25 വർഷമായി എംഎൽഎയായിരിക്കുന്ന ആളാണ് താൻ, ആരെങ്കിലും നിവേദനം തന്നാൽ ഞാൻ കീറിക്കളയുമോ? അത് ഞാൻ മാത്രം അറിയേണ്ട കാര്യമായിരുന്നു, ആരെങ്കിലും ചെറിയ തുണ്ടു കടലാസിൽ നിവേദനം തരുമോ? വൈറൽ ദൃശ്യത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് വിഡി സതീശൻ

കൊച്ചി: തനിക്കു കൊണ്ടെത്തന്ന നിവേദനം കീറിക്കളഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത് നിവേദനമായിരുന്നില്ല, താൻ മാത്രമറിയേണ്ട പരാതിയായിരുന്നെന്ന് സതീശൻ പറഞ്ഞത്. താൻ ഇടപെടേണ്ട ഒരു വിഷയമായിരുന്നു അതിൽ എഴുതിയിരുന്നത്. താൻ മാത്രം കാണേണ്ട ഒന്നായതിനാലാണ് പേപ്പർ കീറിയത്. 25 വർഷമായി എംഎൽഎ ആയിരിക്കുന്ന താൻ നിവേദനം കീറിക്കളയുമോ എന്നും സതീശൻ ചോദിച്ചു.
അതുപോലെ എകെജി സെന്ററിൽ നിന്നാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ ഇറങ്ങുന്നത് എന്നും സതീശൻ ആരോപിച്ചു. താൻ ഒരു സ്ത്രീയുടെ കൈയിൽ നിന്ന് കഷ്ണം കടലാസ് വാങ്ങി, പിന്നാലെ അത് കീറിക്കളഞ്ഞുവെന്നാണ് ആരോപണം. ഒരു സ്ത്രീ തന്ന നിവേദനം എന്ന നിലയിലാണ് അത് പ്രചരിക്കുന്നത്. ആരെങ്കിലും ചെറിയ കടലാസിൽ നിവേദനം തരുമോ? അവർ ഒരു പരാതി എഴുതിത്തന്നതാണ്. താൻ അല്ലാതെ വേറെയാരും അത് കാണാൻ പാടില്ല. അതിനാൽ താൻ അത് കീറിക്കളഞ്ഞുവെന്നും സതീശൻ റിപ്പോർട്ടർ ടിവിയുടെ പ്രത്യേക തെരഞ്ഞെടുപ്പ് അഭിമുഖ പരിപാടിക്കിടെ പറഞ്ഞു.
ഒരു പ്രായമായ സ്ത്രീയാണ് കുറിപ്പ് തന്നത്, 25 വർഷമായി എംഎൽഎ ആയിരിക്കുന്ന ആളാണ് താൻ. ആരെങ്കിലും നിവേദനം തന്നാൽ താൻ കീറിക്കളയുമോ? ഇത്തരം സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ കനത്തപ്പോൾ ചിരിച്ച് മണ്ണുകപ്പി എന്നും സതീശൻ പറഞ്ഞു. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വി ഡി സതീശൻ നിവേദനം കീറിക്കളയുന്നു എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ചില ദൃശ്യങ്ങൾ പ്രചരിച്ചുവരികയാണ്. പാർട്ടി പരിപാടിക്കിടെ സതീശൻ ഒരു സ്ത്രീയിൽ നിന്ന് ഒരു പേപ്പർ വാങ്ങുകയും പിന്നീട് കീറിക്കളയുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇടതുപക്ഷ സർക്കിളുകളിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും സതീശനെതിരെ വ്യാപക വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.






