അമേരിക്ക ഇനി എത്രയൊക്കെ ഭീഷണിയിറക്കിയാലും ഏശില്ല!! തെക്കൻ തീരങ്ങളിൽ കടലിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, പീരങ്കികൾ, വിവിധ ഡ്രോണുകൾ പരീക്ഷിച്ച് റവല്യൂഷണറി ഗാർഡിൻറെ സൈനികാഭ്യാസം, ഏകപക്ഷീയമായ ഒരു കരാറിനും വഴങ്ങില്ല- ഇറാൻ

ടെഹ്റാൻ: യുഎസിന്റെ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനിടെ മുഖവിലയ്ക്കെടുക്കാതെ ഇറാനിൽ ഇറാൻ റവല്യൂഷണറി ഗാർഡിൻറെ സൈനികാഭ്യാസം. ഡ്രോണുകളും മിസൈൽ ലാേഞ്ചറുകളുമടക്കമുള്ള യുദ്ധോപകരണങ്ങൾ നിരത്തി സൈനികാഭ്യാസ പ്രകടനം നടന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ റവല്യൂഷണറി ഗാർഡുകൾ രാജ്യത്തിന്റെ തെക്കൻ തീരങ്ങളിൽ സൈനികാഭ്യാസം നടത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ കരയിൽനിന്ന് കടലിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, പീരങ്കികൾ, വിവിധ ഡ്രോണുകൾ എന്നിവ ഇറാൻ പരീക്ഷിച്ചതായാണ് വിവരം. അതേസമയം സേനാവിന്യാസം കാട്ടിയുള്ള അമേരിക്കയുടെ മുന്നറിയിപ്പും ഭീഷണികളും അന്ത്യശാസനങ്ങളും തുടരുന്നതിനിടെയാണ് ഇറാൻറെ സൈനികാഭ്യാസം. അമേരിക്കയുടെ ഭീഷണിയിൽ ഏകപക്ഷീയമായ കരാറുകൾക്ക് വഴങ്ങില്ലെന്ന ഇറച്ച നിലപാടിലാണ് ഇറാനുള്ളത്.
അതേസമയം ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ സംബന്ധിച്ച ചർച്ചയ്ക്കായി അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയവട്ട ചർച്ചകൾ വ്യാഴാഴ്ച സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കും. ചർച്ചയിൽ യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കുമെന്നാണ് വിവരം. ആണവ സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുന്നതിന് പകരം ഉപരോധങ്ങളിൽ ഇളവ് നൽകുന്ന രീതിയിലുള്ള കരാറിലേക്ക് ഇറാനെ എത്തിക്കുക എന്നതാണ് യുഎസിന്റെ നിലപാട്.
എന്നാൽ ഇതിനിടെ ഗൾഫ് മേഖലയിലേക്ക് വൻ തോതിൽ സൈനിക വിമാനങ്ങളും യുദ്ധോപകരണങ്ങളും എത്തിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി യുഎസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പടെയുള്ള യുദ്ധക്കപ്പലുകൾ മേഖലയിൽ സജ്ജീകരിച്ചിട്ടുണ്ട്.






