Breaking NewsNEWSWorld

ധിക്കാരിയിൽ നിന്ന് സന്യാസിയിലേക്കുള്ള ചുവടുമാറ്റത്തിലോ താരിഖ് റഹ്മാൻ? 17 വർഷത്തെ പ്രവാസത്തിനു ശേഷം ബം​ഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്നത് നിരവധി ഭരണപരിഷ്കാര നടപടികളും പ്രഖ്യാപിച്ചുകൊണ്ട്, പാവപ്പെട്ട കുടുംബങ്ങൾക്ക് ‘ഫാമിലി കാർഡുകൾ’ വഴി ധനസഹായം,

ധാക്ക: 17 വർഷത്തെ ലണ്ടനിലെ പ്രവാസ ജീവിതത്തിന് ശേഷം തിരിച്ചെത്തിയ ബിഎൻപി നേതാവ് താരിഖ് റഹ്മാൻ (60) ബംഗ്ലദേശിന്റെ പുതിയ രാഷ്ട്രീയ മുഖമായി മാറുന്നുവെന്ന് വിദ​ഗ്ദർ. താരിഖിന്റെ പിതാവും ബംഗ്ലദേശ് മുൻ പ്രസിഡന്റുമായ സിയാവുർ റഹ്മാൻ സ്ഥാപിച്ച ബിഎൻപി 20 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഭരണത്തിലേക്ക് തിരിച്ചെത്തുകയാണ്. പാർട്ടിയുടെ ആക്ടിങ് ചെയർമാനായ താരിഖിനെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നത്.

തെരഞ്ഞെടുപ്പിൽ താരിഖിന്റെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) ആകെയുള്ള 297 സീറ്റുകളിൽ 209 എണ്ണം നേടി വൻ വിജയം കരസ്ഥമാക്കി. പാക്കിസ്ഥാനോട് ആഭിമുഖ്യമുള്ള തീവ്ര ശരിഅത്ത് നിയമങ്ങൾ അക്ഷരംപ്രതി പാലിക്കുന്ന വലതുപക്ഷ പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമി 68 സീറ്റുകൾ നേടി. 59.44 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ മത്സരിക്കുന്നതിൽ നിന്നുതന്ന വിലക്കിയിരുന്നു. 2024 ഓഗസ്റ്റിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് ഷെയ്ഖ് ഹസീന സർക്കാർ തകർന്നത്. 15 വർഷത്തെ അടിച്ചമർത്തലുകൾ നേരിട്ട ബിഎൻപിക്ക് ഈ വിജയം വലിയൊരു തിരിച്ചുവരവാണ്. അതും 20 വർഷങ്ങൾക്ക് ശേഷം ഭരണം തിരിച്ചുപിടിച്ചുകൊണ്ട്.

Signature-ad

സിയാവുർ റഹ്മാൻ 1981 ൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് താരിഖിന്റെ മാതാവ് ഖാലിദ സിയ നാല് പതിറ്റാണ്ടോളം പാർട്ടിയെ നയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ വിദേശവാസം അവസാനിപ്പിച്ച് താരിഖ് റഹ്മാൻ തിരികെയെത്തിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ മാതാവ് വിടവാങ്ങി. എങ്കിലും പാർട്ടിയെ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ചു.

അതേസമയം ധിക്കാരപരമായ രീതിയിൽ പ്രവർത്തിക്കുന്ന നേതാവായാണ് ഒരുകാലത്ത് താരിഖിനെ വിമർശകർ കണ്ടിരുന്നത്. പിൻവാതിൽ ഭരണം നടത്തുന്നയാൾ….പക്ഷെ പ്രവാസ ജീവിതത്തിനുശേഷം അടിമുടി ആകെ മാറിയ വ്യക്തിയായാണ് താരിഖ് ബം​ഗ്ലാദേശിൽ കാലുകുത്തിയത്. പ്രചാരണ വേളയിലുടനീളം പ്രകോപനപരമായ പ്രസംഗങ്ങൾ ഒഴിവാക്കി. അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചു. നിരവധി ഭരണപരിഷ്കാര നടപടികളും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പദത്തിന് രണ്ട് ടേം അല്ലെങ്കിൽ 10 വർഷം എന്ന പരിധി ഏർപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തു.

അതുപോലെ വസ്ത്ര കയറ്റുമതിയെ മാത്രം ആശ്രയിക്കാതെ കളിപ്പാട്ടങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ പ്രോത്സാഹിപ്പിക്കാനും പാവപ്പെട്ട കുടുംബങ്ങൾക്ക് ‘ഫാമിലി കാർഡുകൾ’ വഴി ധനസഹായം നൽകാനും പദ്ധതിയിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: