പാക്കിസ്ഥാൻ ചൈനയിൽ നിന്ന് J-20 ഇറക്കിയാൽ ഇന്ത്യ റഷ്യയിൽ നിന്ന് എസ്.യു-57 ഇറക്കും!! ശത്രു റഡാറുകൾക്ക് കണ്ണെത്താത്തവിധം അത്യാധുനിക സ്റ്റെൽത്ത് ഫീച്ചറുകൾ, വിമാനത്തിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഓൺബോർഡ് സെൻസറുകൾ ശത്രുക്കളെ നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും അത്യുത്തമം

ന്യൂഡൽഹി: 3.25 ലക്ഷം കോടിയുടെ റഫാൽ യുദ്ധവിമാന കരാർ നടപ്പിലായാൽ ഉടൻതന്നെ റഷ്യയിൽനിന്ന് ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 വാങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ചൈനയുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ ജെ-20, ജെ-35 എന്നിവ ഉയർത്തുന്ന സുരക്ഷാ ഭീഷണി നേരിടുന്നതിന് വേണ്ടിയാണ് താത്കാലിക സ്റ്റെൽത്ത് പ്രതിരോധമെന്ന നിലയിൽ നിശ്ചിത എണ്ണം എസ്.യു-57 വാങ്ങുക.
പ്രതിരോധ മന്ത്രാലയവും ഇന്ത്യൻ വ്യോമസേനയും തമ്മിൽ നടത്തിയ അടിയന്തര ചർച്ചകൾക്ക് ശേഷമാണ് പുതിയ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) സേനയുടെ ഭാഗമാകാൻ പത്ത് വർഷത്തോളം സമയമെടുക്കും. അതുവരെ താൽക്കാലിക സംവിധാനമായാണ് എസ്.യു-57 വിമാനങ്ങളെ പരിഗണിക്കുന്നതെന്നാണ് അറിയുന്നത്.
പാക്കിസ്ഥാനിലേക്ക് ചൈനയുടെ J-20 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ എത്താനിടയുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമായ സാഹചര്യത്തിലാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള വഴികൾ ഇന്ത്യയുടെ വ്യോമസേന (IAF) സജീവമായി പരിശോധിക്കുന്നത്. പ്രദേശത്തെ ശക്തിസമത്വം നിലനിർത്താൻ അഞ്ചാം തലമുറശേഷി ഇപ്പോൾ ഓപ്പറേഷണൽ അനിവാര്യതയായി മാറിയെന്ന് പ്രതിരോധ വൃത്തങ്ങൾ വിലയിരുത്തുന്നു.
എസ്.യു-57 യുദ്ധവിമാനങ്ങൾ ഇന്ത്യയിൽതന്നെ നിർമിക്കുന്ന തരത്തിലുള്ള കരാറാകും റഷ്യയുമായി ഉണ്ടാകുക. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഡിവിഷനിലാകും ഈ വിമാനങ്ങൾ നിർമ്മിക്കുക. നിലവിൽ സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനങ്ങളാണ് ഇവിടെ നിർമിക്കുന്നത്. ഈ പ്ലാന്റിൽ ചെറിയ മാറ്റങ്ങൾ വരുത്തി എസ്.യു-57 നിർമ്മാണത്തിന് ഉപയോഗിക്കാൻ സാധിക്കും. റഷ്യയിൽനിന്നുള്ള സാങ്കേതിക കൈമാറ്റത്തിലൂടെ വിമാനത്തിന്റെ 40-60% ഭാഗങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ സാധിക്കുമെന്ന് കരുതപ്പെടുന്നു. ഇതിനായി ഏകദേശം 5,000 മുതൽ 7,000 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നു.
അതേസമയം അമേരിക്കയുടെ എഫ്-35 പരിഗണനയിലുണ്ടെങ്കിലും, ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ അവയിൽ ഘടിപ്പിക്കുന്നതിലുള്ള കർശന നിയന്ത്രണങ്ങൾ കാരണമാണ് ഇന്ത്യ എസ്.യു-57 വിമാനങ്ങൾക്ക് മുൻഗണന നൽകുന്നത്. മുൻപ് 2007-ൽ റഷ്യയുമായി ചേർന്ന് അഞ്ചാം തലമുറ വിമാനം വികസിപ്പിക്കാനുള്ള പദ്ധതിയിൽനിന്ന് ഭാരിച്ച ചെലവ് കാരണം 2018-ൽ ഇന്ത്യ പിന്മാറിയിരുന്നു. എന്നാൽ, നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
ശത്രു റഡാറുകൾക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധത്തിലുള്ള അത്യാധുനിക സ്റ്റെൽത്ത് ഫീച്ചറുകൾ ഈ വിമാനത്തിന്റെ പ്രത്യേകതയാണ്. വിമാനത്തിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഓൺബോർഡ് സെൻസറുകൾ ശത്രുക്കളെ നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും സഹായിക്കും. മാത്രമല്ല, സാങ്കേതികവിദ്യ കൈമാറ്റം ഇന്ത്യയുടെ എഎംസിഎ പദ്ധതിയെ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും.
റഷ്യ Su-57യുടെ എക്സ്പോർട്ട് പതിപ്പിനെ ആസ്പദമാക്കി ആയുധ പാക്കേജ്, ലൈസൻസ്ഡ് ഉത്പാദനം, സാങ്കേതിക വിദ്യ കൈമാറ്റം എന്നിവ ഉൾപ്പെടുന്ന സമഗ്ര നിർദേശം ഇന്ത്യയ്ക്ക് മുന്നിലേക്കു റഷ്യ വച്ചിട്ടുണ്ട്. എഞ്ചിൻ, ഓപ്റ്റിക്സ്, AESA റഡാർ, ലോ-സിഗ്നേച്ചർ സാങ്കേതിക വിദ്യ, ആധുനിക ആയുധങ്ങൾ എന്നിവയിൽ സാങ്കേതിക പഠനവും ഘട്ടംഘട്ടമായി ഇന്ത്യയിൽ ഉത്പാദനം മാറ്റാനുള്ള വഴിയും നിർദേശത്തിൽ ഉൾപ്പെടുന്നു. കൂടാതെ രണ്ട് സീറ്റർ പതിപ്പിൽ സംയുക്ത വികസനത്തിനും തയ്യാറാണെന്ന് റഷ്യൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഇതിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് അധ്യക്ഷനായ പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ IAFയ്ക്കായി 114 അധിക റഫേൽ വിമാനങ്ങൾ സ്വന്തമാക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ ചെലവ് ചർച്ചകൾ പുരോഗമിക്കുകയാണ്. അടുത്ത സാമ്പത്തിക വർഷത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Su-57, F-35, AMCA എന്നിവയിൽ ഏത് പ്ലാറ്റ്ഫോമാണ് തിരഞ്ഞെടുക്കപ്പെടുന്നത് എന്നത് വരാനിരിക്കുന്ന വർഷങ്ങളിൽ ഇന്ത്യയുടെ വ്യോമ പ്രതിരോധ ശേഷിയെ നിർണായകമായി സ്വാധീനിക്കും.






