Breaking NewsIndiaLead NewsLIFELife StyleNEWSNewsthen Specialpolitics

സൈനികരുടെ ഗ്രാമത്തില്‍ മാറ്റത്തിന്റെ കാറ്റോ? പഞ്ചാബിലെ യുവാക്കള്‍ സൈന്യത്തില്‍ നിന്ന് അകലുന്നത് എന്തുകൊണ്ട്? അഗ്നിപഥും യുവാക്കളുടെ വിദേശ കുടിയേറ്റവും തമ്മിലെന്ത്? ലുധിയാനയിലെ യൂണിവേഴ്‌സിറ്റിയുടെ സര്‍വേ ചൂണ്ടിക്കാട്ടുന്നത് പുതിയ സൂചനകളോ?

ലുധിയാന: പഞ്ചാബിലെ ലുധിയാന ജില്ലയിലുള്ള നഥോവാള്‍ ഗ്രാമം. അവിടെയുള്ള രക്തസാക്ഷി സ്മാരകത്തിന് മുകളില്‍ ശീതകാലത്തെ ഉച്ചവെയില്‍ നിഴലുകള്‍ വീഴ്ത്തുന്നു. ഈ ഗ്രാമത്തില്‍ നിന്ന് യുദ്ധഭൂമിയിലേക്ക് പോയി തിരികെ വരാത്ത 16 സൈനികരുടെ ആ ശിലാഫലകത്തില്‍ കൊത്തിവച്ചിരിക്കുന്നു. കാലാകാലങ്ങളായി ‘ഫൗജിയാന്‍ ദ പിന്‍ഡ്’ അല്ലെങ്കില്‍ സൈനികരുടെ ഗ്രാമം എന്നാണ് അറിയപ്പെടുന്നത്.

ഏകദേശം 1,400 വീടുകളുള്ള ഈ ഗ്രാമത്തില്‍, മിക്കവാറും എല്ലാ രണ്ടാമത്തെ വീട്ടിലും വിരമിച്ചവരോ നിലവില്‍ സേവനമനുഷ്ഠിക്കുന്നവരോ ആയ സൈനികരുണ്ട്. കാര്‍ഗില്‍ യുദ്ധസമയത്ത് ഈ ഗ്രാമത്തില്‍ നിന്നുള്ള നാല്‍പതിലധികംപേര്‍ സൈന്യത്തിലുണ്ടായിരുന്നു. രണ്ടുപേര്‍ വീരമൃത്യു വരിച്ചു.

Signature-ad

സ്മാരകത്തിനു സമീപം ഗ്രാമവാസികള്‍ ഒത്തുകൂടി വെയില്‍ കായുകയും വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു. സുദാഗറും അവര്‍ക്കൊപ്പം ചേരുന്നു. ഭാവി തലമുറയെ പ്രചോദിപ്പിക്കുന്നതിനായി രക്തസാക്ഷികളുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ ഒരു മ്യൂസിയം നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. ഒപ്പം തന്നെ, ഗ്രാമത്തിലെ യുവാക്കള്‍ ഇപ്പോള്‍ സൈന്യത്തില്‍ ചേരുന്നത് കുറഞ്ഞു വരുന്നു എന്ന ഗൗരവകരമായ ചര്‍ച്ചയും അവിടെ നടക്കുന്നു.

‘പതിറ്റാണ്ടുകളായി ഒലിവ് പച്ച യൂണിഫോമായിരുന്നു നഥോവാളിന്റെ അടയാളം. മിക്ക കുടുംബങ്ങളും മക്കളെ സൈന്യത്തില്‍ ചേര്‍ക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ കാലക്രമേണ, ഇന്ത്യയിലോ വിദേശത്തോ മികച്ച അവസരങ്ങള്‍ തേടിപ്പോകാന്‍ കുടുംബങ്ങള്‍ മക്കളെ പ്രോത്സാഹിപ്പിക്കുന്നു’- ബി.എസ്.എഫില്‍ നിന്ന് വിരമിച്ച ഗ്രാമത്തലവന്‍ ജസ്വീന്ദര്‍ സിംഗ് പറഞ്ഞു. മൂന്ന് പതിറ്റാണ്ട് മുമ്പ് ഗ്രാമത്തിലെ 70% മുതല്‍ 75% വരെ വീടുകളില്‍ നിന്ന് ആളുകള്‍ സൈന്യത്തിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 20% മുതല്‍ 25% ആയി കുറഞ്ഞു.

അഗ്‌നിപഥ് പദ്ധതിയും ആശങ്കകളും

ഈ മാറ്റത്തിന്റെ പ്രധാന കാരണമായി ഗ്രാമവാസികള്‍ ചൂണ്ടിക്കാണിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിയാണ്. സുദാഗര്‍ സിംഗ് ഇന്നും സൈന്യത്തെ ബഹുമാനിക്കുന്നുണ്ടെങ്കിലും, ഒരു പിതാവ് എന്ന നിലയില്‍ മക്കളുടെ ഭാവിയില്‍ അദ്ദേഹം ആശങ്കാകുലനാണ്. ‘ഞാനൊരു അഭിമാനിയായ സൈനികനാണ്. എന്റെ മക്കള്‍ രാജ്യത്തെ സേവിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ 2022-ല്‍ അഗ്‌നിപഥ് പദ്ധതി വന്നതോടെ മകനെ സൈന്യത്തില്‍ ചേര്‍ക്കാനുള്ള തീരുമാനം ഞാന്‍ ഉപേക്ഷിച്ചു’- സുദാഗര്‍ പറയുന്നു.

ഈ പദ്ധതി പ്രകാരം നാല് വര്‍ഷത്തേക്ക് മാത്രമാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. അതിനുശേഷം 75% പേരെയും പിരിച്ചുവിടും. ‘എന്റെ മകന്‍ ആ 25 ശതമാനത്തില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ അവന്റെ ഭാവി എന്താകും? നാലു വര്‍ഷത്തിന് ശേഷം അവന്‍ വീണ്ടും ജോലി തേടി അലയേണ്ടി വരും’. 2017-ല്‍ സ്വയം വിരമിച്ച 53-കാരനായ സുദാഗര്‍ പറയുന്നു. അദ്ദേഹത്തിന്റെ 21 വയസുകാരനായ മകന്‍ ഐഷ്പ്രീതും ഇതേ അഭിപ്രായക്കാരനാണ്. നാല് വര്‍ഷത്തെ താല്‍ക്കാലിക ജോലിക്ക് പോകുന്നതിനേക്കാള്‍ ഒരു ബിരുദം നേടി സ്ഥിരതയുള്ള ജോലി കണ്ടെത്താനാണു അവന്‍ ആഗ്രഹിക്കുന്നത്.

വിദേശത്തേക്കുള്ള കുടിയേറ്റം

സൈനിക സേവനത്തിന് പകരം വിദേശത്ത് മികച്ച ജീവിതം കെട്ടിപ്പടുക്കാനാണ് പഞ്ചാബി യുവാക്കള്‍ ഇപ്പോള്‍ താല്പര്യപ്പെടുന്നത്. ലുധിയാനയിലെ പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ പഠനമനുസരിച്ച്, പഞ്ചാബിലെ ഗ്രാമീണ മേഖലയിലെ 13.34% വീടുകളിലും കുറഞ്ഞത് ഒരാളെങ്കിലും വിദേശത്തുണ്ട്. കുറഞ്ഞ വരുമാനവും നാട്ടിലെ തൊഴിലില്ലായ്മയും അഴിമതിയുമാണ് യുവാക്കളെ വിദേശത്തേക്ക് ആകര്‍ഷിക്കുന്നത്.

വിരമിച്ച നായിബ് സുബേദാര്‍ ഹര്‍ജീന്ദര്‍പാല്‍ സിംഗ് തന്റെ മകനെ സൈന്യത്തില്‍ ചേര്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മകന്‍ ഐടിഐ പഠനത്തിന് ശേഷം കാനഡയിലേക്ക് പോയി. അവിടെ ഒരു കോസ്മെറ്റിക് ഫാക്ടറിയില്‍ ജോലി ചെയ്യുകയാണ്. മികച്ച ശമ്പളമുള്ള ജോലി ഇവിടെ ലഭിക്കാത്തതാണ് യുവാക്കള്‍ വിദേശത്തേക്ക് പോകാന്‍ കാരണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

പഞ്ചാബിലെ മറ്റൊരു പ്രധാന വില്ലന്‍ ലഹരിമരുന്നിന്റെ ഉപയോഗമാണ്. ലഹരി മാഫിയയില്‍ നിന്ന് മക്കളെ രക്ഷിക്കാന്‍ മാതാപിതാക്കള്‍ തന്നെ അവരെ വിദേശത്തേക്ക് അയക്കാന്‍ താല്പര്യപ്പെടുന്നു. കൂടാതെ, യുവാക്കളുടെ ശാരീരികക്ഷമത കുറയുന്നതും സൈനിക തിരഞ്ഞെടുപ്പിലെ കടുപ്പമേറിയ കായിക പരീക്ഷകളില്‍ അവര്‍ പരാജയപ്പെടാന്‍ കാരണമാകുന്നു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഈ കുറവിനെക്കുറിച്ച് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സൈന്യത്തിലെ സിഖ് റെജിമെന്റില്‍ പഞ്ചാബി യുവാക്കളുടെ കുറവുണ്ടെന്ന് സൈനിക മേധാവികള്‍ തന്നെ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. കുടിയേറ്റവും ലഹരി ഉപയോഗവുമാണ് ഇതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

#Punjab #IndianArmy #AgnipathScheme #NathowalVillage #MilitaryService #YouthMigration #SikhRegiment #DefenseNews #RuralPunjab #NationalSecurity #DailyhuntMalayalam

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: