നാലു കുരുന്നുകൾക്ക് പുതിജീവനേകാൻ കുഞ്ഞ് ആലിൻ, അവയവങ്ങളുമായുള്ള ആംബുലൻസ് തിരുവനന്തപുരത്തെത്തിയത് 3.30 മണിക്കൂർ കൊണ്ട്

കൊച്ചി: വാഹനാപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും റോഡുമാർഗം തിരുവനന്തപുരത്തെത്തിച്ചു. 3.30 മണിക്കൂർ സമയമെടുത്താണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിയത്. കിംസ് ആശുപത്രിയിലാണ് ഇപ്പോൾ അവയവം കൈമാറിയിരിക്കുന്നത്. ഇവിടെനിന്നും എസ്എടി ആശുപത്രി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലേക്ക് അവയവങ്ങൾ കൈമാറാൻ ആംബുലൻസ് പുറപ്പെട്ടു. KL 07 DF 3177 എന്ന ആംബുലൻസിലാണ് അവയവങ്ങൾ എത്തിച്ചത്.
ഫെബ്രുവരി അഞ്ചിന് എം.സി. റോഡിൽ പള്ളം ബോർമ കവല ജംഗ്ഷന് സമീപം നടന്ന വാഹനാപകടത്തിലാണ് ആലിന് ഗുരുതരമായി പരുക്കുപറ്റിയത്. ആലിനും, മാതാവും, മാതാവിന്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷകൾ അസ്തമിച്ചു കഴിഞ്ഞ ദിവസം ഉച്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം ആലിന്റെ അവയവങ്ങൾ സ്വീകരിക്കാൻ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഡോക്ടർമാരടങ്ങുന്ന വിദഗധസംഘം സജ്ജരായിരുന്നു. പ്രാഥമിക പരിശോധനകൾക്ക് ശേഷം ശസ്ത്രക്രിയ നടക്കുന്ന സ്ഥലത്തേക്ക് അവയവങ്ങൾ കൊണ്ടുപോകും.
വിടപറയും മുൻപേ നാല് പേർക്ക് അവയവങ്ങൾ ദാനംചെയ്ത് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആയാണ് ആലിന്റെ മടക്കം. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെസോട്ടോ (K-SOTTO) വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. ആലിൻ ദാനം ചെയ്യുന്ന ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും, കരൾ തിരുവനന്തപുരം കിംസ് (KIMS) ആശുപത്രിയിലേക്കും, വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുമാണ് എത്തിക്കുന്നത്. കൂടാതെ കുട്ടിയുടെ കണ്ണുകൾ നേത്ര ബാങ്കിന് കൈമാറും.
ജന്മനാ കരൾ വീക്കം വന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരൾ നൽകുക. വൃക്കകൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 10 വയസുകാരി പെൺകുട്ടിക്കും നൽകും.





