യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു; പോലീസിനു നേരെ നായ്ക്കളെ അഴിച്ചു വിട്ട് ടെറസില്‍ കുത്തിയിരുന്നു; ‘വാടാ പോലീസേ’ എന്നു വെല്ലുവിളി; യുവതിയെ ബലാത്സംഗം ചെയ്ത മരണ സുബിന് സൈക്കോ ക്രിമിനല്‍

പത്തനംതിട്ട: സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പിടിയിലായ ‘മരണ സുബിന്’ കൊടും ക്രിമിനല്‍. ബാര്‍ ജീവനക്കാരന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചാണ് ഒരിക്കല്‍ ഇയാളുടെ കൊടും ക്രൂരത പുറത്തുവന്നത്. ഏറ്റവുമൊടുവില്‍ തിരുവല്ലയിലെ സ്പാ ജീവനക്കാരിക്കു നേരെയായിരുന്നു ക്രൂരമായ ആക്രമണം. ഒന്നുംരണ്ടും കേസുകളല്ല മരണസുബിനെന്ന കൊടുംക്രിമിനലിന്റെ പേരിലുള്ളത്. വിചിത്രമായ ക്രിമിനല്‍ മനസും രീതികളുമുള്ള സുബിനും സുഹൃത്തുക്കളുമാണ് ഫെബ്രുവരി ഒന്നിന് സ്പായിലെത്തി ഒരു യുവതിയെ കത്തി കഴുത്തില്‍ വച്ച് ബലാത്സംഗം ചെയ്യുകയും മറ്റൊരു യുവതിയെ കടന്നുപിടിച്ച് ചുംബിക്കുകയും ചെയ്തത്.
സംഭവമറിഞ്ഞ് സുബിന്റെ കുറ്റപ്പുഴയിലെ വീട്ടിലെത്തിയ പൊലീസുകാര്‍ക്കു കാണേണ്ടി വന്നത് നാടകീയരംഗങ്ങളാണ്. നാല് നായകളെ പൊലീസിനു നേരെ അഴിച്ചുവിട്ട ശേഷം നേരെ പടികളില്ലാത്ത ടെറസില്‍ പോയി കുത്തിയിരുന്നു. നായകളെ പൂട്ടിയിടാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും സുബിന് കൂട്ടാക്കിയില്ല. ടെറസിലിരുന്ന് വാടാ പൊലീസേ… എന്നുപറഞ്ഞ് വെല്ലുവിളിച്ചു
പത്തു മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മരണ സുബിനടുത്തേക്ക് പൊലീസിന് എത്താന്‍ കഴിഞ്ഞത്. അപ്പോഴും സുബിന് കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് വിവരം. ഇതിനിടെ എസ്ഐ ഉണ്ണികൃഷ്ണനും സിപിഒ അഭിലാഷിനും നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇരുവരും ആശുപത്രിയിലെത്തി കുത്തിവയ്പെടുത്തു.
മരണ സുബിന്റെ വിളയാട്ടം ഇത് ആദ്യമായല്ല. തിരുവല്ല, കീഴ്്വായൂര്‍ പോലീസ് സ്റ്റേഷനുകളിലായി 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മരണ സുബിന്. കാപ്പാ നിയമപ്രകാരം ആറുമാസം കരുതല്‍ തടങ്കലില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് പുറത്തിറങ്ങിയത്. സ്ഥിരം കഞ്ചാവ് ഉപയോഗിക്കും. തിരുവല്ലയിലെ പ്രബലമായ ഗുണ്ടാ സംഘത്തിന്റെ തലവന്‍ കൂടിയായ സുബിന് സ്ഥലത്തെ പല പ്രമുഖരുടേയും കൂട്ടാളിയാണെന്നാണ് വിവരം.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഒരു യുവാവിന്റെ ജനനേന്ദ്രിയം മരണസുബിന്‍ കടിച്ചുമുറിച്ചത്. ബാറില്‍ അടിപിടി ഉണ്ടാക്കിയതിനു പിന്നാലെയായിരുന്നു സംഭവം. ആ കേസില്‍ ഏറെ പണിപ്പെട്ട് സുബിനെ പൊലീസ് പിടികൂടിയെങ്കിലും കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോവുകയായിരുന്നു. പിന്നാലെ പൊലീസ് വീണ്ടും സുബിനെ അറസ്റ്റ് ചെയ്തു. വീട്ടില്‍ കയറി ആക്രമിക്കുകയും ബിയര്‍ ബോട്ടില്‍ ഉപയോഗിച്ച് തലയടിച്ച് പൊട്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. 2022ല്‍ കാപ്പാ വകുപ്പ് 15 പ്രകാരം റേഞ്ച് ഡിഐജി ആറുമാസം ഇയാളെ ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്നു.






