Breaking NewsLead NewsSports

ജേതാക്കൾക്കിന്ന് നിർണായകം!! ചെപ്പോക്കിൽ സിംബാബ്‌വെയ്ക്ക് ചെക്കുവെക്കാൻ ടീം ഇന്ത്യ, സഞ്ജു കളത്തിലിറങ്ങും…

ചെന്നൈ: 2026 ടി20 ലോകകപ്പിൽ ഇന്നു നിലവിലെ ജേതാക്കൾക്ക്‌ ജീവൻ മരണ പോരാട്ടം. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ വൈകുന്നേരം 7ന് ചെന്നൈയിലെ ചെപ്പോക്ക്‌ സ്‌റ്റേഡിയത്തിൽ സിംബാബ്‌വെയെയാണ്‌ ഇന്ത്യ നേരിടുന്നത്‌. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട്‌ ഏറ്റുവാങ്ങേണ്ടിവന്ന അതി ദയനീയ പരാജയം ഇന്ത്യയുടെ സെമി സാധ്യതകൾക്ക്‌ മങ്ങലേൽപ്പിച്ചിട്ടുണ്ട്‌. മറുവശത്ത്‌ സിംബാബ്‌വെയെ തകർത്ത വെസ്റ്റ് ഇൻഡീസ്‌ മികച്ച റൺ റേറ്റുമായി ഒന്നാമതെത്തുകയും ചെയ്തു.

അതുകൊണ്ടു തന്നെ ഇന്നു നടക്കുന്ന മത്സരത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ വലിയ മാർജിനിലുള്ള വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യയെ രക്ഷിക്കില്ല. സിംബാബ്‌വെയ്ക്കെതിരായ വലിയ മാർജിനിലുള്ള വിജയത്തോടെ +5.350 എന്ന വമ്പൻ നെറ്റ് റൺറേറ്റാണ് കരീബിയൻ ടീം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഗ്രൂപ്പ് വണ്ണിൽ തലപ്പത്തേക്കും കയറിയിരിക്കുകയാണ് വിൻഡീസ്. തൊട്ടടുത്തുള്ള രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയുടേത്‌ 3.800. ഇന്ത്യയുടെ റൺ നിരക്ക്‌ –3.800. കൂടാതെ നിലവിൽ നെറ്റ് റൺറേറ്റിൽ മുന്നിലുള്ള വിൻഡീസും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഇന്നത്തെ മറ്റൊരു മത്സരം. ജയിക്കുന്ന ടീം ഏറെക്കുറെ സെമി ഉറപ്പിക്കുകയും ചെയ്യും.

Signature-ad

അതേസമയം സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ ബാറ്റിങ് ഓർഡറിൽ വമ്പൻ അഴിച്ചുപണി ഉണ്ടാവാനാണ് സാധ്യത. തിലകും അഭിഷേകും മോശം ഫോമിലായതിനാൽ സിംബാബ്‍വെയ്ക്കെതിരായ നിർണായക പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാസംണെ ഇറക്കണമെന്ന ആവശ്യവും പലയിടത്തുനിന്നും ശക്തമാണ്. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് താരമായ സഞ്ജുവിന്റെ ഹോം ​ഗ്രൗണ്ടായ ചെപ്പോക്കിൽ താരത്തെ ഇറക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക് ചില സൂചനകൾ നൽകുകയും ചെയ്തു. ഇന്ത്യൻ ടീമിൽ ചില നിർണായക മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് നിർ‌ണായകമായ മത്സരത്തിന് മുന്നേ കോച്ച് പറഞ്ഞത്.

കൂടാതെ കഴിഞ്ഞ ദിവസം നെറ്റ്സിൽ പേസർമാർക്കെതിരെ ദീർഘനേരം സഞ്‌ജുവും ഇഷാൻ കിഷനും ബാറ്റ്‌ ചെയ്‌തിരുന്നു. പക്ഷെ സഞ്‌ജു കളിച്ചാൽ ആരെ മാറ്റുമെന്ന്‌ വ്യക്തമല്ല. നാല്‌ കളിയിലും പരാജയപ്പെട്ട ഓപ്പണർ അഭിഷേക്‌ ശർമയെ മാറ്റാൻ സാധ്യത കുറവാണ്‌. തിലക്‌ വർമയും തുടർന്നേക്കും. എങ്കിൽ വാലറ്റത്ത്‌ മോശം പ്രകടനമുള്ള റിങ്കു സിങ്ങിനെ മാറ്റിയേക്കും. ഇതിനിടെ പിതാവിന്റെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന് റിങ്കു സിങ് ഇന്ത്യൻ ടീം ക്യാംപ് വിട്ട് നാട്ടിലേക്ക് മടങ്ങിയെങ്കിലും തിരിച്ചെത്തിയിരുന്നു. ഓൾറ‍ൗണ്ടർ അക്‌സർ പട്ടേലും ഇലവനിൽ തിരിച്ചെത്തുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: