
ബെംഗളൂരു: ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയിയുടെ ഇന്നു നടത്താൻ തീരുമാനിച്ച സംസ്‌കാരം നാളത്തേക്ക് മാറ്റി. ബന്ധുക്കൾ വിദേശത്ത് നിന്ന് എത്താൻ വൈകുന്നതിനാലാണ് സംസ്‌കാരം മാറ്റിയത്. റോയിയുടെ മൃതദേഹം സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തിലാണ് സംസ്‌കാരിക്കുക. പോസ്റ്റുമോർട്ടത്തിന് ശേഷം ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കും.
ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് സിജെ റോയിയുടെ സന്തത സഹചാരി അബിൽ ദേവ് പറഞ്ഞു. ഈ മാസം ആദ്യം മുതലാണ് ഐടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങിയത്. പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ് എന്നാണ് അറിഞ്ഞത്. വലിയ സമ്മർദ്ദമില്ലാതെ റോയി ആത്മഹത്യ ചെയ്യില്ലെന്നും അബിൽ ദേവ് പറഞ്ഞു.
അതേസമയം റോയിയുടെ മരണത്തിൽ ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. അന്വേഷണ ഏജൻസിയിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്ന് ഇന്ന് സിജെ ബാബു മാധ്യമങ്ങളോട് പറഞ്ഞു. ‘റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മർദം കുടുംബത്തിന് അറിയാമായിരുന്നു. മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ല. ഇന്ന് രാവിലെ കാണണമെന്ന് എന്നോട് റോയ് പറഞ്ഞിരുന്നു. മൂന്നുദിവസമായി ആദായനികുതി ഉദ്യോഗസ്ഥർ ഓഫീസിലുണ്ടായിരുന്നു’ എന്നാണ് സി ജെ ബാബു ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.
വെള്ളിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സിജെ റോയ് ജീവനൊടുക്കിയത്. ആദായ വകുപ്പിന്റെ പരിശോധനയ്ക്കിടെ അതേ കെട്ടിടത്തിൽ തന്നെയുള്ള ഓഫീസിലെത്തി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു.






