ഇതു ടീമുകളുടേയും യാത്ര പരാജയമറിയാതെ, ആറാം കിരീടത്തിൽ കണ്ണുവച്ച് ടീം ഇന്ത്യ!! 27 വർഷമായി കാത്തിരിക്കുന്ന ആ വിശ്വകിരീടമെടുക്കാനുള്ള മോഹവുമായി ഇംഗ്ലണ്ട് കൗമാരപ്പട… അണ്ടർ-19 ലോകകപ്പിൽ ഇന്ന് കലാശപ്പോരാട്ടം, മത്സരം ഉച്ചയ്ക്ക് ഒരുമണി മുതൽ

ഹരാരെ: അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ഇരു ടീമിന്റെ അപരാജിത ജൈത്രയാത്രയ്ക്ക് ഇന്ന് ഫുൾസ്റ്റോപ്പ് വീഴുകയാണ്. ആറാം കിരീടത്തിൽ കണ്ണുവെച്ചാണ് ആയുഷ് മാത്രെയുടെ കീഴിൽ ഇന്ത്യൻ കൗമാരപ്പട ഇറങ്ങുന്നത്. മറു സൈഡിൽ ഇംഗ്ലണ്ടിനാകട്ടെ 27 വർഷമായി മോഹിക്കുന്ന ആ കപ്പെടുക്കുകയെന്നതാണ് ലക്ഷ്യം. അവസാനമായി 1998 ലാണ് ഇംഗ്ലണ്ട് കപ്പുയർത്തിയത്.
അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ രണ്ട്അപരാജിതശക്തികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആവേശം അതിന്റെ മൂർദ്ധന്യത്തിലെത്തുമെന്ന് ഉറപ്പ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതലാണ് ഇന്ത്യ- ഇംഗ്ലണ്ട് ഫൈനൽ.
കണക്കുകൾ വച്ചുനോക്കിയാൽ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമാണ് ഇന്ത്യ. അഞ്ചുവട്ടമാണ് കപ്പുയർത്തിയത്. 2024-ലാണ് അവസാനമായി ഇന്ത്യ കിരീടം നേടിയത്. കഴിഞ്ഞതവണ ഓസ്ട്രേലിയയോട് ഫൈനലിൽ കീഴടങ്ങുകയായിരുന്നു. അതേസമയം തുടർച്ചയായ മൂന്നാം ഫൈനലാണ് ഇന്ത്യക്ക്. സെമിയിൽ റെക്കോഡ് റൺ ചേസ് നടത്തി അഫ്ഗാനിസ്താനെ കീഴടക്കിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഒരു പടിക്ക് കൂട്ടിയിട്ടുണ്ട്.
കൂടാതെ ഓപ്പണർമാരായ വൈഭവ് സൂര്യവംശി, മലയാളി താരം ആരോൺ ജോർജ് എന്നിവരുടെ മിന്നും ഫോം ഇന്ത്യയ്ക്ക് അനുകൂല ഘടകങ്ങളാണ്. അതുപോലെ ക്യാപ്റ്റൻ ആയുഷ് മാത്രെ നോക്കൗട്ട് റൗണ്ടിൽ ഓൾറൗണ്ട് പ്രകടനമാണ് പുറത്തെടുക്കുന്നത്. മധ്യനിര ബാറ്റർമാരായ വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ടു, വേദാന്ത് ത്രിവേദി എന്നിവരും മികച്ച രീതിയിൽ കളിക്കുന്നുണ്ട്.
ബൗളിങ്ങിൽ പേസർമാരായ ആർ.എസ്. അംബ്രിഷ്, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ എന്നിവരും സ്പിന്നർമാരായ ഖിലൻ പട്ടേൽ, കനിഷ്ക് ചൗഹാൻ എന്നിവരും നന്നായി പന്തെറിയുന്നുണ്ട്. തൃശ്ശൂർ സ്വദേശിയായ ഓൾറൗണ്ടർ മുഹമ്മദ് ഇനാനും ടീമിലുണ്ട്.
അതേസമയം ഈ ടൂർണമെന്റിൽ ഇന്ത്യയെപ്പോലെതന്നെ തോൽവിയറിയാതെയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയിരിക്കുന്നത്. കൂടാതെ സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് ഇംഗ്ലണ്ടിന്റെ വരവെന്നതും ശ്രദ്ധേയം. ക്യാപ്റ്റൻ തോമസ് റ്യൂ, ഓപ്പണർമാരായ ബെൻ ഡ്വാകിൻസ്, ജോസഫ് മൂർ, വൺഡൗൺ ബാറ്റർ ബെൻ മേയേഴ്സ് എന്നിവർ ഒറ്റയ്ക്ക് കളിഗതിതന്നെ മാറ്റാൻ കെൽപ്പുള്ളവരാണ്.






