ബാലരാമപുരം: പുറത്തേക്ക് കണ്ണും നട്ട് വീട്ടുവരാന്തയിൽ അവൻ ഇരിപ്പുണ്ട്. വെളുത്ത രോമം നിറഞ്ഞ ആ കുഞ്ഞു വളർത്തുനായ.അവനറിയില്ലല്ലോ തന്റെ യജമാനൻ രാജേഷും തന്‍റെ കളിക്കൂട്ടുകാരൻ കൂടിയായ മകൻ ഋത്വിക്കും ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന്.ഉച്ചയ്ക്ക് വിഭവ സമൃദ്ധമായി ഭക്ഷണം നല്‍കിയ ശേഷം തന്‍റെ പ്രിയപ്പെട്ടവർ പോയത് ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്കാണെന്ന് അവൻ ഇനിയും അറിഞ്ഞിട്ടില്ല.വിവരം അറിഞ്ഞ് വീട്ടിൽ എത്തുന്ന ഓരോ മുഖത്തിനിടയിലും അവൻ ഇപ്പോഴും തിരയുന്നത് തന്റെ പ്രിയപ്പെട്ടവരുടെ മുഖമാണ്.ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് തന്റെ പ്രിയപ്പെട്ടവർ യാത്ര പോയ വേദനാജനകമായ കാര്യം അല്ലെങ്കിൽ തന്നെ അവനോട് ആര് പറയാൻ.
എങ്കിലും അവൻ എന്തോ തിരിച്ചറിഞ്ഞിട്ടുണ്ട്.അവന്റെ കലങ്ങിയ കണ്ണുകളും മുഖത്തെ ദയനീയ ഭാവവും അതാണ് വ്യക്തമാക്കുന്നത്.രാജേഷിനും മകനും ഏറെ പ്രിയപ്പെട്ടതായിരുന്നു ആ നായ. സാധാരണ അപരിചിതരെ കാണുമ്പോള്‍ കുരച്ച് ശബ്ദമുണ്ടാക്കുന്ന അവൻ ഇന്നലെ മുതൽ മൗനം പാലിച്ചാണിരിക്കുന്നത്. അയല്‍വാസികൾ ചിലർ ഭക്ഷണം നല്‍കിയെങ്കിലും കഴിക്കാന്‍ അവൻ കൂട്ടാക്കിയിട്ടില്ല.കഴക്കൂട്ടം ഇൻഫോസിസ് പാർക്കിന് സമീപം സ്കൂട്ടർ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഇടിച്ചാണ് രാജേഷും (36) അഞ്ചുവയസ്സുള്ള മകനും മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ സുജാത ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
ബാലരാമപുരത്തെ വീട്ടില്‍ നിന്നും ചിറയിന്‍കീഴിലേക്കുള്ള യാത്രക്കിടെ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഇൻഫോസിസിന് സമീപം ചിത്തിര നഗർ ബസ്സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയിരുന്ന കെഎസ്ആർടിസി ബസിന്‍റെ പിറകിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു.