Breaking NewsKeralaLead NewsNEWS

മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദമോ അധിക സീറ്റോ ആവശ്യപ്പെട്ടിട്ടില്ല, ഏറ്റവും ഭംഗിയായി ഞങ്ങളുടെ കൂടെ നിൽക്കുന്ന പ്രസ്ഥാനമാണ് ലീഗ്, അവർ ഒന്നോ രണ്ടോ സീറ്റ് കൂടുതൽ ചോദിച്ചാൽ ഞങ്ങൾ കൊടുക്കില്ലേ? ചോദിച്ചില്ല, അവർ വേണ്ട എന്നാണ് പറഞ്ഞത്- വിഡി സതീശൻ

കാസർകോട്: കേന്ദ്ര സഹായത്തിന് വേണ്ടി മാത്രം കാത്തിരിക്കാതെ സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രത്തിന്റെ സംഘപരിവാർ അജണ്ട കേരളത്തിൽ നടപ്പാക്കാൻ ശ്രമം നടക്കുന്നുണ്ട്. നിലവിലെ സർക്കാർ അമിത് ഷായുടെ മുമ്പിൽ മുട്ടുവളഞ്ഞു നിൽക്കുകയാണ്. അങ്ങനെയൊരു സർക്കാർ ആയിരിക്കില്ല, യുഡിഎഫിന്റെ സർക്കാരെന്നു സതീശൻ പറഞ്ഞു. യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’ വ്യാഴാഴ്ച കാസർകോട്ടുനിന്ന് തുടക്കം കുറിക്കുന്നതിനിടെയാണ് പ്രതിപക്ഷനേതാവ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അതെല്ലാം ദേശീയ നേതൃത്വം പരിശോധിച്ച് തീരുമാനിക്കുമെന്നും മുന്നണിയെ അധികാരത്തിൽ തിരിച്ചു കൊണ്ടുവരിക എന്നതാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദമോ അധിക സീറ്റുകളോ ആവശ്യപ്പെട്ടിട്ടില്ല.”അതൊക്കെ വെറും വാർത്തകളാണ്. അവർ ഒരുസീറ്റ് പോലും കൂടുതൽ ചോദിച്ചില്ല. അനാവശ്യമായ ഒരു ഡിമാൻഡും അവർ മുന്നോട്ടുവെച്ചിട്ടില്ല. ഏറ്റവും ഭംഗിയായി ഞങ്ങളുടെ കൂടെ നിൽക്കുന്ന പ്രസ്ഥാനമാണ് ലീഗ്. ഞങ്ങൾക്ക് അവരോട് ബഹുമാനമുണ്ട്, സ്‌നേഹമുണ്ട്. ആദരവുണ്ട്. അവർ ഒന്നോ രണ്ടോ സീറ്റ് കൂടുതൽ ചോദിച്ചാൽ ഞങ്ങൾ കൊടുക്കില്ലേ. ചോദിച്ചില്ല, അവർ വേണ്ട എന്നാണ് പറഞ്ഞത്.

Signature-ad

ലീ​ഗിന് കോൺഗ്രസുമായി അത്രയും വലിയ ഹൃദയബന്ധമാണുള്ളത്. എക്കാലത്തെയും വലിയ ടീം യുഡിഎഫാണിത്. എൽഡിഎഫിലേക്ക് പോകാൻ ഒരു കാരണം പോലുമില്ലെന്നും യുഡിഎഫിൽ നിൽക്കാൻ ആയിരം കാരണങ്ങളുണ്ടെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെ പറഞ്ഞു. അതോടെ സിപിഎമ്മിന് ലീഗ് വർഗീയ പാർട്ടിയായി.

എല്ലാകാലത്തും ഉണ്ടായിരുന്നതിനെക്കാൾ ഉറച്ചബന്ധം യുഡിഎഫിലെ കക്ഷികൾക്കുണ്ട്. സിപിഎം- ബിജെപി ലൈനിൽ ന്യൂനപക്ഷങ്ങളെ പറയുന്നു. ലീഗ് കേരളത്തിൽ ദുർബലമായാൽ ആ സ്‌പേസ് ആര് കൊണ്ടുപോകും? തീവ്ര നിലപാട് എടുക്കുന്നവർക്കെതിരേയാണ് ലീഗ് യുദ്ധം ചെയ്യുന്നത്. സിപിഎം ഇപ്പോൾ ചെയ്യുന്ന പണിക്ക് അവർക്ക് നല്ല തിരിച്ചടി കിട്ടും. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയല്ല, അതിലും വലിയ തിരിച്ചടിയുണ്ടാകും. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്യാൻ പാടില്ലാത്ത കുഴപ്പങ്ങളാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. അതിന് തിരിച്ചടി കിട്ടും. ഒരുസംശയവും വേണ്ട”, വി.ഡി. സതീശൻ പറഞ്ഞു.

അതുപോലെ ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും വർഗീയത പറയരുത്. വർഗീയത പറഞ്ഞ് തമ്മിൽത്തല്ലിച്ച് ഭിന്നിപ്പിക്കാൻ സമ്മതിക്കില്ല. അത് പറഞ്ഞതിന്റെ പേരിൽ തനിക്കെതിരേ വ്യക്തിപരമായ ആക്ഷേപം നടത്തി. താൻ അതിനൊന്നും മറുപടി പറയാൻ പോയില്ല. വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടി പറയേണ്ടതില്ല. അതല്ല അജണ്ട. വർഗീയത പറയുന്ന ആളുകൾക്ക് കുടപിടിക്കുന്നതും അവരെ പൊന്നാട അണിയിക്കുന്നതും ശരിയല്ല. സംഘപരിവാറിന്റെ അതേ വഴിയിലൂടെയാണ് സിപിഎം യാത്രചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: