‘ഏതോ ചീഫ് ജസ്റ്റിസ് ഓപ്പണ്‍ കോടതിയില്‍ വായില്‍ തോന്നിയത് പറഞ്ഞതാണ്’; സ്പ്രിംക്ലറില്‍ കോടതിയില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ അധിക്ഷേപവുമായി വി.ഡി. സതീശന്‍; കെ ഫോണ്‍, എഐ ക്യാറ കേസിലെ തോല്‍വിയെക്കുറിച്ച് ചോദിച്ചത് പ്രകോപനമായി

തിരുവനന്തപുരം: കോവിഡ് കാലത്ത് അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിംക്ലറുമായി കരാറുണ്ടാക്കിയതിന്റെ പേരില്‍ കോടതിയില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ ന്യായാധിപര്‍ക്കെതിരേ അധിക്ഷേപവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്പ്രിംഗ്ലര്‍ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെ കെ ഫോണിനെതിരെയും എ ഐ കാമറയ്‌ക്കെതിരെയും നല്‍കിയ പരാതികളില്‍ കോടതികളില്‍നിന്ന് ഏറ്റ തിരിച്ചടികള്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതാണ് സതീശനെ ചൊടിപ്പിച്ചത്.
‘സ്പ്രിംഗ്ലറിനെതിരെ ഞാന്‍ കേസൊന്നും കൊടുത്തിട്ടില്ല. സ്പ്രിംഗ്ലര്‍ നടപ്പായില്ലല്ലോ പിന്നെ കോടതി എന്ത് പറയാനാണ്. കോടതികളില്‍ ആരും കേസിന് പോയാലും അനുകൂലമായും പ്രതികൂലമായും അഭിപ്രായം വരും. കെ ഫോണിനും എ ഐ കാമറയ്ക്കുമെതിരായ കേസ്, പദ്ധതി പൂര്‍ത്തിയായ സമയത്ത് എടുക്കുന്നതില്‍ പ്രസക്തിയില്ലെന്ന് പറഞ്ഞാണ് തള്ളിയത്. ഏതോ ചീഫ് ജസ്റ്റിസ് ഓപ്പണ്‍ കോടതിയില്‍ അദ്ദേഹത്തിന്റെ വായില്‍ തോന്നിയത് പറഞ്ഞതാണ്’- സതീശന്‍ പറഞ്ഞു.
എഐ ക്യാമറയില്‍ അഴിമതി ആരോപിച്ച് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് പറഞ്ഞ കോടതി യാതൊരു തെളിവും ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ആണു കേസ് പരിഗണിച്ചത്. ഈ ഹര്‍ജി പബ്ലിക് ഇന്‍ട്രസ്റ്റ് ലിറ്റിഗേഷന്‍ അല്ല, പ്രതിപക്ഷ നേതാവിന്റെ പബ്ലിസിറ്റി ഇന്‍ട്രസ്റ്റ് ലിറ്റിഗേഷന്‍ (പബ്ലിസിറ്റിക്കുവേണ്ടിയുള്ള നീക്കം) എന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.വി. ഭാട്ടിയുടെ വിമര്‍ശനം. കോവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ചോര്‍ന്നുവെന്ന വാദം നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഡാറ്റാ സുരക്ഷിതമാണെന്നും അത് വിദേശ കമ്പനിക്ക് ദുരുപയോഗം ചെയ്യാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
ഐസൊലോഷനിലും ക്വാറന്റൈനിലുമുള്ളവര്‍, കോവിഡ് രോഗബാധയുള്ളവര്‍ തുടങ്ങി കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരു മൊബൈല്‍ ആപ് ലഭ്യമാക്കി. ആവശ്യത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്‌തെടുക്കാവുന്ന സാസ് (SAAS) ആപ്ലിക്കേഷനായ സ്പ്രിംങ്ക്‌ളറാണ് ഇതിനായി ഉപയോഗിച്ചത്. യു.എസ് കമ്പനി വികസിപ്പിച്ച സോഫ്റ്റവെയര്‍ സംസ്ഥാന ഐ.ടി വകുപ്പിനു സൗജന്യമായിട്ടാണു ലഭ്യമാക്കിയത്.
ഏപ്രില്‍ പത്തിനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന സര്‍ക്കാരിനെതിരെ ഒരു ഗുരുതര ആരോപണം ഉന്നയിക്കുന്നത്. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിലെ ഒരു വിഭാഗം ജനതയുടെ, ഏതാണ്ട് ഒന്നേമുക്കാല്‍ ലക്ഷത്തോളം കേരളീയരുടെ, പൂര്‍ണമായ ആരോഗ്യ വിവരങ്ങളും റേഷന്‍ കാര്‍ഡ് വിവരങ്ങളും അമേരിക്കന്‍ കമ്പനിക്ക് കൈമാറി എന്നായിരുന്നു ആരോപണം. അന്താരാഷ്ട്ര തലത്തിലെ കണക്കുകള്‍ നിരത്തി ഈ വിവരങ്ങള്‍ക്ക് ഏതാണ്ട് 200 കോടി രൂപ വരുമെന്ന് പ്രതിപക്ഷം ആരോപിച്ചു.
സ്പ്രിങ്ക്ളര്‍ ആപ്പ് വഴി അപ്ലോഡ് ചെയ്ത വിവരങ്ങള്‍ കമ്പനിയുടെ സെര്‍വറിലെത്തിയാല്‍ എന്തു സംഭവിക്കുമെന്നായിരുന്നു ചര്‍ച്ച. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ മരുന്നു കമ്പനികള്‍ മുതല്‍ ഇന്‍ഷുറന്‍സ് മേഖലയിലുള്ളവര്‍ക്ക് വരെ ലഭ്യമാക്കുമെന്നും ആ വിവരങ്ങള്‍ അപഗ്രഥിച്ച് അവര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റു ചെയ്യാമെന്നും കോടികള്‍ വിലമതിക്കുന്ന വിവരങ്ങളാണിതെന്നുമൊക്കെയായിരുന്നു ആരോപണം. എന്നാല്‍, തങ്ങള്‍ക്കു ലഭിക്കുന്ന വിവരങ്ങള്‍ ചോര്‍ന്നെന്നു പുറത്തറിഞ്ഞാല്‍ ആ കമ്പനി തന്നെ തകര്‍ന്നു പോകുമെന്ന അടിസ്ഥാന ബോധ്യം ആര്‍ക്കുമുണ്ടായില്ല.
പക്ഷേ വിവാദം കത്തിതോടെ സ്പ്രിംക്ലര്‍ സൈറ്റിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യേണ്ടെന്നും സര്‍ക്കാര്‍ സൈറ്റിലേക്ക് മാത്രം വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നും സര്‍ക്കാര്‍ നിര്‍ദേശം വന്നു. ലോകോത്തര ബ്രാന്റുകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട സകലമാന കാര്യങ്ങളും ചെയ്യുന്ന കമ്പനിയാണ് മാവേലിക്കരക്കാരനായ രാജി തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്പ്രിംക്ലര്‍. 2020 സെപ്റ്റംബര്‍ 24 വരെയോ കോവിഡ് വ്യാപനം അവസാനിക്കുന്നവരെയോ സേവനം സൗജന്യമായി നല്‍കാമെന്ന് സ്പ്രിംക്ലര്‍ സംസ്ഥാന സര്‍ക്കാരിന് വാഗ്ദാനം ചെയ്തു. മലയാളിയായതുകൊണ്ടും മാതാപിതാക്കള്‍ കേരളത്തിലായതുകൊണ്ടും സൗജന്യമായാണ് സോഫ്റ്റ്വെയര്‍ തന്നതെന്നാണ് ഐ.ടി വകുപ്പ് ചുമതലകൂടിയുള്ള മുഖ്യമന്ത്രി പറഞ്ഞത്. ഇതിനിടെ കമ്പനിയുമായുള്ള കരാറും അനുബന്ധരേഖകളും സര്‍ക്കാര്‍ പരസ്യപ്പെടുത്തി. വിവര സുരക്ഷ ഉറപ്പവരുത്തിയിട്ടുണ്ടെന്ന് കാണിച്ച് കമ്പനി നല്‍കിയ രണ്ട് കത്തുകളും പുറത്തുവിട്ടു. കോവിഡ് ഹോട്സ്പോട്ടുകള്‍ തിരിച്ചറിഞ്ഞ് വേണ്ട നടപടികള്‍ സ്വീകരിക്കാനാവശ്യമായ ഡാറ്റ മാത്രമാണ് ശേഖരിച്ചതെന്നും വ്യക്തിഗതവിവരങ്ങള്‍ ഇല്ലെന്നും കത്തില്‍ പറയുന്നു. വിവരങ്ങള്‍ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കില്ലെന്നും വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ സര്‍വറില്‍ നിന്ന് അവരുടെ വിവരങ്ങള്‍ നീക്കം ചെയ്യുമെന്നും കരാറില്‍ പറയുന്നുണ്ട്.






