‘ഈ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഒട്ടും ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല, സ്പായുടെ ഉടമ രാജീവ് ചന്ദ്രശേഖറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍’; മേയറുടെ ഇടപെടലിനു പിന്നാലെ സൂചനകള്‍ നല്‍കി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: തലസ്ഥാനത്തെ അനധികൃത സ്പാ മേയര്‍ വി.വി. രാജേഷ് പൂട്ടിയതിനു പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുന്നു. ന്യൂനപക്ഷ മോര്‍ച്ച നേതാവ് ഷൈന്‍ലാലിന്റെ ‘സ്പര്‍ശന്‍ വെല്‍നെസ് സ്പായ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പെണ്‍കുട്ടിയോട് മാനേജര്‍ മോശമായി പെരുമാറിയെന്ന് പരാതി ഉയര്‍ന്നതോടെയാണ് കടുത്ത നടപടിയുമായി ബിജെപി നേതാവുകൂടിയായ മേയര്‍ രംഗത്തുവന്നത്.
സ്പായില്‍ ജോലിക്കായി അഭിമുഖത്തിനെത്തിയപ്പോള്‍ യുവതി നേരിട്ടത് അപ്രതീക്ഷിത അനുഭവമായിരുന്നു. അഭിമുഖത്തിനിടെ സ്പര്‍ശന്‍ സ്പായിലെ ജീവനക്കാരന്‍ ഉപഭോക്താക്കളെ കാണിക്കാന്‍ ഫോട്ടോ ചോദിച്ചതോടെയാണ് അഭിമുഖത്തിന്റെ രീതി മാറിയത്. എതിര്‍ത്തു പറഞ്ഞതോടെ കൈയേറ്റത്തിന് ശ്രമിച്ചെന്നാണ് പരാതി. മേയര്‍ വി.വി രാജേഷിനോട് ഫോണിലൂടെ യുവതി ദുരനുഭവം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്പര്‍ശന്‍ വെല്‍നെസ് സ്പാ എന്ന സ്ഥാപനത്തിന് മതിയായ രേഖകളോ ലൈസന്‍സോ ഒന്നുമില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ തിരുവനന്തപുരം നഗരത്തിലെ അനധികൃത സ്പാ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ കോര്‍പറേഷന്‍ നടപടി ആരംഭിച്ചു. മുഴുവന്‍ സ്പാ കേന്ദ്രങ്ങളുടെയും രേഖകള്‍ പരിശോധിക്കാന്‍ മേയര്‍ വി വി രാജേഷ് നിര്‍ദേശിച്ചിരുന്നു. ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും തീരുമാനിച്ചിരുന്നു.
എന്നാല്‍, ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്റെ സ്പായാണിതെന്നും ഈ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നീക്കമാണിതിനു പിന്നിലെന്നുമാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ പറയുന്നത്. ഈ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഒട്ടും ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ലെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ രൂപം
തിരുവനന്തപുരത്തെ സദാചാര കമ്മിറ്റി മേധാവി കൂടിയായ മേയര്‍ പൂട്ടിച്ചത് ബിജെപിയുടെ സംസ്ഥാന നേതാവായ ഷൈന്‍ ലാലിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള മസാജ് സ്പാ ആണെന്ന് മാധ്യമ വാര്‍ത്തകള്‍ പുറത്തുവരുന്നു. ഈ സ്പാ സെന്ററില്‍ നടന്നിരുന്നത് സദാചാരവിരുദ്ധ സാംസ്‌കാരിക വിരുദ്ധ നടപടികള്‍ ആണെന്നാണ് മേയര്‍ പറയുന്നത്.
ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് ഷൈന്‍ ലാല്‍. ഇത് രാജിവ് ചന്ദ്രശേഖരന് രാജേഷ് കൊടുത്ത പണിയാണ്. ആര്‍ഷഭാരത സംസ്‌കാരത്തിനെതിരായി ക്രോസ് മസാജിംഗ് നടത്തിയിരുന്ന മിത്രത്തെ പാര്‍ട്ടിയുടെ സംസ്ഥാന നേതാവാക്കിയ രാജീവ് ചന്ദ്രശേഖരന്‍ മറുപടി പറയേണ്ടി വരും. ഈ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഒട്ടും ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല.






