ഇതിന്റെ വില നല്‍കുകയാണ്’- എമിറേറ്റ്‌സ് പോളിസി സെന്റര്‍ പ്രസിഡന്റ് എബ്തസാം അല്‍-കെത്ബി പറഞ്ഞു. അതിനര്‍ത്ഥം ഇറാന്‍ ‘നിരപരാധി’ എന്നല്ല. തങ്ങളുടെ പ്രദേശമോ വ്യോമപാതയോ യുദ്ധത്തിനായി ഉപയോഗിക്കാന്‍ വാഷിംഗ്ടണിനെ അനുവദിക്കില്ലെന്ന് ഗള്‍ഫ് ഗവണ്‍മെന്റുകള്‍ ടെഹ്റാന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പുകള്‍ക്കിടയിലും ഇറാന്‍ മേഖലയിലുടനീളം ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഇത് ബിസിനസിന്റെ ആത്മവിശ്വാസം തകര്‍ത്തു’- അദ്ദേഹം പറഞ്ഞു.

 

പരിക്കേറ്റ സിംഹം

ചര്‍ച്ചകളില്ലാതെ ആരംഭിച്ച സംഘര്‍ഷത്തിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള അതൃപ്തി വര്‍ദ്ധിക്കുമ്പോഴും, ചിലര്‍ വാദിക്കുന്നത് യുദ്ധം തുടങ്ങിയ സ്ഥിതിക്ക് വാഷിംഗ്ടണ്‍ അത് പൂര്‍ത്തിയാക്കി തങ്ങളുടെ തലയ്ക്കു മുകളിലുള്ള ഇറാനിയന്‍ ഭീഷണി അവസാനിപ്പിക്കണമെന്നാണ്.

‘വിജയം നേടാതെ അമേരിക്ക ഇപ്പോള്‍ യുദ്ധം ഉപേക്ഷിച്ചാല്‍, അത് പരിക്കേറ്റ സിംഹത്തെ ഉപേക്ഷിക്കുന്നത് പോലെയാകും. ഇറാന്‍ ഗള്‍ഫ് മേഖലയ്ക്ക് ഒരു ഭീഷണിയായി തുടരും. വീണ്ടും ആക്രമിക്കാന്‍ അവര്‍ക്ക് കഴിയും. ഭരണം തകരുകയും അവിടെ ഒരു അധികാര ശൂന്യത ഉണ്ടാവുകയും ചെയ്താല്‍ അയല്‍രാജ്യങ്ങള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരും’-‘- കെത്ബി പറഞ്ഞു.

യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ ഇറാന്റെ തിരിച്ചടിക്കാനുള്ള മിസൈല്‍ ശേഷിയെ 90 ശതമാനം കുറച്ചതായും കൂടുതല്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള അവരുടെ കഴിവിനെ തകര്‍ത്തതായും വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപ് മിഡില്‍ ഈസ്റ്റിലെ പങ്കാളികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇറാന്റെ ആക്രമണങ്ങള്‍ ആ ഭീഷണി എന്തുകൊണ്ട് ഇല്ലാതാക്കണമെന്ന് തെളിയിക്കുന്നതാണെന്നും വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിന്റെ ഒന്നാം ദിവസം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു. ഇസ്രായേലിനെയും യുഎസ് സൈനിക കേന്ദ്രങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളെയും ആക്രമിച്ചുകൊണ്ടാണ് ടെഹ്റാന്‍ ഇതിനോട് പ്രതികരിച്ചത്. ഇത് ലോകത്തിലെ അഞ്ചിലൊന്ന് പെട്രോളിയവും എല്‍എന്‍ജിയും കടന്നുപോകുന്ന ഹോര്‍മുസ് ഇടുക്കിലൂടെയുള്ള ചരക്കുനീക്കം ഫലപ്രദമായി തടസപ്പെടുത്തി.

മഹാമാരിക്കുശേഷമുള്ള നിശ്ചലത

മേഖലയിലുടനീളം വ്യോമപാതകള്‍ അടച്ചതോടെ വിമാനക്കമ്പനികള്‍ ഏകദേശം 40,000 സര്‍വീസുകള്‍ റദ്ദാക്കി. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആഗോള വിമാനയാത്രയിലെ ഏറ്റവും വലിയ തടസ്സമാണിത്. സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രമെന്ന ഗള്‍ഫിന്റെ പ്രതിച്ഛായയെ ഇത് ബാധിക്കുകയും ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാവുകയും ചെയ്തു.

ഈ അശാന്തിക്കിടയിലും ഗള്‍ഫ് രാജ്യങ്ങള്‍ ശാന്തത പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. യുഎഇക്ക് നേരെ ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടതിന് ശേഷമുള്ള തന്റെ ആദ്യ പരസ്യ പ്രതികരണത്തില്‍, രാജ്യം യുദ്ധകാലത്താണെങ്കിലും സുരക്ഷിതമാണെന്നും ശത്രുക്കള്‍ക്ക് യുഎഇ അത്ര എളുപ്പത്തില്‍ പിടികൊടുക്കില്ലെന്നും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

പതിറ്റാണ്ടുകളായി വാഷിംഗ്ടണും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു അലിഖിത കൈമാറ്റത്തിലാണ് നിലനിന്നിരുന്നത്. ഗള്‍ഫിലെ ഊര്‍ജ്ജവും മൂലധനവും (യുഎസ് ആയുധങ്ങള്‍ക്കും സാങ്കേതികവിദ്യക്കുമായി ചിലവഴിക്കുന്ന ശതകോടിക്കണക്കിന് ഡോളര്‍ ഉള്‍പ്പെടെ) പകരം യുഎസ് നല്‍കുന്ന സംരക്ഷണവും. ‘ഈ യുദ്ധം ആ ധാരണകളെ ഉലച്ചിരിക്കുന്നു. തങ്ങളുടെ ഊര്‍ജം, എണ്ണ, ഗ്യാസ്, ജനങ്ങള്‍, പരമാധികാരം എന്നിവ സംരക്ഷിക്കാന്‍ അമേരിക്കയെ പൂര്‍ണ്ണമായി വിശ്വസിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ വിദേശ-സുരക്ഷാ പങ്കാളിത്തം വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കു’മെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ഫവാസ് ഗെര്‍ഗെസ് പറയുന്നു.

2019-ല്‍ സൗദി അറേബ്യയിലെ അബ്‌ഖൈഖ്, ഖുറൈസ് എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ ഡ്രോണ്‍-മിസൈല്‍ ആക്രമണം ഉണ്ടായപ്പോള്‍ ഇറാനെതിരെ തിരിച്ചടിക്കുന്നതില്‍ യുഎസ് പരാജയപ്പെട്ടതിലുള്ള സൗദിയുടെ അതൃപ്തിയാണ് ഇപ്പോഴത്തെ സാഹചര്യത്തിലും പ്രതിഫലിക്കുന്നത്. യുദ്ധസമയത്ത് തങ്ങളുടെ പ്രാദേശിക സഖ്യകക്ഷികള്‍ക്ക് സംരക്ഷണമൊരുക്കുന്നതിലോ എണ്ണ-ഗ്യാസ് വിതരണം ഉറപ്പാക്കുന്നതിലോ വാഷിംഗ്ടണ്‍ പരാജയപ്പെട്ടുവെന്ന് സൗദി ആസ്ഥാനമായുള്ള ഗള്‍ഫ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സാഗര്‍ പറഞ്ഞു.

ദുരന്തപൂര്‍ണമായ പ്രത്യാഘാതം

ഹോര്‍മുസ് വഴിയുള്ള ചരക്കുനീക്കത്തില്‍ തടസ്സങ്ങള്‍ തുടരുന്നത് എണ്ണ വിപണിയില്‍ ‘ദുരന്തപൂര്‍ണ്ണമായ പ്രത്യാഘാതങ്ങള്‍’ ഉണ്ടാക്കുമെന്ന് സൗദി അരാംകോ സിഇഒ അമിന്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് ‘ഒരു ലിറ്റര്‍ എണ്ണ പോലും’ കയറ്റി അയക്കാന്‍ അനുവദിക്കില്ലെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് പറഞ്ഞു. എണ്ണ കയറ്റുമതി തടഞ്ഞാല്‍ ഇറാനെ ശക്തമായി ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗള്‍ഫ് സര്‍ക്കാരുകള്‍ക്കു ട്രംപിനോടുള്ള അതൃപ്തി വളരെ ആഴത്തിലുള്ളതാണെന്നാണ് അവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇസ്രായേലിന്റെ താല്പര്യങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തിയ ഒരു യുദ്ധത്തിലേക്ക്, വ്യക്തമായ പദ്ധതിയോ സഖ്യകക്ഷികള്‍ക്കുണ്ടാകുന്ന രാഷ്ട്രീയ-സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് ചിന്തയോ ഇല്ലാതെ ട്രംപ് ഗള്‍ഫിനെ വലിച്ചിഴച്ചുവെന്ന് പലരും വിശ്വസിക്കുന്നു.

ട്രംപിന് ചുറ്റുമുള്ള ഒരു ചെറിയ സംഘമാണ് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് യുഎസ് നയരൂപീകരണത്തെക്കുറിച്ച് അറിയാവുന്ന ഒരു ഗള്‍ഫ് സോഴ്‌സ് പറയുന്നത്. ‘അവര്‍ ബിസിനസ്സുകാരും ഡീല്‍ മേക്കര്‍മാരുമാണ്, അല്ലാതെ നയതന്ത്രജ്ഞരല്ല. ഈ സമീപനം ഗള്‍ഫ് രാജ്യങ്ങളെ വലിയ പ്രത്യാഘാതങ്ങളിലേക്ക് തള്ളിവിട്ടെ’ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

#GulfWar2026, #IranConflict, #OilMarketCrisis, #TrumpForeignPolicy, #MiddleEastTensions, #HormuzStraitBlockade, #WorldEconomy, #Geopolitics, #MilitaryAction, #MalayalamVarthakal, #InternationalRelations, #DefenseNews, #EnergySecurity, #GlobalTravelDisruption, #GulfSecurity

#GulfCrisis, #IranWar, #StraitOfHormuz, #DonaldTrump, #OilEconomy, #MiddleEastNews, #UAE, #SaudiArabia, #GlobalSecurity, #BreakingNews, #MalayalamNews, #EconomicImpact, #WarUpdate, #GulfPolitics, #AviationCrisis

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: