‘മണിയന്‍ പിള്ള രാജു പോലീസിനെ വിളിച്ചെന്ന വാദം തെറ്റ്, രാത്രി വീട്ടിലെത്തിയപ്പോള്‍ കാറും ആളും ഉണ്ടായിരുന്നില്ല, ബൈക്ക് എത്തിയത് അമിത വേഗത്തില്‍’; പോലീസ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിനെതിരായ വാഹനാപകടക്കേസില്‍ പൊലീസിന്റെ വീഴ്ച തള്ളി ഡിസിപിയുടെ റിപ്പോര്‍ട്ട്. പോലീസ് രാത്രി രാജുവിന്റെ വീട്ടിലെത്തിയിരുന്നെന്നും ആ സമയത്ത് അദ്ദേഹവും കാറും വീട്ടിലുണ്ടായിരുന്നില്ല എന്നും റിപ്പോട്ടില്‍ പറയുന്നു. പോലീസിനെ വിളിച്ചെന്ന രാജുവിന്റെ വാദം തെറ്റെന്നും രാവിലെ വന്നാല്‍ മതിയെന്ന് പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം നഗരത്തില്‍ ട്രിവാന്‍ഡ്രം ക്ലബ്ബിനു മുന്നിലായിരുന്നു അപകടം. രണ്ടു യുവാക്കള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാര്‍ ഓടിച്ചിരുന്ന മണിയന്‍പിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു. വ്യാഴാഴ്ച രാത്രി 11.30ന് ട്രിവാന്‍ഡ്രം ക്ലബിന്റെ ഗേറ്റിനു പുറത്തിറങ്ങി മീഡിയന് അപ്പുറം എതിര്‍ദിശയിലേക്കുള്ള പാതയിലേക്കു കടക്കുന്നതിനിടെയായിരുന്നു അപകടം.
അപകടമുണ്ടായെന്ന് അറിഞ്ഞിട്ടും വാഹനം നിര്‍ത്താതെ പോയ നടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിലുണ്ടായിരുന്ന ശ്രീവരാഹം സ്വദേശി നിദേവ് (20), ശ്രീകണ്‌ഠേശ്വരം സ്വദേശി സൂരജ് (20) എന്നിവര്‍ പരുക്കുകളോടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. എല്‍എല്‍ബി വിദ്യാര്‍ഥിയായ നിദേവിന് ഇടതുകാലിനും ഐടിഐ പ്രവേശനം കാത്തിരിക്കുന്ന സൂരജിന്റെ തുടയെല്ലിനും പൊട്ടലുണ്ട്. ഇരുവരെയും ശസ്ത്രക്രിയയ്ക്കു വിധേയരാക്കി.
ട്രിവാന്‍ഡ്രം ക്ലബില്‍നിന്ന് സാവധാനം പുറത്തേക്കിറങ്ങിയ കാര്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ട് വാഹനങ്ങള്‍ കടന്നുപോകാന്‍ കാത്തുനിന്ന ശേഷം സാവധാനം റോഡ് കടക്കുന്നതിനിടെ അപകടമുണ്ടായെന്നാണു സിസിടിവി ദൃശ്യത്തില്‍ വ്യക്തമാകുന്നത്. രണ്ട് ഇരുചക്ര വാഹനങ്ങള്‍ ഒരേസമയം വന്നതില്‍ ഒരെണ്ണം കാര്‍ കടന്നുപോകാനായി നിര്‍ത്തുന്നതും അപകടത്തില്‍പെട്ട ബൈക്ക് അതിവേഗം കാറിനു മുന്നിലേക്കു വെട്ടിച്ചു കയറുന്നതും ദൃശ്യങ്ങളിലുണ്ട്. അപകടകരമായും ഉദാസീനമായും മനുഷ്യജീവന് ആപത്തു വരത്തക്കവിധം വാഹനമോടിക്കല്‍, അപകടത്തില്‍പെട്ടവര്‍ക്കു പ്രഥമശുശ്രൂഷ നല്‍കാതെയും ഉത്തരവാദപ്പെട്ടവരെ അറിയിക്കാതെയും വാഹനം നിര്‍ത്താതെ പോയി തുടങ്ങിയ കുറ്റങ്ങളാണ് രാജുവിനെതിരെ ചുമത്തിയത്.
കേസില്‍ പോലീസിനു വീഴ്ചയുണ്ടായെന്ന് ആരോപണമുണ്ടായിരുന്നു. സംഭവം നടന്ന രാത്രി തന്നെ പൊലീസ് രാജുവിന്റെ വീട്ടിലെത്തിയെന്നാണു സിറ്റി പൊലീസ് കമ്മിഷണര്‍ മാധ്യമങ്ങളോടു പറഞ്ഞത്. കാര്‍ കണ്ടെത്തിയില്ലെന്നും വീടു പൂട്ടിയിരിക്കുകയായിരുന്നെന്നും കമ്മിഷണര്‍ പറഞ്ഞു. പൊലീസ് വീട്ടില്‍വന്നു തന്നെ കണ്ടെന്നും താന്‍ രോഗിയാണെന്നും ഭാര്യ വീട്ടില്‍ ഒറ്റയ്ക്കാണെന്നും പറഞ്ഞതിനാല്‍ രാവിലെ സ്റ്റേഷനിലെത്തിയാല്‍ മതിയെന്നു നിര്‍ദേശിച്ചെന്നുമായിരുന്നു രാജുവിന്റെ പ്രതികരണം. അപകടംനടന്ന് 12 മണിക്കൂറിനു ശേഷമാണ് മദ്യപിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളില്‍ രാജുവിന്റെ വൈദ്യപരിശോധന നടത്തിയത് . അപകടമുണ്ടാക്കിയ കാര്‍ രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ടെന്നിസ് ക്ലബ്ബിനു പിന്നില്‍നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു.






