നോക്കൗട്ടില്‍ എന്തു ചെയ്യും? ലോകകപ്പില്‍ ഇന്ത്യക്കെതിരേ കളിക്കില്ലെന്ന് പാകിസ്ഥാന്; ബംഗ്ലാദേശിനെ ഒഴിവാക്കിയതില്‍ കടുത്ത തീരുമാനം; പിഴയ്ക്കും കോടതി നടപടികള്‍ക്കും വഴിവയ്ക്കും; മുന്നറിയിപ്പുമായി പാക് മുന്‍ താരങ്ങളും

ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്. ബംഗ്ലദേശിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് കടുത്ത തീരുമാനത്തിലേക്ക് പാക്കിസ്ഥാന് നീങ്ങിയത്. മറ്റ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ടീമിന് അനുമതിയുണ്ടെന്നും പാക്കിസ്ഥാന് സര്‍ക്കാര്‍ അറിയിച്ചു. ശ്രീലങ്കയിലാണ് പാക്കിസ്ഥാന്റെ മറ്റ് മല്‍സരങ്ങള്‍. ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന പാക്കിസ്ഥാന്റെ നിലപാടില്‍ ഐസിസി പ്രതികരണം നിര്‍ണായകമാവും.
സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കില്ലെന്നു പ്രഖ്യാപിച്ച ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍നിന്നു പുറത്താക്കിയിരുന്നു. പകരം സ്കോട്ലന്ഡിന് അവസരം നല്‍കിയതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രഖ്യാപിച്ചു. തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റണമെന്ന ബംഗ്ലദേശിന്റെ ആവശ്യം വോട്ടിനിട്ടു തള്ളിയ ഐസിസി, ഇന്ത്യയില്‍ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് ആവര്‍ത്തിച്ചു. ബംഗ്ലദേശിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയുമായുണ്ടായ നീരസത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവവും.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ജനുവരി മൂന്നിന് ഐപിഎലില്‍നിന്ന് പുറത്താക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായത്. മറുപടിയായി ബംഗ്ലദേശ്, രാജ്യത്ത് ഐപിഎല്‍ സംപ്രേഷണം വിലക്കി. തുടര്‍ന്ന് ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ മത്സരം ഇന്ത്യയില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വരികയായിരുന്നു. ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ്. ബംഗ്ലദേശിനെ പുറത്താക്കിയതിനു പിന്നാലെ ട്വന്റി20 ലോകകപ്പ് ബഹിഷ്ക്കരണ ഭീഷണിയുമായി പാക്കിസ്ഥാന് രംഗത്തെത്തുകയായിരുന്നു.
ഫെബ്രുവരി 15് കൊളംബോയിലെ ആര്. പ്രേമദാസ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഏത് ഐസിസി ടൂര്‍ണമെന്റിലും ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരം ഇന്ത്യ-പാകിസ്ഥാന് ഏറ്റുമുട്ടലാണ്. ലോകവ്യാപക പ്രേക്ഷകശ്രദ്ധ, സ്പോണ്‍സര്‍ഷിപ്പ് താല്പര്യം, സംപ്രേഷണ വരുമാനം എന്നിവ കൊണ്ടു വിപണിക്കും നിര്‍ണായകമാണ്.
ഈ മത്സരം ബഹിഷ്കരിക്കുന്നത് ഐസിസിക്ക് ടൂര്‍ണമെന്റിന്റെ ഷെഡ്യൂളിംഗ്, മാര്‍ക്കറ്റിംഗ്, വാണിജ്യ തന്ത്രങ്ങള്‍ എന്നിവയില്‍ പ്രതിസന്ധിയുണ്ടാക്കും. 2027 വരെ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ-പാകിസ്ഥാന് മത്സരങ്ങള്‍ എല്ലാം നിഷ്പക്ഷ വേദികളില്‍ നടത്തുമെന്ന് ഉറപ്പുനല്‍കുന്ന മൂന്നുപാര്ട്ടി കരാറില്‍ ബിസിസിഐ, പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്, ഐസിസി എന്നിവര്‍ ഒപ്പുവച്ചിട്ടുണ്ട്.
പാകിസ്ഥാന് കളിക്കാതിരുന്നാല്‍ ഇന്ത്യയ്ക്ക് വാക്കോവര്‍ വഴി മുഴുവന്‍ പോയിന്റും ലഭിക്കും. ഒപ്പം പിസിബിക്ക് സാമ്പത്തിക പിഴ ചുമത്താനുള്ള അധികാരവും ഐസിസിക്കുണ്ട്.
നിലവിലുള്ള സംപ്രേഷണ കരാറുകള്‍ കാരണം ഈ ബഹിഷ്കാരത്തിന് ഗുരുതര പ്രതിഫലങ്ങള്‍ ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംപ്രേഷണ അവകാശമുള്ള സ്ഥാപനങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ഐസിസി ആ തുക പാകിസ്ഥാനില്‍ നിന്ന് ഈടാക്കാനും, വലിയ തുകകള്‍ ഉള്‍പ്പെട്ടതിനാല്‍ ഭാവിയിലെ ടൂര്‍ണമെന്റുകളില്‍ നിന്ന് പിസിബിയെ വിലക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘പാകിസ്ഥാന് ടി20 ലോകകപ്പില്‍ തന്നെ പങ്കെടുക്കാതിരിക്കാനുള്ള തീരുമാനമെടുത്താല്‍, ഐസിസി നിരവധി ശിക്ഷകള്‍ ഏര്‍പ്പെടുത്തും. അന്താരാഷ്ട്ര ടീമുകളുമായി ദ്വിപക്ഷ പരമ്പരകള്‍ ഇല്ലാതാക്കല്‍, പിഎസ്എല്ലില്‍ വിദേശ താരങ്ങള്‍ക്ക് എന്‍ഒസി അനുവദിക്കാതിരിക്കുക, ഏഷ്യാ കപ്പില്‍ പങ്കെടുക്കാന്‍ വിലക്കുക എന്നിവ ഉള്‍പ്പെടാം’ എന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാന്റെ ആദ്യ മത്സരം ഫെബ്രുവരി 7-ന് നെതര്‍ലന്‍ഡ്സിനെതിരെയാണ്. തുടര്‍ന്ന് ഫെബ്രുവരി 10-ന് യുഎസിനെതിരെയും ഫെബ്രുവരി 18-ന് നമീബിയക്കെതിരെയും മത്സരങ്ങള്‍ നടക്കും. എല്ലാ മത്സരങ്ങളും കൊളംബോയിലെ എസ്എസ്സി ഗ്രൗണ്ടിലാണ് നടക്കുന്നത്. പാകിസ്ഥാന്റെ മുന്‍ താരങ്ങളും ഉദ്യോഗസ്ഥരും രാജ്യത്തിന്റെ ക്രിക്കറ്റിന് ദോഷകരമായ തീരുമാനങ്ങള്‍ എടുക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, മത്സരത്തിന്റെ നോക്കൗട്ട് ഘട്ടങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടേണ്ടി വന്നാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് പിസിബിയോ സര്‍ക്കാരോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.






