Breaking NewsIndiaLead NewsNEWSSportsTRENDING

തട്ടിമുട്ടി നൂറുകടന്ന് പാക്കിസ്ഥാന്‍; 61 റണ്‍സിന് തകര്‍ത്ത് ഇന്ത്യയുടെ ജയം; എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍

ഏകപക്ഷീയമായ മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ. പാക്കിസ്ഥാനെതിരെ 61 റണ്‍സ് വിജയം നേടിയ ഇന്ത്യ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 റണ്‍സെടുത്തു പുറത്തായി.

34 പന്തില്‍ 44 റണ്‍സെടുത്ത മധ്യനിര താരം ഉസ്മാന്‍ ഖാന്‍ മാത്രമാണ് പാക്ക് നിരയില്‍ പേരിനെങ്കിലും പൊരുതിയത്. ഷഹീന്‍ അഫ്രീദി (19 പന്തില്‍ 23), ശതാബ് ഖാന്‍ (15 പന്തില്‍ 14), ഫഹീം അഷറഫ് (14 പന്തില്‍ 10) എന്നിവരും രണ്ടക്കം കടന്നു. മത്സരത്തില്‍ പാക്കിസ്ഥാന്റെ ഏഴു താരങ്ങള്‍ രണ്ടക്കം കടക്കാതെ പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച പാക്കിസ്ഥാന് ഇനിയും സൂപ്പര്‍ 8 പ്രതീക്ഷയുണ്ട്. നാലു പോയിന്റുമായി എ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണു പാക്കിസ്ഥാന്‍.

Signature-ad

നിലയുറപ്പിക്കുന്ന ബാറ്റിങ് നിരയുണ്ടെങ്കില്‍ അനായാസം പൊരുതി നേടാവുന്ന വിജയലക്ഷ്യമായിരുന്നു പാക്ക് ബോളര്‍മാര്‍ ബാറ്റര്‍മാര്‍ക്കു നല്‍കിയത്. എന്നാല്‍ പാക്കിസ്ഥാന്റെ ബാറ്റിങ് ദൗര്‍ബല്യം ആദ്യ ഓവര്‍ മുതല്‍ തന്നെ മുഴച്ചുനിന്നു. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ ആദ്യ ഓവറില്‍ സഹിബ്‌സദ ഫര്‍ഹാനെ റിങ്കു സിങ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ബുമ്രയുടെ രണ്ടാം ഓവറില്‍ സയിം അയൂബും സല്‍മാന്‍ ആഗയും മടങ്ങി. പവര്‍പ്ലേ തീരുംമുന്‍പേ പാക്കിസ്ഥാനു നാലാം വിക്കറ്റും നഷ്ടമായി. അഞ്ചു റണ്‍സെടുത്ത ബാബര്‍ അസം അക്ഷര്‍ പട്ടേലിന്റെ പന്തില്‍ ബോള്‍ഡായി. ആദ്യ ആറോവറില്‍ 38 റണ്‍സാണ് പാക്കിസ്ഥാന്‍ നേടിയത്. ബാറ്റിങ്ങില്‍ നേരത്തേയിറങ്ങിയ ഉസ്മാന്‍ ഖാന്‍ പിടിച്ചുനിന്നത് പാക്കിസ്ഥാനു പ്രതീക്ഷ നല്‍കിയെങ്കിലും, അതും അധികം നീണ്ടില്ല.

സ്‌കോര്‍ 73 ല്‍ നില്‍ക്കെ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ ഇഷാന്‍ കിഷന്‍ സ്റ്റംപ് ചെയ്ത് ഉസ്മാന്‍ ഖാനെ പുറത്താക്കി. പിന്നാലെയെത്തിയ മുഹമ്മദ് നവാസ് കുല്‍ദീപ് യാദവിനു മുന്നില്‍ വീണു. വാലറ്റത്ത് പ്രതിരോധം പേരുനു മാത്രമായതോടെ പാക്കിസ്ഥാന്‍ കഷ്ടിച്ചാണു 100 പിന്നിട്ടത്. ഇന്നിങ്‌സിന്റെ അവസാന പന്തുകളില്‍ ഷഹീന്‍ അഫ്രീദി ബൗണ്ടറികള്‍ കണ്ടെത്തിയതോടെ പാക്ക് സ്‌കോര്‍ 114 ല്‍ എത്തി.

ടോസ് നഷ്ടപ്പെട്ട്ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. 40 പന്തില്‍ 77 റണ്‍സടിച്ച ഇഷാന്‍ കിഷന്‍ അര്‍ധസെഞ്ചറി നേടി പുറത്തായി. മൂന്ന് സിക്‌സുകളും പത്ത് ഫോറുകളും ബൗണ്ടറി കടത്തിയ ഇഷാന്റെ ഇന്നിങ്‌സാണ് ഇന്ത്യയുടെ നട്ടെല്ല്. സൂര്യകുമാര്‍ യാദവ് (29 പന്തില്‍ 32), തിലക് വര്‍മ (24 പന്തില്‍ 25), ശിവം ദുബെ (17 പന്തില്‍ 27) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. അഭിഷേക് ശര്‍മ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെ ആദ്യ ഓവറിലെ പന്തില്‍ ഷഹീന്‍ അഫ്രീദി ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. പിന്നാലെ ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചു തുടങ്ങിയതോടെ ഇന്ത്യ പവര്‍പ്ലേയില്‍ മികച്ച സ്‌കോര്‍ നേടുകയായിരുന്നു.

പവര്‍പ്ലേയിലെ ആറോവറില്‍ അഞ്ചും എറിഞ്ഞത് സ്പിന്നര്‍മാരായിരുന്നു. കൊളംബോയിലെ സ്പിന്‍ പിച്ചിന്റെ ആനുകൂല്യം തുടക്കത്തില്‍ തന്നെ മുതലാക്കാനായിരുന്നു പാക്ക് ടീമിന്റെ ശ്രമം. എന്നാല്‍ അധികം പരുക്കില്ലാതെ ഇന്ത്യ പിടിച്ചുനിന്നു. 27 പന്തുകളില്‍ നിന്നാണ് ഇഷാന്‍ 50 തികച്ചത്. സ്‌കോര്‍ 88ല്‍ നില്‍ക്കെ സയിം അയൂബിന്റെ പന്തില്‍ ഇഷാന്‍ ബോള്‍ഡായി മടങ്ങി. തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍യാദവും നിലയുറപ്പിച്ചതോടെ 11.1 ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. സ്‌കോര്‍ 126ല്‍ നില്‍ക്കെ തിലകിനെയും ഹാര്‍ദിക് പാണ്ഡ്യയെയും പുറത്താക്കിയ പാക്ക് സ്പിന്നര്‍ സയിം അയൂബ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. സ്പിന്നര്‍മാരെ ഉപയോഗിച്ച് മധ്യ ഓവറുകളില്‍ പാക്കിസ്ഥാന്‍ റണ്ണൊഴുക്കു നിയന്ത്രിച്ചു. അപ്പോഴും പുറത്താകാതെനിന്ന സൂര്യകുമാര്‍ യാദവിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. 17 ഓവറുകള്‍ പിന്നിടുമ്പോള്‍ 140 ആയിരുന്നു ഇന്ത്യന്‍ സ്‌കോര്‍.

സ്‌കോര്‍ 159 ല്‍ നില്‍ക്കെ പാക്കിസ്ഥാന്റെ മിസ്റ്ററി സ്പിന്നര്‍ ഉസ്മാന്‍ താരിഖിനെ സിക്‌സടിക്കാന്‍ ശ്രമിച്ച സൂര്യയ്ക്കു പിഴച്ചു.സയിം അയൂബ് ക്യാച്ചെടുത്താണ് ഇന്ത്യന്‍ ക്യാപ്റ്റനെ മടക്കിയത്. ഷഹീന്‍ ഷാ അഫ്രീദി എറിഞ്ഞ 20-ാം ഓവറില്‍ ശിവം ദുബെയും റിങ്കു സിങ്ങും ചേര്‍ന്ന് 16 റണ്‍സ് അടിച്ചതോടെ ഇന്ത്യ പൊരുതാവുന്ന സ്‌കോറിലേക്കെത്തി. ഈ ഓവറിലെ അവസാന രണ്ടു പന്തുകളില്‍ ശിവം ദുബെയും അക്ഷര്‍ പട്ടേലും പുറത്തായി. നാലു പന്തില്‍ 11 റണ്‍സുമായി റിങ്കു സിങ് പുറത്താകാതെ നിന്നു.പാക്കിസ്ഥാനു വേണ്ടി സ്പിന്നര്‍മാരായ സയിം അയൂബ് മൂന്നും സല്‍മാന്‍ ആഗ, ഉസ്മാന്‍ താരിഖ് എന്നിവര്‍ ഓരോ വിക്കറ്റുവീതവും വീഴ്ത്തി.

ഇന്ത്യ പ്ലേയിങ് ഇലവന്‍- അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.

പാക്കിസ്ഥാന്‍ പ്ലേയിങ് ഇലവന്‍- സഹിബ്‌സദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍), സയിം അയൂബ്, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ബാബര്‍ അസം, ശതാബ് ഖാന്‍, ഉസ്മാന്‍ ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷറഫ്, ഷഹീന്‍ ഷാ അഫ്രീദി, ഉസ്മാന്‍ താരിഖ്, അബ്രാര്‍ അഹമ്മദ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: