പൊള്ളും വേനൽ; തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ” തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യമുള്ളതിനാൽ ഫെബ്രുവരി 12 മുതൽ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണർ സഫ്ന നസറുദീൻ ഉത്തരവിട്ടു.
പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3ന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു.
അതേസമയം,സമുദ്രനിരപ്പിൽ നിന്ന് 3,000 അടിയിൽ നിന്ന് കൂടുതൽ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മേഖലകളിൽ ഈ ഉത്തരവിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കി.പ്രാദേശികമായ ഏതെങ്കിലും അടിയന്തരാവസ്ഥ സാഹചര്യത്തിൽ ഈ ഉത്തരവു പ്രകാരമുള്ള കാലയളവിലെ മാറ്റം വരുത്തേണ്ടതുണ്ട്. ലേബർ കമ്മിഷണർക്ക് സമർപ്പിക്കും.
ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വിവിധ തൊഴിൽ മേഖലകളിൽ നടത്തുന്ന പരിശോധനകളോടൊപ്പം കൺസ്ട്രക്ഷൻ സൈറ്റുകൾക്കും റോഡ് നിർമ്മാണ മേഖലയ്ക്കും പ്രത്യേക പരിഗണന നൽകിക്കൊണ്ട് ദൈനംദിന പരിശോധന എല്ലാ ജില്ലകളിലും ജില്ലാ ലേബർ ഓഫീസർ / ലേബർ ഓഫീസർ / അസിസ്റ്റൻ്റ് ലേബർ ഓഫീസർ ഗ്രേഡ്-1 എന്നിവരുടെ നേതൃത്വത്തിൽ മൂന്നു ടീമുകൾ രൂപീകരിക്കും. ഈ ടീമുകൾ ബന്ധപ്പെട്ട മേഖലകളിൽ എല്ലാ ദിവസവും പരിശോധന നടത്തുമെന്നും ലേബർ കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു.






