Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ബൂട്ട്‌സ് ഓണ്‍ ദ ഗ്രൗണ്ട്? പിടിച്ചെടുക്കുക അല്ലെങ്കില്‍ നിര്‍വീര്യമാക്കുക; ഇറാന്റെ യുറേനിയം ശേഖരം ലക്ഷ്യമിട്ട് അമേരിക്കന്‍- ഇസ്രയേല്‍ സംയുക്ത നീക്കം? സ്‌പെഷല്‍ ഓപ്പറേഷന്‍ യൂണിറ്റ് സജ്ജം; എണ്ണ കയറ്റുമതിയിലെ കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിലും നോട്ടം

ന്യൂയോര്‍ക്ക്: ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കാന്‍ ഇസ്രയേല്‍- അമേരിക്കന്‍ സംയുക്ത സ്‌പെഷല്‍ ഫോഴ്‌സിനെ അയയ്ക്കുമെന്നു വിവരം. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഈ ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള നാല് സോഴ്‌സുകളാണ് സൂചന നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്‍ ആണവായുധം കൈക്കലാക്കുന്നത് തടയുക എന്നത് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപിത യുദ്ധലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇറാന്റെ പക്കലുള്ള 450 കിലോഗ്രാം 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഇത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആയുധ നിലവാരത്തിലേക്ക് മാറ്റാന്‍ സാധിക്കുമെന്നും കരുതുന്നു.

Signature-ad

യുറേനിയം പിടിച്ചെടുക്കാനുള്ള ഏതൊരു ഓപ്പറേഷനും അമേരിക്കന്‍ അല്ലെങ്കില്‍ ഇസ്രായേല്‍ സൈനികര്‍ ഇറാനിയന്‍ മണ്ണില്‍ ഇറങ്ങേണ്ടി വരും. യുദ്ധത്തിനിടയില്‍ കനത്ത സുരക്ഷയുള്ള ഭൂഗര്‍ഭ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുക എന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഇത് അമേരിക്കന്‍ ദൗത്യമാണോ, ഇസ്രായേല്‍ ദൗത്യമാണോ അതോ സംയുക്ത ദൗത്യമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സൈനികര്‍ക്ക് ഇറാന്റെ സൈന്യത്തില്‍നിന്ന് കാര്യമായ ഭീഷണി ഉണ്ടാകില്ലെന്ന് ഇരുരാജ്യങ്ങള്‍ക്കും ഉറപ്പാക്കിയതിനു ശേഷമാകും ഓപ്പറേഷനെന്നും റിപ്പോര്‍ട്ട് പറയുന്നു.

അണിയറയില്‍

ചൊവ്വാഴ്ച നടന്ന കോണ്‍ഗ്രസ് ബ്രീഫിംഗിലാണ് ‘ആളുകള്‍ അവിടെപ്പോയി യുറേനിയം എടുക്കേണ്ടിവരു’മെന്നു സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞത്. പ്രത്യേക ദൗത്യങ്ങള്‍ക്കായി സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് യൂണിറ്റുകളെ ഇറാനിലേക്ക് അയക്കുന്ന കാര്യം ട്രംപും സംഘവും ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് ഒരു ഇസ്രായേല്‍ പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രണ്ടു മാര്‍ഗത്തെക്കുറിച്ചായിരുന്നു പ്രധാനമായും ചര്‍ച്ചയെന്നു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു: യുറേനിയം പൂര്‍ണ്ണമായും ഇറാനില്‍ നിന്ന് മാറ്റുക, അല്ലെങ്കില്‍ ആണവ വിദഗ്ധരെ അവിടെയെത്തിച്ച് അതിന്റെ വീര്യം കുറയ്ക്കുക. ഈ ദൗത്യത്തില്‍ സ്‌പെഷല്‍ ഓപ്പറേറ്റര്‍മാര്‍ക്കൊപ്പം ശാസ്ത്രജ്ഞരും, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍നിന്നുള്ളവരും ഉണ്ടായേക്കും.

വരികള്‍ക്കിടയില്‍

യുദ്ധത്തിന് മുമ്പ് ട്രംപിന് മുന്നില്‍ അവതരിപ്പിച്ച സാധ്യതകളുടെ പട്ടികയില്‍ ഇത്തരം ഓപ്പറേഷനുകളും ഉള്‍പ്പെട്ടിരുന്നു എന്നാണു ലഭിക്കുന്ന വിവരം. തന്ത്രപരമായ ആവശ്യങ്ങള്‍ക്കായി ഒരു ചെറിയ വിഭാഗം യുഎസ് സൈനികരെ ഇറാനില്‍ വിന്യസിക്കുന്നതിനെക്കുറിച്ച് ട്രംപ് ചര്‍ച്ച ചെയ്തതായി എന്‍ബിസി ന്യൂസ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘ആദ്യത്തെ ചോദ്യം, അത് എവിടെയാണ് എന്നതാണ്. രണ്ടാമത്തെ ചോദ്യം, നമ്മള്‍ എങ്ങനെ അവിടെയെത്തും, എങ്ങനെ അതിന്റെ ഭൗതിക നിയന്ത്രണം ഏറ്റെടുക്കും എന്നതാണ്. തുടര്‍ന്ന് അത് അവിടെനിന്ന് കൊണ്ടുപോകണമോ അതോ അവിടെവച്ച് തന്നെ വീര്യം കുറയ്ക്കണമോ എന്നത് പ്രസിഡന്റും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാറും (യുദ്ധ വകുപ്പ്), സിഐഎയും ചേര്‍ന്നെടുക്കേണ്ട തീരുമാനമായിരിക്കും’- ഇറാന്റെ യുറേനിയം സുരക്ഷിതമാക്കുന്നതിലെ പ്രവര്‍ത്തനപരമായ വെല്ലുവിളിയെക്കുറിച്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശനിയാഴ്ച എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, ഗ്രൗണ്ട് ട്രൂപ്പുകളെ (സൈനികരെ മണ്ണിലിറക്കിയുള്ള നീക്കം) അയക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞു എന്നാല്‍ അത് ‘വളരെ വ്യക്തമായ കാരണങ്ങള്‍ക്കായി’ മാത്രമായിരിക്കും. ‘നമ്മള്‍ എപ്പോഴെങ്കിലും അത് ചെയ്താല്‍, ഇറാന്‍ സൈന്യം തകര്‍ന്ന് തരിപ്പണമാകും, അവര്‍ക്ക് പിന്നീട് യുദ്ധം ചെയ്യാന്‍ കഴിയില്ല’- അദ്ദേഹം പറഞ്ഞു. യുറേനിയത്തിന് പുറമെ, ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുക്കുന്നതും ചര്‍ച്ചയായെന്നാണു വിവരം.

കൂടുതല്‍ വ്യക്തത:

കഴിഞ്ഞ ജൂണില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങള്‍ ഇറാന്റെ യുറേനിയം കേന്ദ്രങ്ങളില്‍ കാര്യമായ കേടുപാടുണ്ടാക്കിയിരുന്നു. അന്നുമുതല്‍ ഇറാനികള്‍ക്ക് പോലും അതിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണു യുഎസ് വിലയിരുത്തല്‍.

ഈ ആക്രമണങ്ങള്‍ ഇറാന്റെ മിക്കവാറും എല്ലാ സെന്‍ട്രിഫ്യൂജുകളെയും നശിപ്പിച്ചു. കൂടാതെ സമ്പുഷ്ടീകരണം പുനരാരംഭിച്ചതിന് തെളിവുകളും ലഭ്യമല്ല. യുറേനിയം ശേഖരത്തിന്റെ ഭൂരിഭാഗവും ഇസ്ഫഹാനിലെ ആണവ നിലയത്തിലെ ഭൂഗര്‍ഭ തുരങ്കങ്ങളിലാണെന്നും ബാക്കി ഫോര്‍ഡോ, നതാന്‍സ് എന്നിവിടങ്ങളിലായി വിഭജിക്കപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍, നതാന്‍സിലും ഇസ്ഫഹാനിലും യുഎസും ഇസ്രായേലും നടത്തിയ ആക്രമണങ്ങള്‍ യുറേനിയം ശേഖരം മറ്റെവിടേക്കെങ്കിലും മാറ്റുന്നത് തടയാനായി പ്രവേശന കവാടങ്ങള്‍ അടയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു.

വിപുലമായ കാഴ്ചപ്പാട്

ഇറാന്റെ 450 കിലോഗ്രാം 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയത്തെ യുഎസും ഇസ്രായേലും വലിയ ഭീഷണിയായാണ് കാണുന്നത്. കാരണം ഇത് ആയുധ നിലവാരത്തിലേക്ക് മാറ്റാന്‍ ഏതാനും ആഴ്ചകള്‍ മതിയാകും. ഈ ശേഖരം മുഴുവന്‍ 90 ശതമാനം പരിശുദ്ധിയില്‍ എത്തിയാല്‍, അത് 11 ആണ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുവാകും.

‘മാധ്യമങ്ങള്‍ കരുതുന്നതുപോലെയല്ല ട്രംപിനെ സംബന്ധിച്ചിടത്തോളം ‘ബൂട്ട്‌സ് ഓണ്‍ ദ ഗ്രൗണ്ട്’ (സൈനികരെ മണ്ണിലിറക്കുന്നത്). ചെറിയ സ്‌പെഷ്യല്‍ ഓപ്സ് റെയ്ഡുകള്‍ അല്ലാതെ ഒരു വലിയ സൈന്യം അവിടെ പോകുന്നതല്ല. ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ട കാര്യങ്ങള്‍ പൊതുവെ കരുതുന്ന രീതിയിലുള്ള സൈനിക വിന്യാസമല്ലെ’ന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

#MarcoRubio, #DepartmentOfWar, #WhiteHouse, #USForeignPolicy, #BootsOnTheGround #Isfahan, #Natanz, #Fordow, #NuclearEnrichment, #KhargIsland #MalayalamNews, #LatestNewsMalayalam, #KeralaNews, #Dailyhunt, #GoogleNews, #WorldNewsMalayalam

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: